സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം സൗജന്യമായി പണം പിൻവലിക്കാനുള്ള പരിധി നാല് തവണയായി നിജപ്പെടുത്തിയിട്ടുണ്ട്. 2026 ഒക്ടോബർ 1 മുതൽ ഈ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.
ഈ നാല് സൗജന്യ പിൻവലിക്കലുകൾക്ക് ശേഷം നടത്തുന്ന ഓരോ അധിക ഇടപാടിനും 15 രൂപയും അതിന് അനുബന്ധമായ ജി.എസ്.ടി (GST) ഫീസും ബാങ്ക് ഈടാക്കും. മുമ്പ് ആധാർ എനേബിൾഡ് പേയ്മെന്റ് സിസ്റ്റം (AePS) വഴിയുള്ള പിൻവലിക്കലുകളെ ഈ സൗജന്യ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ മാറ്റങ്ങൾ അനുസരിച്ച്, എടിഎമ്മുകൾ, ബാങ്ക് ശാഖകൾ വഴിയുള്ള നേരിട്ടുള്ള പിൻവലിക്കലുകൾ, ആധാർ അധിഷ്ഠിത പണം പിൻവലിക്കലുകൾ (AePS) എന്നിവയെല്ലാം ഈ നാല് തവണയെന്ന സൗജന്യ പരിധിയിൽ ഉൾപ്പെടും.ഉദാഹരണത്തിന്, ഒരു ഉപഭോക്താവ് എടിഎം അല്ലെങ്കിൽ ബാങ്ക് ശാഖ വഴി മൂന്ന് തവണയും, ആധാർ സംവിധാനം വഴി ഒരു തവണയും പണം പിൻവലിച്ചാൽ ആ മാസത്തെ സൗജന്യ പരിധി പൂർത്തിയായി. അതിനുശേഷം നടത്തുന്ന അഞ്ചാമത്തെ പണം പിൻവലിക്കലിനും ബാങ്ക് നിശ്ചയിച്ചിട്ടുള്ള അധിക നിരക്ക് നൽകേണ്ടി വരും.

