-സുകന്യാ ശേഖർ
എന്താണ് സൂര്യാഘാതം?
സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം.
സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് കിരണങ്ങളാണ് ഇതിനു കാരണം. സൂര്യന്‍റെ അതിഭയങ്കരമായ ചൂട് മൂലം തൊലിപ്പുറത്ത് പൊള്ളലേല്‍ക്കുന്നു, നിര്‍ജ്ജലീകരണമുണ്ടാകുന്നു.
ചര്‍മ്മത്തില്‍ അര്‍ബുദമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.
സൂര്യാഘാതമേല്‍ക്കുമ്പോള്‍ തൊലി ചുവക്കുന്നു, ചൂടാകുന്നു, വേദനയും ഉണ്ടാകുന്നു.
പൊള്ളലേറ്റ് കുറച്ചു ദിവസം കഴിയുമ്പോള്‍ ആ ഭാഗത്തെ തൊലി ഉരിഞ്ഞുപോകും.
സൂര്യാഘാതമേറ്റാല്‍ വൈദ്യസഹായം തേടണം.
കഠിനമായ വെയിലത്ത് അധികനേരം ജോലി ചെയ്യുന്നവര്‍ക്കാണ് സൂര്യാഘാതമേല്‍ക്കാറുള്ളത്.
താങ്ങാന്‍ പറ്റാത്ത അമിതമായ ചൂടിനെത്തുടര്‍ന്നുണ്ടാകുന്ന ഗുരുതരപ്രശ്നമാണിത്.
കുട്ടികളിലും മുതിര്‍ന്നവരിലും ഇത് സംഭവിക്കാം. കഠിനമായ വെയിലേറ്റാല്‍ ശരീരത്തിലെ ചൂട് കൂടും.
തലച്ചോറ്, കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം എന്നിവയെപ്പോലും ഈ ചൂട് സാരമായി ബാധിക്കും.
അബോധാവസ്ഥയും ഉണ്ടാകാം. ശരീരത്തില്‍ പൊള്ളലുമേല്‍ക്കാം. പൊള്ളലേറ്റ ഭാഗത്തിന് ചുവപ്പ് നിറമായിരിക്കും.
വേദനയും അനുഭവപ്പെടാം.
ചിലപ്പോള്‍ തൊലി വിണ്ടുകീറുകയും ചെയ്യും.
സൂര്യാഘാതത്തിന്‍റെ കാരണം
പൊള്ളലുണ്ടാകുന്നതിന് കാരണം സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളാണ്.
UVA, UVB എന്നീ രണ്ടുതരം രശ്മികളുണ്ട്.
UVA രശ്മികള്‍ തൊലിപ്പുറത്ത് ആഴ്ന്നിറങ്ങി ചര്‍മ്മത്തിന്‍റെ മധ്യപാളിയെ മുറിവേല്‍പ്പിക്കുന്നു.
അങ്ങനെ ചര്‍മ്മത്തില്‍ ചുളിവുണ്ടായി പ്രായം തോന്നിക്കുന്നു.
എന്നാല്‍ UVB രശ്മികളെ ചര്‍മ്മത്തിന്‍റെ മുകള്‍പാളി ആഗിരണം ചെയ്യുന്നു.
ഇതുമൂലമാണ് പൊള്ളലുണ്ടാകുന്നത്.
വെയില്‍ തട്ടിയാല്‍ തൊലി കറുക്കുമെന്ന് അറിയാമല്ലോ.
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ രക്ഷിക്കാന്‍ കൂടുതല്‍ മെലാനിന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതുകൊണ്ടാണിത്.
ഒരു പരിധി വരെ പൊള്ളലേല്‍ക്കാതെ മെലാനിന്‍ രക്ഷിക്കുമെങ്കിലും അള്‍ട്രാവയലറ്റിന്‍റെ കൂടിയ തീവ്രത തൊലിക്ക് അപകടകരമാണ്.
പ്രകാശരശ്മികളെ ഒരു പ്രിസത്തില്‍ കൂടി കടത്തിവിട്ടാല്‍ ഉണ്ടാകുന്ന ഏഴ് വര്‍ണ്ണങ്ങളാണ് വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്. ഇവയില്‍ കൂടുതല്‍ ആവൃത്തി വയലറ്റിനും കുറഞ്ഞ ആവൃത്തി ചുവപ്പിനുമാണ്.
അതായത് കുറഞ്ഞ തരംഗദൈര്‍ഘ്യം വയലറ്റിനും കൂടിയ തരംഗദൈര്‍ഘ്യം ചുവപ്പിനുമാണ്.
