ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഇന്ന് രാവിലെ മഹാ കുംഭമേള ആരംഭിച്ചു. ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന സംഗമത്തിൽ 50 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു.ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം എന്ന് വിളിക്കപ്പെടുന്ന കുംഭമേളയിൽ 40 കോടിയിലധികം ആളുകൾ പ്രയാഗ്‌രാജിലേക്ക് എത്തുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.യുഎസിലെയും റഷ്യയിലെയും ജനസംഖ്യയേക്കാള്‍ അധികം വരുമിത്. മഹാ കുംഭ മേളയിലൂടെ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനം യുപിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മേളയിൽ എത്തുന്ന ഓരോ ഭക്തനും ശരാശരി 5000 രൂപ ചെലവഴിക്കുക വഴി രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടാകുമെന്ന് കരുതുന്നു.അതേസമയം, ഒരാളുടെ ശരാശരി ചെലവ് 10,000 രൂപ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അത് പ്രകാരമെങ്കില്‍ നാല് ലക്ഷം കോടി രൂപയുടെ വരുമാനം സൃഷ്ടിക്കപ്പെടുമെന്നും ചില വ്യവസായ സ്ഥാപനങ്ങളുടെ കണക്കുകള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്തു.2019ല്‍ പ്രയാഗ് രാജില്‍ നടന്ന അര്‍ധ കുംഭ മേളയില്‍ 1.2 ലക്ഷം കോടി രൂപയുടെ വരുമാനം ലഭിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. ഏകദേശം 24 കോടി ഭക്തരാണ് അര്‍ധ കുംഭമേളയ്ക്കായി ഇവിടെ എത്തിയിരുന്നത്. ഈ വര്‍ഷം നടക്കുന്ന കുംഭ മേളയില്‍ 40 കോടി ഭക്തരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും അതിലൂടെ രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടാകുമെന്നും അടുത്തിടെ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.