തിരുവനന്തപുരം പാളയത്ത് സിപിഐഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായിരുന്ന എ.കെ.ജി. സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി, കേരള സർവകലാശാല ആസ്ഥാനത്തെ ഭൂമി തന്നെയാണോ എന്ന് അളന്നു തിട്ടപ്പെടുത്താൻ റവന്യൂ വകുപ്പ് തീരുമാനിച്ചു. സർവകലാശാല ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്ന സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് ഹൈക്കോടതി അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.സിൻഡിക്കേറ്റ് തീരുമാനിച്ചതും കോടതി അംഗീകരിച്ചതും സർവകലാശാലയുടെ അധീനതയിലുള്ള ഭൂമി അളന്നു തിട്ടപ്പെടുത്താനാണെന്നും, അതിനാൽ എ.കെ.ജി. സെന്ററിന്റെ ഭൂമി അളക്കേണ്ടതില്ലെന്നുമാണ് സിപിഐഎമ്മിന്റെ വാദം. എ.കെ.ജി. സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി 2 സർവേ നമ്പറുകളിലായിട്ടാണ് ഉള്ളത്. ഇതിന് സമീപത്തായി സിപിഐഎം സ്വന്തമായി ഭൂമി വാങ്ങി പുതിയ എ.കെ.ജി. സെന്റർ നിർമ്മിച്ചു കഴിഞ്ഞിട്ടുണ്ട്.
പാർട്ടി ആസ്ഥാനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും പഴയ എ.കെ.ജി. സെന്ററും പാർട്ടിയുടെ അധീനതയിലാണ്. എന്നാൽ കേരള സർവകലാശാല ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ‘സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി’ ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ആർ.എസ്. ശശികുമാറാണ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയത്.
എ.കെ.ജി. സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്താൻ റവന്യൂ വകുപ്പിന്റെ തീരുമാനം