വയലറ്റിനേക്കാളും കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള പ്രകാശരശ്മികളാണ് അള്‍ട്രാവയലറ്റ് രശ്മികള്‍.
‘അള്‍ട്രാ’ എന്ന ലാറ്റിന്‍പദത്തിന്‍റെ അര്‍ത്ഥം ‘അതിനേക്കാളും’ എന്നാണ്.
അതായത് വയലറ്റിനേക്കാളും കുറഞ്ഞ തരംഗദൈര്‍ഘ്യമായതുകൊണ്ടാണ് അതായത് വയലറ്റിനുമപ്പുറത്തുള്ള രശ്മികളായതുകൊണ്ടാണ് അള്‍ട്രാവയലറ്റ് രശ്മികള്‍ എന്ന പേരു കിട്ടിയതുതന്നെ.
ഇവയെ മനുഷ്യനേത്രങ്ങളാല്‍ കാണാന്‍ സാധിക്കുകയില്ല.
തരംഗദൈര്‍ഘ്യം കുറയുമ്പോള്‍ അല്ലെങ്കില്‍ ആവൃത്തി കൂടുമ്പോള്‍ തരംഗങ്ങളുടെ ഊര്‍ജ്ജവും വര്‍ദ്ധിക്കുന്നു.
അമിതമായ അളവില്‍ അള്‍ട്രാരശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുമ്പോള്‍ ത്വക്കിന് വീക്കം ഉണ്ടാകുന്നു.
ത്വക്കിലെ മെലാനിന്‍ എന്ന പദാര്‍ത്ഥത്തിന് ഉണ്ടാകുന്ന മാറ്റം മൂലം ശരീരം ഇരുണ്ടതാവുകയും ചെയ്യുന്നു.
അടുത്ത കാലത്തായി സൂര്യന്‍റെ ചൂട് അസഹനീയമാംവിധം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനു പ്രധാന കാരണം ഓസോണ്‍പാളിയിലുണ്ടായ വിള്ളലാണ്.
സൂര്യന്‍റെ അള്‍ട്രാവയലറ്റ് രശ്മികളുടെ അപകടകരമായ ആഘാതത്തെ കുറയ്ക്കുന്നത് ഓസോണ്‍പാളിയാണ്.
അപകടകരങ്ങളായ കിരണങ്ങളെ ഭൂമിയില്‍ പതിക്കാതെ ആഗിരണം ചെയ്യുന്നത് ഓസോണ്‍പാളിയാണ്.
എയര്‍കണ്ടീഷനറുകള്‍, റഫ്രിജറേറ്റര്‍, ഫ്രീസര്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന ക്ലോറോഫ്ളൂറോകാര്‍ബണുകള്‍, ഹൈഡ്രോക്ലോറോഫ്ളൂറോകാര്‍ബണുകള്‍ (പ്രധാനമായും ക്ലോറിന്‍, ബ്രോമിന്‍ തുടങ്ങിയ വാതകങ്ങള്‍) എന്നിവയാണ് പ്രധാനമായും ഓസോണ്‍പാളിയില്‍ ദ്വാരമുണ്ടാക്കുന്നത്.
ഈ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ വളരെക്കാലം തങ്ങിനില്‍ക്കാറുണ്ട്. ഇത്തരത്തില്‍ ഓസോണ്‍പാളിക്ക് കൂടതല്‍ ക്ഷതമേല്‍പ്പിക്കാന്‍ ഈ വാതകങ്ങള്‍ക്ക് സാധിക്കും.
പ്രളയത്തില്‍ മേല്‍മണ്ണ് ഒഴുകിപ്പോയത് കേരളത്തില്‍ ചൂടു കൂടാനുള്ള കാരണമായി കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു.
എസി യില്‍ നിന്നും വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന വാതകങ്ങളുടെ ആധിക്യവും അന്തരീക്ഷതാപനില ഉയരാന്‍ കാരണമായി.
പ്രളയത്തില്‍ ധാരാളം വൃക്ഷങ്ങളും ചെടികളും കേരളത്തിന് നഷ്ടമായതും ചൂട് വര്‍ദ്ധിപ്പിച്ചു.
അശാസ്ത്രീയമായ കെട്ടിടനിര്‍മ്മാണപ്രവര്‍ത്തനങ്ങളും പച്ചപ്പും ചെറുവനങ്ങളും കുറഞ്ഞതും അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ കൂടിയതും ചൂട് കൂടാനുള്ള മറ്റ് കാരണങ്ങളാണ്.
