തണൽമരങ്ങൾ

“ഹോ! എന്തൊരു ചൂടാണ്! ആ മരങ്ങളുണ്ടായിരുന്നെങ്കിൽ…..”

അശോകൻ, മന്നൂർക്കോണം

വണ്ടി കാത്ത് പാതയോരത്ത് നിന്നിരുന്നവരിലൊരാൾ ചുട്ടു പൊള്ളുന്ന വെയിലേറ്റുകൊണ്ട് പറയുകയാണ്.
“ശരിയാണ്. എല്ലാ മരങ്ങളും വെട്ടി മുറിക്കുകയല്ലേ? ഇനിയിപ്പോൾ ഈ പൊന്മുടി റോഡ് രാജപാതയാക്കുകയല്ലേ?”
വെയിലിന്റെ ചൂടേൽക്കാതിരിക്കാൻ കൈകൊണ്ട് തലയ്ക്കുമുകളിൽ ഒരു പ്രതിരോധം തീർക്കാൻ ശ്രമിക്കുന്ന ഒരു മനുഷ്യൻറെ മറുപടി ഇങ്ങനെയായിരുന്നു.
“റോഡ് വീതി കൂടും. പക്ഷെ, തലയിൽ നെല്ലിട്ട് പൊരിച്ചെടുക്കാം.”
നെറ്റിയിലൂടെ ഊർന്നു വന്ന വിയർപ്പ് വടിച്ചു കളഞ്ഞുകൊണ്ട് മറ്റൊരാൾ പറഞ്ഞു.
പാതവക്കത്ത് നിന്നിരുന്ന വലിയ മരങ്ങളെല്ലാം മുറിച്ചു മാറ്റിയിരിക്കുന്നു. അൽപ്പം തണലിനു വേണ്ടി ആ മരച്ചുവടുകളിൽ അഭയം തേടിയിരുന്നവരെല്ലാം ഉരുകി ഒലിക്കുകയാണ്. പാതയോരത്തെ മരത്തണലുകളിൽ വണ്ടികാത്തു നിന്നിരുന്നവർ മാത്രമല്ല മരത്തണലുകളിൽ ഇരുചക്ര വാഹനങ്ങളൊതുക്കി വച്ച് പൊതു ഗതാഗത വാഹനങ്ങളിൽ കയറി ലക്ഷ്യ സ്ഥാനങ്ങളിലെത്തിയിരുന്നവർ വരെ, വെട്ടി വീഴ്ത്തപ്പെട്ട മരങ്ങളെയോർത്ത് വ്യാകുലപ്പെടുകയാണ്.
എന്നും കൂടുകൂട്ടുകയും ചേക്കേറുകയുമൊക്കെ ചെയ്തിരുന്ന എത്രയോ പറവകളുടെ കാര്യം പറയാനുമില്ല.
തണൽ മരങ്ങളുള്ള വഴിയിലൂടെ സൈക്കിൾ ചവിട്ടിയിരുന്നവരുണ്ട്.അവർക്ക് മരങ്ങളുമായി തണൽ പങ്കുവച്ചിരുന്നതിന്റെ കഥകൾ പറയാനുണ്ടാവും
സൈക്കിൾ യാത്ര ഏതാണ്ടെല്ലാവർക്കും ഹരമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കാൽ സൈക്കിളും അര സൈക്കിളും മുക്കാൽ സൈക്കിളും മുഴു സൈക്കിളും ഒക്കെ വാടകയ്ക്ക് കിട്ടുമായിരുന്ന ഒരു കാലം.വാടകയ്‌ക്കെടുത്ത കാൽ സൈക്കിളിൽ സൈക്കിൾ ചവിട്ടാൻ പഠിച്ചതും ഏതെങ്കിലും മരച്ചു വടുകളിൽ സൈക്കിളൊതുക്കി തളർച്ച മാറ്റിയിരുന്നതുമായ ഒരു കാലം. വാടകസൈക്കിളിലോ സ്വന്തം സൈക്കിളിലോ ഒക്കെ ആളുകൾ ധാരാളമായി സഞ്ചരിക്കുമായിരുന്ന ആ കാലത്തിന്റെ ഓർമ്മകൾ പലരും അയവിറക്കുന്നുണ്ടാവാം.
പിന്നീട് സൈക്കിളുകൾ എത്ര പെട്ടന്നാണ്‌ നമ്മുടെ പൊതു നിരത്തുകളിൽ നിന്നും മാറിപ്പോയത്!
ഭാഗ്യമെന്നു പറയട്ടെ, കോവിഡ് കാലം സൈക്കിളുകൾ പിന്നെയും തിരികെ കൊണ്ടു വന്നിരി രിക്കുന്നു. പലതരം സൈക്കിളുകൾ- റോഡു സൈക്കിളുകൾ, ഹൈബ്രിഡ് സൈക്കിളുകൾ, എം ടി എം, അങ്ങനെ അങ്ങനെ പലതരം ഗിയർ സൈക്കിളുകൾ… കുട്ടികളും യുവാക്കളും യുവാക്കളല്ലാത്തവരുമെല്ലാം സൈക്കിളുകൾ ഹൃദയത്തോട് ചേർത്ത് വച്ച് സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു. അകലങ്ങളിലെ തിരയും തീരവും കാടും കാട്ടാറുകളും തേടി അവർ സൈക്കിൾ യാത്ര തുടരുകയാണ്.
പക്ഷെ, അപ്പോഴേക്കും പാതയോരത്തെ തണൽമരങ്ങളെല്ലാം വിടപറഞ്ഞു കഴിഞ്ഞു.
