തിരുവനന്തപുരത്ത് മരുന്ന് മാറി നല്‍കിയതിനെ തുടർന്ന് ഓട്ടിസം ബാധിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ എന്ന് റിപ്പോർട്ട്. ആണ്ടൂർകോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി. അപസ്മാരത്തിനുള്ള മരുന്നിന് പകരം മനോരോഗത്തിനുള്ള മരുന്നാണ് നല്‍കിയത്.ഇരുപത്തിയാറുകാരനായ യുവാവ് വർഷങ്ങളായി അപസ്മാരത്തിന് മരുന്ന് കഴിക്കുന്നതാണ്. ഓരോ മാസവും സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും അപസ്മാരത്തിനുള്ള മരുന്ന് വാങ്ങും. ഇത്തരത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച യുവാവിൻ്റെ അമ്മ ഡോക്ടറെ കാണുകയും ഡോക്ടർ കണ്ടിന്യൂ എന്ന് എഴുതി നല്‍കുകയും ചെയ്തു. തുടർന്ന് ഫാർമസിയില്‍ ചെന്നപ്പോള്‍ അപസ്മാരത്തിനുള്ള ‘ക്ലോബാസം’ എന്ന മരുന്നിന് പകരം ‘ക്ലോസാപ്പൈൻ’ എന്ന മരുന്ന് നല്‍കുകയായിരുന്നു. രണ്ട് മരുന്നുകളും പേരില്‍ മാത്രമല്ല, കാഴ്ചയിലും സാമ്യമുണ്ടായിരുന്നെന്ന് അമ്മ പറയുന്നു.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയും ഉച്ചയ്ക്കും ഈ മരുന്ന് കഴിച്ചു. തുടർന്ന് വൈകിട്ട് അമ്മ മുറിയിലെത്തിയപ്പോള്‍ അബോധാവസ്ഥയിലുള്ള മകനെയാണ് കണ്ടത്. ഉടനെ ആണ്ടൂർകോണം സിഎച്ച്‌സിയിലേക്ക് തന്നെ കൊണ്ടുപോയി. എന്നാൽ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടതോടെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. നിലവില്‍ മെഡിക്കല്‍ കോളജിലെ എംഐസിയുവില്‍ തീവ്ര പരിചരണത്തിലാണ്.ബന്ധുക്കള്‍ പോത്തൻകോട് പൊലീസിലും ഡിഎംഒയ്ക്കും് പരാതി നല്‍കിയിട്ടുണ്ട്.

