കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകുമെന്ന് കായിക യുവജനകാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു.
അന്താരാഷ്ട്ര കായിക ലീഗുകളുടെ മാതൃകയിൽ കേരളത്തിലെ കലാലയങ്ങളിൽ സംഘടിപ്പിക്കുന്ന ഈ സംരംഭം, കോളേജ് കായികരംഗത്തിന് പുതിയൊരു മത്സരസംസ്കാരം സൃഷ്ടിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ കായികമുന്നേറ്റങ്ങൾക്ക് നവീനമായ ആവേശവും പുതിയൊരു ദിശയും നൽകുകയാണ് ലക്ഷ്യമിടുന്നത്.യുവതാരങ്ങളിലെ കായികപ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിനും അവർക്ക് മികച്ച പരിശീലനവും ഉയർന്ന നിലവാരത്തിലുള്ള മത്സരപരിചയവും ലഭ്യമാക്കുന്നതിനും ഖേലോ ഇന്ത്യ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കേരളത്തിലെ കോളേജ് ക്യാമ്പസുകളെ കൂടുതൽ സജീവമായ കായികവേദികളാക്കി മാറ്റുന്നതിനും മികച്ച താരങ്ങൾക്ക് ഭാവിയിൽ ദേശീയ-അന്തർദേശീയ തലങ്ങളിലേക്ക് ഉയരുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലീഗ് സഹായകരമാകും.സംസ്ഥാനത്തെ പ്രമുഖ സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയ 16 മികച്ച ടീമുകളാണ് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തിലും മൈലം ജിവി രാജ സ്പോര്‍ട്സ് സ്കൂളിലുമായി സംഘടിപ്പിക്കപ്പെടുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.ഇന്നു രാവിലെ 10 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ ലീഗിന്‍റെ ഉദ്ഘാടനം നിർവഹിക്കും. കായിക-യുവജനകാര്യ വകുപ്പ് മന്ത്രി . ഒ. ജെ. ജനീഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ ചടങ്ങിൽ കോളേജ് സ്പോർട്സ് ലീഗ് ജേഴ്സി പ്രകാശനം നടത്തും.

