പതിനഞ്ചുകാരിയെ തുടർച്ചയായി പിന്തുടർന്ന് ശല്യപ്പെടുത്തുകയും, ബൈക്കിൽ കയറ്റിക്കൊണ്ടുപോയി നഗ്നഫോട്ടോകൾ മെബൈൽ ഫോൺ വഴി അയച്ച് വാങ്ങിയശേഷം ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത പ്രതിക്ക് 9 വർഷം കഠിനതടവും 75,000 രൂപ പിഴയും. തണ്ണിത്തോട് മണ്ണിറ വടക്കേക്കര ചരിവുകാലായിൽ വീട്ടിൽ സി എ അനീഷി(23)നെയാണ് പത്തനംതിട്ട അതിവേഗസ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. കൂടൽ പോലീസ് 2023 ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി. 2022 ഡിസംബർ 10 മുതൽ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, 2023 ഓഗസ്റ്റ് 4 ന് വൈകിട്ട് 4.45 ന് കലഞ്ഞൂർ അമ്പലത്തിന് കിഴക്ക് വശത്തുള്ള ആൽത്തറപടിയുടെ അരികിൽ വെച്ച് കുട്ടിയുടെ ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയും, 2023 ഫെബ്രുവരി 21 നും പിന്നീട് പലതവണയും ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയും, നിർബന്ധിച്ച് നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിലൂടെ അയച്ചുവാങ്ങുകയും ചെയ്തു. അന്നത്തെ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന പുഷ്പകുമാർ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. തട്ടിക്കൊണ്ടു പോകലിനും ഐടി നിയമപ്രകാരവും പോക്സോ നിയമമനുസരിച്ചുമായിരുന്നു കേസ്. തട്ടിക്കൊണ്ടുപോകലിനും, പോക്സോ നിയമത്തിലെ 8, 7 വകുപ്പുകൾക്കും, 12, 11 വകുപ്പുകൾക്കും 3 വർഷം വീതം കഠിന തടവാണ് കോടതി ശിക്ഷിച്ചത്. ഇവയ്ക്ക് ഓരോന്നിനും 25,000 രൂപ വീതം പിഴ വിധിക്കുകയും ചെയ്തു. ശിക്ഷ കാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും, പിഴ തുക കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ റോഷൻ തോമസ് ഹാജരായി. പ്രോസിക്യൂഷൻ നടപടികളിൽ എ എസ് ഐ ഹസീന പങ്കാളിയായിരുന്നു.