സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു. 4,068 കിലോലിറ്റര്‍ മണ്ണെണ്ണയാണു നിലവില്‍ ത്രൈമാസ വിഹിതം. അതു 9,564 കിലോലിറ്ററായി വര്‍ധിപ്പിക്കണമെന്നാണു ആവശ്യം.സാമ്പത്തിക ദുര്‍ബലവിഭാഗങ്ങള്‍, കുടിയേറ്റ തൊഴിലാളികള്‍, മറ്റു പിന്നാക്കവിഭാഗങ്ങള്‍ എന്നിവര്‍ സബ്‌സിഡി മണ്ണെണ്ണ ആശ്രയിക്കുന്നതിനാല്‍, സംസ്ഥാന സര്‍ക്കാരിന് വിതരണഅളവ് 0.5 ലിറ്ററില്‍ നിന്ന് ഒരുലിറ്ററായി വര്‍ധിപ്പിക്കാതെ മറ്റു മാര്‍ഗമില്ല.
തീരദേശ, കുന്നിന്‍ പ്രദേശങ്ങള്‍, വിദൂര നാടുകള്‍ എന്നിവിടങ്ങളില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി മണ്ണെണ്ണയെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ എണ്ണം കേരളത്തില്‍ ഗണ്യമാണ്. എല്‍പിജി വിതരണനിയന്ത്രണം മൂലം മണ്ണെണ്ണയ്ക്കും മറ്റു പാചകഇന്ധനങ്ങള്‍ക്കും ആവശ്യം വര്‍ധിച്ചു. സംസ്ഥാനത്ത് 95.5 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുണ്ട്. 2026-27 ലെ ആദ്യപാദത്തില്‍ 5496 കെഎല്‍ അധികവിഹിതം അനുവദിക്കണമെന്ന് സിവില്‍ സപ്ലൈസ് കമ്മിഷണര്‍ ഇന്ത്യാ സര്‍ക്കാരിനോട് നേരത്തെ അഭ്യര്‍ഥിച്ചിരുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതോടെ കേരളം കടുത്ത മണ്ണെണ്ണ ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. മുമ്പു ലഭിച്ചിരുന്ന 56.76 ലക്ഷം ലിറ്ററില്‍ നിന്ന് ഇത്തവണ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലും വിഹിതം 40.68 ലക്ഷം ലിറ്ററായി തന്നെ കേന്ദ്രം പരിമിതപ്പെടുത്തി. ഇതിലൂടെ ആകെ 16.08 ലക്ഷം ലിറ്ററിന്റെ കുറവാണു സംസ്ഥാനത്തിനുണ്ടായത്.നിലവിലെ വിഹിതം അനുസരിച്ച് 5.94 ലക്ഷം വരുന്ന മഞ്ഞ കാര്‍ഡുകാര്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ 1 ലിറ്റര്‍ വീതവും, പിങ്ക്, നീല, വെള്ള കാര്‍ഡുകാര്‍ക്ക് അര ലിറ്റര്‍ വീതവുമാണു മണ്ണെണ്ണ നല്‍കുന്നത്. എന്നാല്‍ വിഹിതം പകുതിയോളം കുറഞ്ഞതോടെ എല്ലാ കാര്‍ഡുടമകള്‍ക്കും ഇതു ലഭ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ക്ക് എഞ്ചിന്‍ ശേഷി അനുസരിച്ച് വലിയ അളവില്‍ മണ്ണെണ്ണ ആവശ്യമാണ്. റേഷന്‍ വിഹിതത്തില്‍ നിന്നുകൂടി ഇവര്‍ക്കു മണ്ണെണ്ണ നല്‍കേണ്ടി വരുന്നതു പ്രതിസന്ധി രൂക്ഷമാക്കുന്നു. പലരും ഉയര്‍ന്ന വിലനില്‍കി പുറംവിപണിയില്‍ നിന്നാണ് ഇപ്പോള്‍ മണ്ണെണ്ണ വാങ്ങുന്നത്.വിഹിതം വെട്ടിക്കുറച്ചതിനൊപ്പം റേഷന്‍ മണ്ണെണ്ണയുടെ വിലയും കേന്ദ്രം വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ റേഷന്‍ കടകള്‍ വഴി ലിറ്ററിന് 71 രൂപ മുതല്‍ 76 രൂപ വരെ നിരക്കിലാണു മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