വേനല്‍ക്കാലസംരക്ഷണം
വേനല്‍ക്കാലത്ത് കഴിയുന്നതും 11 മണിക്കും 3 മണിക്കും ഇടയില്‍ വെയിലത്ത് ഇറങ്ങാതിരിക്കുന്നതാണ് നല്ലത്.
കുട്ടികള്‍ ഈ സമയത്ത് തുറസ്സായ മൈതാനങ്ങളില്‍ കളിക്കാനിറങ്ങരുത്. ഭൂമധ്യരേഖയോട് അടുത്തുകിടക്കുന്ന രാജ്യങ്ങള്‍ക്കെല്ലാം (ഇന്ത്യ ഉള്‍പ്പെടെ) ഇത് ബാധകമാണ്.
വെള്ളത്തിലായിരുന്നാലും, അതായത് വെയിലത്ത് നീന്തലിലേര്‍പ്പെടുകയാണെങ്കിലും സൂര്യഘാതം ഏല്‍ക്കാന്‍ സാധ്യതയുണ്ട്.
ആകാശം മേഘാവൃതമായുകൊണ്ടുപോലും അള്‍ട്രാവയലറ്റ് രശ്മികളുടെ ആഘാതത്തിന് കുറവുണ്ടാവുകയില്ല.
വെള്ളം ധാരാളം കുടിക്കുക
ചൂടുകാലത്ത് വിയര്‍പ്പ് മൂലം ശരീരം സാധാരണയിലും വേഗം നിര്‍ജ്ജലീകരിക്കപ്പെടാനുള്ള സാധ്യതയുള്ളതുകൊണ്ട് ദിവസവും കുറഞ്ഞത് 8-9 ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം.
നിര്‍ജ്ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍ സംഭവിക്കുന്നത് ശരീരതാപം 40 ഡിഗ്രി സെല്‍ഷ്യസ് ആകുമ്പോഴാണ്.
ശരീരത്തിന്‍റെ സാധാരണ താപനില 37 ഡിഗ്രി സെല്‍ഷ്യസ് ആണ്.
ശരീരത്തിന്‍റെ ചൂടു കൂടിയാല്‍ അമിതമായി വിയര്‍ക്കും, തലവേദനയുണ്ടാകാം, തലകറങ്ങി വീഴുകയും ചെയ്യാം.
കഫൈനോ ആള്‍ക്കഹോളോ കലര്‍ന്ന പാനീയം ഒഴിവാക്കുന്നതാണ് നല്ലത്.
കാരണം ഇത്തരം പാനീയങ്ങള്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കും.
പുറത്തുപോകുമ്പോള്‍ കൈയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് എപ്പോഴും നന്നായിരിക്കും.
വളരെ തണുത്ത പാനീയങ്ങള്‍ ഒഴിവാക്കുക.
ഫ്രഷ് ജൂസ്, സംഭാരം, ഇളനീര്‍ എന്നിവയും പതിവാക്കുക.
വെയിലത്തുള്ള സഞ്ചാരവും ജോലിയും
രാവിലെ 10.30 നു മുമ്പും വൈകിട്ട് 5.30 നു ശേഷവും പുറത്തിറങ്ങുന്നതാണ് അഭികാമ്യം.
അത്യാവശ്യം പുറത്തുപോകേണ്ടിവരുമ്പോള്‍ കുട ചൂടുക. സണ്‍സ്ക്രീന്‍ലോഷനുകള്‍ പുരട്ടുക.
വസ്ത്രധാരണം
വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍ ധരിക്കരുത്.
ഇളംനിറമുള്ള അയഞ്ഞ വസ്ത്രങ്ങളാണ് നല്ലത്.
വെയിലത്തിറങ്ങുമ്പോള്‍ ശരീരഭാഗങ്ങളെല്ലാം മൂടത്തക്കവണ്ണമുള്ള കോട്ടണ്‍വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് അഭികാമ്യം.
നനഞ്ഞ വസ്ത്രങ്ങളിലൂടെ സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത ഉണങ്ങിയ വസ്ത്രങ്ങളേക്കാളും കൂടുതലായതുകൊണ്ട് നനഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ട് വെയിലത്തിറങ്ങരുത്.
പ്രഭാതഭക്ഷണം
വേനല്‍ക്കാലം വിയര്‍പ്പിന്‍റെയും വെയിലേറ്റു വാടുന്ന ക്ഷീണത്തിന്‍റെയും കാലമാണ്.
പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലനായിരിക്കാന്‍ ഇത് സഹായിക്കും.
വ്യായാമം
ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. ഇതുവഴി ശരീരത്തിലെ രക്തചംക്രമണം ക്രമീകരിക്കപ്പെടും.