മൗര്യ രാജാവായ അശോക ചക്രവർത്തിയുടെ കാലത്താണ് പാതയോരങ്ങളിൽ തണൽമരങ്ങൾ വച്ചു പിടിപ്പിക്കാൻ തുടങ്ങിയത് എന്ന ചരിത്ര വായനയുണ്ട്. .മരങ്ങൾ വച്ചു പിടിപ്പിക്കലും പാതയോരങ്ങളെ ഹരിത സമൃദ്ധമാക്കുന്നതും അദേഹത്തിന്റെ നയമായിരുന്നു.നാട്ടിൻപുറങ്ങളും നഗരങ്ങളുമെല്ലാം അങ്ങനെ പച്ചപുതച്ചു നിൽക്കുകയും ചെയ്തു.
അശോക ചക്രവർത്തിയെന്നല്ല അക്കാലത്തെ എല്ലാ ചക്രവർത്തിമാരും രാജാക്കന്മാരും പാതയോരത്ത് തണൽമരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു. തണൽമരങ്ങൾ നട്ടുപിടിപ്പിക്കലും മരങ്ങൾ നടുന്നതുമെല്ലാം അക്കാലത്തെ എല്ലാ ഭരണാധികാരികളുടെയും ഭരണപരിഷ്കാരങ്ങളിൽ പ്പെടുന്നതുമായിരുന്നു
ഒരുകാലത്തു പഠനത്തിൽ മിടുക്കന്മാരല്ലാത്ത വിദ്യാർത്ഥികളും പരീക്ഷയ്ക്ക് ചരിത്രമാണ് വിഷയമെങ്കിൽ ഏതെങ്കിലും രാജാവിന്റെ ഭരണപരിഷ്കാരം ചോദിച്ചാൽ ഉറപ്പോടെയെഴുതുന്നതും പാതയോരത്തെ മരങ്ങൾ നട്ടുപിടിപ്പിക്കലായിരുന്നു.
അക്കാലത്ത് വഴിമരങ്ങൾ അത്രയേറെ ആവശ്യവുമായിരുന്നു. എന്തെന്നാൽ കാൽ നടക്കാരായിരുന്നു അക്കാലത്ത് കൂടുതലും. തലച്ചുമടായി സാധനങ്ങൾ കൊണ്ടുപോയിരുന്ന കാലം. അപൂർവ്വമായി കാളവണ്ടികളെയും ഉന്തുവണ്ടികളെയുമൊക്കെ ആശ്രയിക്കുകയും ചെയ്തിരുന്നു. പൊരി വെയിലിൽ നടന്നു ക്ഷീണിക്കുന്ന കാൽനട യാത്രക്കാർക്ക് മരങ്ങൾ തണലും ആശ്വാസവുമൊക്കെയായിരുന്നു.
ഇന്ന് കാൽ നടയാത്രക്കാർ വിരളമായി. ശാസ്ത്രത്തിന്റെ വളർച്ചകൊണ്ട് സഞ്ചരിക്കാൻ ധാരാളം വാഹനങ്ങളും മറ്റു സൗകര്യങ്ങളുമൊക്കെയുണ്ടായി. എന്നിട്ടും പാതയോരത്തെ തണൽമരങ്ങളുടെ പ്രസക്തിയും ഭംഗിയും ഇല്ലാതെയാകുന്നില്ല.
നമ്മുടെ വികസന പ്രവർത്തനങ്ങളിൽ അധികവും മരങ്ങൾ ഒഴിവാക്കികൊണ്ടുള്ളതാണ്. മരങ്ങൾ നില നിർത്തിക്കൊണ്ടു വികസന പ്രവർത്തനങ്ങൾ നടത്തുന്ന നാടുകൾ നമ്മുടെ മാതൃകയാകുന്നതുമില്ല. ബാംഗ്ലൂർ പോലെയുള്ള ഇന്ത്യൻ നഗരങ്ങളിൽ പോലും പാതയോരത്തെ തണൽ മരങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഒഴിവാക്കേണ്ടി വരുന്ന മരങ്ങൾ പോലും അവർ മറ്റൊരിടത്തു വച്ചു പിടിപ്പിക്കുന്നു.
അറേബ്യൻ മരുഭൂമികളിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങളാണ് ഖാഫ് മരങ്ങൾ.രാജ്യത്തിന്റെ തനിമയും പൈതൃകവുമായാണ് അവർ അതിനെ കാണുന്നത്.ഗോത്രങ്ങൾ അതിന് റെ ചുവട്ടിൽ, കൂടി ചേരുന്നതിനാൽ ജനാധിപത്യ മരം എന്നു കൂടി അതിന് വിളിപ്പേരുണ്ട്.
ഒരു വലിയ മരത്തിന് അങ്ങനെ ആയിത്തീരാൻ ചിലപ്പോൾ ഒരു മനുഷ്യായുസോ അതിലധികമോ വേണ്ടി വന്നേക്കാം. എന്നാൽ അത് മുറിച്ചു മാറ്റാൻ നിമിഷങ്ങൾ മാത്രം മതി. മരുഭൂമികൾ മരങ്ങൾ കൊണ്ട് തണലണിയുമ്പോൾ നമ്മൾ മരങ്ങൾ മുറിച്ച് മരുഭൂമികൾ ശൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. തണൽ മരങ്ങളില്ലാത്ത പാതവികസനം ഒരിക്കലും ശാശ്വതമോ ശാസ്ത്രീയമോ അല്ല.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...