ചില സ്ഫടികം ചിന്തകൾ

മാധ്യമപ്രവർത്തകനും പ്രശസ്ത സിനിമാനിരൂപകനും എഴുത്തുകാരനുമായ എ ചന്ദ്രശേഖർ സ്പടികം ഓർമ്മകൾ പങ്കുവെയ്ക്കുന്നു.

സ്ഫടികം ഫോര്‍ കെ.യില്‍ റീ റിലീസ് ആവുകയാണല്ലോ. ഓര്‍മ്മകള്‍ 28 വര്‍ഷം പിന്നോട്ട് പോകുമ്പോഴാണ് അവിചാരിതമായി മനോരമയിലെ സഹപ്രവര്‍ത്തകനായിരുന്ന ശ്രീ എന്‍.ജയചന്ദ്രന്‍രാവിലെ ഇങ്ങനെയൊരു പത്രക്കട്ടിങ് ഷെയര്‍ ചെയ്യുന്നത്.

ചില പഴയ ഓര്‍മ്മകളിലേക്ക് അതെന്നെ കൊണ്ടുപോയി. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിന്റെ 40-ാം വര്‍ഷം കന്യക ദ്വൈവാരികയ്ക്കു വേണ്ടി 10 ലക്കങ്ങളിലായി നടത്തിയ അഭിമുഖം ഡോണ്‍ ബുക്‌സ് മോഹനരാഗങ്ങള്‍ എന്ന പേരില്‍ പുസ്തകമാക്കിയപ്പോള്‍ ആമുഖത്തില്‍ എഴുതിയതില്‍ നിന്ന് ചില ഭാഗങ്ങള്‍ ഇവിടെ എടുത്തെഴുതുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം മലയാള മനോരമ കോട്ടയം ഡസ്‌കില്‍ കഴിയവേ, ട്രെയിനികള്‍ക്ക് ബൈലൈന്‍ നിഷിദ്ധമായിരുന്ന കാലത്തും സിനിമാ റിപ്പോര്‍ട്ടിങിലെ താല്‍പര്യംകൊണ്ട് എ.സി.എസ്. എന്ന ഇനീഷ്യലിനു പിന്നില്‍ മറഞ്ഞിരുന്നു താരാഭിമുഖങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്ന കാലം. മനോരമയുടെ സിനിമാപ്പേജിന്റെ ചുമതലയുണ്ടായിരുന്ന തിരക്കഥാകൃത്തുകൂടിയായ പി.പി.മാത്യു സാര്‍ ഒരുദിവസം ഹോട്ട്‌ലൈനില്‍ വിളിച്ചു. എന്റെ സിനിമാഭ്രാന്ത് അദ്ദേഹത്തിനറിയാം. ”ചന്ദ്ര, മോഹന്‍ലാല്‍ കോട്ടയത്തെവിടെയോ ഉണ്ട്. ഭദ്രന്റെ പടത്തിലാണ്. നമുക്കൊരു ഇന്റര്‍വ്യൂ വേണമല്ലോ. ഞാന്‍ വിളിച്ചാല്‍ വഴുകിക്കളയും. ഞാന്‍ പറഞ്ഞിട്ടാണെന്നു വേണ്ട.. ഒന്നു ശ്രമിക്കാമോ?”

