നഴ്‌സിംഗ് വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ കോളജുകളില്‍ ഈ വര്‍ഷം മാത്രം വര്‍ധിപ്പിച്ചത് 1020 സീറ്റുകളാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. സീതത്തോട് നഴ്‌സിംഗ് കോളജിന്റെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം സീതത്തോട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണമേന്മയേറിയ വിദ്യാഭ്യാസം മികച്ച സൗകര്യങ്ങളോടെ ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ (സീപാസ്) ചുമതലയിലാണ് സീതത്തോട്ടില്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നഴ്‌സിംഗ് എഡ്യൂക്കേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. നഴ്‌സിംഗ് വിദ്യാഭ്യാസമേഖലയില്‍ ലോകോത്തര നിലവാരമാണ് സീപാസ് പുലര്‍ത്തുന്നത്. കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകള്‍ക്ക് പ്രവര്‍ത്തന അംഗീകാരം നല്‍കുന്നത്. സീതത്തോട് നഴ്‌സിംഗ് കോളജില്‍ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിച്ച് ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളജിന് ഏറെ താമസിയാതെ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്വന്തം കെട്ടിടം യാഥാര്‍ത്ഥ്യമാകും. ഏറ്റവും ഗുണമേന്മയുള്ള വിദ്യാഭ്യാസം സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രാജ്യത്തുതന്നെ ഒന്നാമതാണ് നമ്മുടെ സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.
കോന്നി എംഎല്‍എ അഡ്വ. കെ. യു ജനീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ എ ഷിബു, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി, വൈസ് പ്രസിഡന്റ് പി.എസ് സുജ, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍ പ്രമോദ്, വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സാമുദായിക നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.