ആഹാരം
പ്രോട്ടീന്‍, ആന്‍റിഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ ബി, സി, എന്നിവ അടങ്ങിയ ആഹാരം ശീലമാക്കുക.
എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ആഹാരം കുറയ്ക്കുന്നതും നന്ന്.
പച്ചക്കറിസാലഡുകള്‍ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
വേവിക്കാത്ത കുക്കുമ്പര്‍, റാഡിഷ്, കാരറ്റ്, തക്കാളി, കാപ്സിക്കം, ഇലക്കറികള്‍, പഴം തുടങ്ങിയവ കഴിക്കുന്നത് ശരീരത്തെ തണുപ്പിക്കാന്‍ സഹായിക്കുന്നു.
വേനലില്‍ കഴിക്കാന്‍ അനുയോജ്യമായ ചില ഫലങ്ങളെക്കുറിച്ച് പറയാം.
തക്കാളി : ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിന്‍ സി യും നിറഞ്ഞ സമ്പുഷ്ടഫലമാണിത്.
തണ്ണിമത്തന്‍ : നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ തണ്ണിമത്തന്‍ കഴിക്കുന്നത് വളരെ നല്ലതാണ്.
സൂര്യാതപത്തില്‍ നിന്ന് ചര്‍മ്മകോശങ്ങളെ സംരക്ഷിക്കാന്‍ തണ്ണിമത്തനിലടങ്ങിയ ലൈകോപിന്‍ രാസവസ്തുവിന് സാധിക്കും.
ഓറഞ്ച് : വേനലില്‍ ശരീരത്തിന് അത്യാവശ്യമായ പൊട്ടാസ്യം ധാരാളമുള്ള ഫലം. ഓറഞ്ചിന്‍റെ 80 ശതമാനവും വെള്ളമാണ്.
വിയര്‍പ്പുകുരു
ചൊറിച്ചിലും വല്ലാത്ത അസ്വസ്ഥതയുമുളവാക്കുന്ന തൊലിപ്പുറത്തെ ചൂടുകുരുക്കളാണ് വിയര്‍പ്പുകുരു.
ഇതൊരു ഗുരുതരമായ ചര്‍മ്മരോഗമല്ലെങ്കിലും ശ്രദ്ധയോടെ പരിചരിക്കേണ്ടതുണ്ട്.
കഴുത്തിലും നെഞ്ചിലും ശരീരത്തിലെ മടക്കുകളിലുമാണ് ഇവ കാണപ്പെടുന്നത്.
ഇതെങ്ങനെയാണുണ്ടാകുന്നത്?
ചൂട് സഹിക്കാന്‍ പറ്റാതെ ശരീരം അമിതമായി വിയര്‍ക്കുമ്പോള്‍ ഈ വിയര്‍പ്പ് തൊലിപ്പുറത്തെ സുഷിരങ്ങളെ അടയ്ക്കുന്നു.
വിയര്‍പ്പ് അപ്പപ്പോള്‍ നന്നായി തുടച്ചെടുത്താല്‍ വലിയ പ്രശ്നമുണ്ടാവുകയില്ല.
അല്ലെങ്കില്‍ സുഷിരങ്ങള്‍ അടഞ്ഞ് ചുവന്ന വിയര്‍പ്പുകുരുക്കള്‍ പൊങ്ങുന്നു.
വിയര്‍പ്പിലടങ്ങിയിരിക്കുന്ന ഉപ്പാണ് ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകം.
വസ്ത്രം കൊണ്ട് മൂടിയിരിക്കുന്ന ശരീരഭാഗത്താണ് കൂടുതലായി വിയര്‍പ്പുകുരുക്കളുണ്ടാവുക.
മുതിര്‍ന്നവരിലും ഇതുണ്ടാകുമെങ്കിലും കുട്ടികളിലാണ് കൂടുതലായി കാണപ്പെടുന്നത്.
സൂചി കുത്തുന്നതു പോലെയുള്ള തോന്നലും വേദനയുമുണ്ടാകാറുണ്ട്.
പക്ഷിമൃഗാദികള്‍ക്കും വെള്ളം
കൊടുംചൂട് മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും ബാധിക്കും.
വീടുകളുടെ ടെറസുകളിലും മതിലുകളിലും പക്ഷികള്‍ക്കായി തുറന്ന പാത്രങ്ങളില്‍ വെള്ളം കരുതിവെയ്ക്കുന്നത് നല്ലതാണ്.
ഇത് അവയുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കും.
കന്നുകാലികളെ തണലത്ത് കെട്ടിയിടാനും അവയ്ക്ക് വേണ്ട വെള്ളവും ആഹാരവും നല്‍കാനും ശ്രദ്ധിക്കണം.