ശരിയെന്നു പറഞ്ഞ ഞാന്‍ ഉടന്‍ തന്നെ തപ്പിത്തുടങ്ങി. ചങ്ങനാശേരിയിലാണ് ഷൂട്ട്. ചിത്രം സ്ഫടികം. പിറ്റേന്ന് രാവിലെ തന്നെ ചങ്ങനാശേരിക്കു വച്ചു പിടിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്തെ ചായക്കടയിലന്വേഷിച്ചപ്പോള്‍ ചന്തയിലാണു ഷൂട്ടെന്നറിഞ്ഞു. ഓട്ടോ പിടിച്ച് ചന്തയിലേക്ക്. കുറച്ചുചെന്നപ്പോള്‍ പിന്നെ ഓട്ടോ പോവില്ല. സൂചിയിട്ടാല്‍ വീഴാത്തത്ര ആള്‍ക്കൂട്ടം. പത്രത്തിന്റെ ധൈര്യത്തില്‍ ആള്‍ക്കൂട്ടത്തിനിടെയിലൂടെ ഞാന്‍ ഉന്തിത്തിങ്ങി നീങ്ങി. അപ്പോഴുണ്ട് ഒരിടയിടത്തുകൂടെ മേക്കപ്പ്മാന്‍ പട്ടണം റഷീദ് ഇറങ്ങി വരുന്നു. നേരത്തെ കണ്ടു പരിചയമുണ്ട്.

”ലാലേട്ടനുണ്ടോ ഒന്നു കാണാന്‍ പറ്റുമോ?”

”ഉണ്ട് ഷൂട്ട് നടക്കുകയാ. പക്ഷേ ഞാന്‍ എങ്ങനെ ചെന്നു പറയും. അതു ശരിയല്ല. താങ്കള്‍ തന്നെ നേരിട്ടു കണ്ടു പറയുക.” എന്നു പറഞ്ഞു അദ്ദേഹം.

ചെറിയ സങ്കോചത്തോടെ കടയക്കുള്ളിലേക്കു കയറി. പരിചയമുള്ള രണ്ടുമുഖങ്ങള്‍ കണ്ടപ്പോള്‍ ആശ്വാസമായി. മണിയന്‍പിള്ള രാജുച്ചേട്ടനും ഇന്ദ്രന്‍സും. രണ്ടാളെയും വ്യക്തിപരമായി പരിചയമുണ്ട്. മണിയന്‍പിള്ളയോടു പറഞ്ഞപ്പോള്‍ ഇരിക്കാന്‍ പറഞ്ഞു. ലാലേട്ടന്‍ ഷോട്ടു കഴിഞ്ഞു വന്നതും. മണിയന്‍പിള്ള പരിചയപ്പെടുത്തി.ഞാന്‍ വന്ന കാര്യം പറഞ്ഞു.

”എന്താ ചോദിക്കേണ്ടത്? ചോദിച്ചോളൂ…”

ഒരു അപ്പോയിന്‍മെന്റ് ചോദിക്കാമെന്നു കരുതി ചെന്ന ഞാന്‍ അന്നു മൂന്നു മണിവരെ അവിടെയിരുന്ന് അദ്ദേഹവുമായി സംസാരിച്ച് കുറിപ്പുകളുമായാണ് മടങ്ങിയത്. തിരികെ അഞ്ചുമണി ഡ്യൂട്ടിക്കെത്തുംവിധം ഒരു ബസില്‍ കയറിയിരിക്കെ അഭിമുഖത്തിനെഴുതേണ്ട ഇന്‍ട്രോ പോലും തയാറായിക്കഴിഞ്ഞിരുന്നു മനസില്‍. ”ചങ്ങനാശേരി ചന്തയില്‍ ഒറ്റയ്ക്ക് അഞ്ചാറാളെ മുണ്ടുമടക്കിക്കുത്തി അടിച്ചുവീഴ്ത്തിയിട്ട് ആടുതോമ വന്നിരുന്നു മീശപിരിച്ചു. തെറ്റിദ്ധരിക്കേണ്ട ഇതു ലാലാണ്, പ്രേക്ഷകരുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍…” എന്നോ മറ്റോ ആയിരുന്നു ആ വരികള്‍. മാറ്ററെഴുതി അന്നു രാത്രി തന്നെ മാത്യു സാറിനയച്ച് ഒരു അഭിനന്ദനം പ്രതീക്ഷിച്ചിരുന്ന എനിക്ക് അതിനടുത്ത ദിവസം കൃത്യമായി പി.പി.മാത്യുസാറിന്റെ ഹോട്ട്‌ലൈന്‍ വീണ്ടും. ദേഷ്യത്തിലായിരുന്നു അദ്ദേഹം.

”നിങ്ങളുടെയൊക്കെ വിചാരമെന്താ? അഭിമുഖം എഴുതിയയച്ചാലുടന്‍ കാര്യം തീര്‍ന്നെന്നോ? ഇതിനൊപ്പം കൊടുക്കാന്‍ പടമൊന്നും വേണ്ടേ? അതിനു ഞാനെവിടെ പോകാനാ? പോയപ്പോള്‍ എന്താ ഫോട്ടോഗ്രാഫറെകൊണ്ടു പോകാത്തേ? ഇവിടെ ഫയലില്‍ ആറു മാസം പഴയ ഫിലിം സ്റ്റില്ലേ ഉള്ളൂ ലാലിന്റെ…”അങ്ങനെ നീണ്ട മാത്യുസാറിന്റെ വഴക്കില്‍ ഞാന്‍ ഒന്നു ചുവന്നു, ആശങ്ക കൊണ്ട്.

പിറ്റേന്ന് ഡാര്‍ക്ക് റൂം അസിസ്റ്റന്റായിരുന്ന പി.ആര്‍.ദേവദാസിനോടു കാര്യം പറഞ്ഞു. ”ദാസേ ലാലേട്ടന്റെ ഒരു പടം വേണം. പകല്‍ ഫ്രീയാണെങ്കില്‍ ഒന്നു വന്നെടുത്തുതരാമോ?”

ദാസ് എപ്പോഴെ റെഡി! അങ്ങനെ രണ്ടുമൂന്നു ദിവസം കഴിഞ്ഞ് കഞ്ഞിക്കുഴി -ദേവലോകം റോഡില്‍, മജിസ്‌ട്രേറ്റായ ശങ്കരാടിയുടെ വീട്ടില്‍ വന്ന് അദ്ദേഹത്തെ കാര്‍ തടഞ്ഞു ഭീഷണിപ്പെടുത്തുന്ന സീനിന്റെ ചിത്രീകരണ സ്ഥലത്തു ചെന്ന് ലാലേട്ടനെ കണ്ടു കാര്യം പറഞ്ഞു. അതേ കോസ്റ്റിയൂമില്‍ തന്നെ ദാസ് കുറേ ചിത്രങ്ങളുമെടുത്തു. തൊട്ടുത്ത വെള്ളിയാഴ്ച അഭിമുഖം സിനിമാപ്പേജില്‍ അടിച്ചു വന്നു, മെയിന്‍ സ്റ്റോറിയായി.

Leave a Reply

spot_img

Related articles

സിനിമാ മേഖലയിലെ പ്രതിസന്ധി; വീണ്ടും സർക്കാരിനെ സമീപിച്ച്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

സിനിമാ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ച്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടന കത്തു നല്‍കി. സർക്കാരുമായുള്ള യോഗം കഴിഞ്ഞ്...

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങി

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു.150 പേരുടെ സംഘം ജയ്സൽമറിലാണ് കുടുങ്ങിക്കിടക്കുന്നത്.ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്താണ് സംഘമുള്ളത്.‘ഹാഫ്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി പോയവരാണ്...

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ ആയിരുന്നു.വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. നടന്‍ കിഷോര്‍ സത്യയാണ്...

ബി ഉണ്ണികൃഷ്ണനെതിരെ ആഞ്ഞടിച്ച് സജി നന്ത്യാട്ട്

ബി ഉണ്ണികൃഷ്ണനെതിരെ ആഞ്ഞടിച്ച് സജി നന്ത്യാട്ട്. ബി ഉണ്ണികൃഷ്ണന് തന്നോട് വ്യക്തിവിരോധം. ഫെഫ്കയെ അപമാനിക്കുന്ന ഒരു പരാമർശവും താൻ നടത്തിയിട്ടില്ല. ബി ഉണ്ണികൃഷ്ണന് തന്നോട്...