വൈരൂപ്യത്തിലെ സൗന്ദര്യം

-സുകന്യാശേഖർ

ഇത് വെറും കെട്ടുകഥയല്ല. സംഭവകഥയാണ്. മനക്കരുത്തോടെ ജീവിതവിജയം നേടിയ പെണ്‍കുട്ടിയുടെ കഥയാണ്.
2006-ല്‍ യു ട്യൂബില്‍ ആരോ ഒരു വീഡിയോ പോസ്റ്റ് ഇട്ടു. ‘ലോകത്തിലെ ഏറ്റവും വിരൂപയായ പെണ്‍കുട്ടി’ എന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്. ദൈര്‍ഘ്യം വെറും എട്ടു സെക്കന്‍റ്. എങ്കിലും 40 ലക്ഷത്തോളം പേര്‍ ആ വീഡിയോ കണ്ടു. ഒരു ദിവസം വിദ്യാര്‍ത്ഥിനിയായ എലിസബത്ത് ആന്‍ ലിസി വെലസ്ക്വസ് സ്കൂള്‍ വിട്ടുവന്ന് കമ്പ്യൂട്ടറിനു മുമ്പില്‍ ഇരുന്നപ്പോള്‍ യാദൃശ്ചികമായി ഈ വീഡിയോ കണ്ടു. അവള്‍ അമ്പരന്നു, ‘ഇത് താനാണല്ലോ?’ ആയിരക്കണക്കിന് കമന്‍റുകളും വീഡിയോയ്ക്ക് താഴെ കുറിക്കപ്പെട്ടിരുന്നു. ലിസി അതിലൂടെ കണ്ണോടിച്ചു. ഇങ്ങനെയൊക്കെയായിരുന്നു കമന്‍റുകള്‍ : ‘ഇതിന്‍റെ അപ്പനും അമ്മയും എന്തിനിതിനെ വളര്‍ത്തുന്നു’, ‘ഇതിനെ ചുട്ടുകൊല്ലാന്‍ ആരുമില്ലേ?’, ‘മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോന്ന് ഇങ്ങനെ നടന്നോളും’ , ‘ദയവു ചെയ്ത് ഒന്ന് ആത്മഹത്യ ചെയ്തുകൂടേ?’, ‘ഇത്രേം വൃത്തികെട്ട മുഖം ലോകത്തുണ്ടായിട്ടില്ല’……
ഇത്തരം അപമാനങ്ങള്‍ ലിസിക്ക് ആദ്യമായിട്ടായിരുന്നില്ല. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ എല്ലാവരും തന്നെ തുറിച്ചുനോക്കുന്നത് അവള്‍ കണ്ടിരുന്നു. അതെന്തിനാണെന്ന് അന്നൊന്നും അവള്‍ക്ക് മനസ്സിലായിരുന്നില്ല. വളരെ അപൂര്‍വ്വമായ അസുഖത്തിനുടമയായിരുന്നു ലിസി. ഈ രോഗം ഭൂമിയില്‍ ആകെ മൂന്നു പേര്‍ക്ക് മാത്രമുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്. ശരീരത്തില്‍ കൊഴുപ്പ് തങ്ങിനില്‍ക്കില്ല എന്നതാണ് രോഗലക്ഷണം. 29 കിലോയില്‍ കൂടിയിട്ടേയില്ല ലിസിയുടെ ശരീരഭാരം. വലതു കണ്ണിന് കാഴ്ചയില്ലാതെ ജനിച്ച ലിസിയുടെ ഇടത്തേ കണ്ണിനും കാഴ്ച കുറവാണ്.
വളരുന്തോറും ലിസി സ്വയം മനസ്സിലാക്കുകയായിരുന്നു തന്‍റെ രൂപത്തെക്കുറിച്ച്. മെലിഞ്ഞ് എല്ലുന്തി മൂക്ക് നീണ്ട് പല്ലുകള്‍ പുറത്തേക്ക് തള്ളി ആകെ കോലം കെട്ട രൂപമാണ് തന്‍റേതെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു. ജനിക്കുന്നതിനു മുമ്പേ താന്‍ മരിക്കാത്തതില്‍ അവള്‍ ദുഃഖിച്ചു. കൂട്ടുകാരികളുടെ പരിഹാസം അവളെ കൂടുതല്‍ തളര്‍ത്തി. ആത്മഹത്യയെക്കുറിച്ചുപോലും അവള്‍ ചിന്തിച്ചു. ആരോ അവളറിയാതെ എടുത്ത വീഡിയോ കൂടി കണ്ടപ്പോള്‍ അവള്‍ കൂടുതല്‍ നിരാശയിലേക്ക് വീണുപോയി.
‘ലോകത്തിലെ ഏറ്റവും വിരൂപയായ പെണ്‍കുട്ടി’ എന്ന പേരില്‍ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ജീവിച്ച നാളുകളെപ്പറ്റി പിന്നീട് ലിസി ഇങ്ങനെ ഓര്‍ത്തെടുത്തു : “രാത്രികളില്‍ ഞാന്‍ കരഞ്ഞ് തളര്‍ന്നുറങ്ങി. ജീവിതം അസ്തമിച്ചതായി വരെ എനിക്ക് തോന്നിയിരുന്നു.” ക്രമേണ ലിസി സ്വയം കരുത്താര്‍ജ്ജിക്കുകയായിരുന്നു. ഒരുള്‍പ്രേരണയാല്‍ അവള്‍ ചില തീരുമാനങ്ങളെടുത്തു. യുട്യൂബില്‍ സ്വന്തമായി ഒരു ചാനല്‍പേജ് തുടങ്ങി. തന്‍റെ വീഡിയോകള്‍ സ്വയം എടുത്ത് അവള്‍ പോസ്റ്റ് ചെയ്തു. സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് സ്വന്തം അഭിപ്രായം അവള്‍ കാണികളുമായി വീഡിയോവില്‍ പങ്കുവെച്ചു. ബാഹ്യമായ സൗന്ദര്യമല്ല, ആന്തരികവ്യക്തിത്വമാണ് പ്രധാനമെന്ന് അവള്‍ പറഞ്ഞു.
പിന്നീടങ്ങോട്ട് ലിസിയുടെ നാളുകളായിരുന്നു. അവള്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടി. ഒരു മോട്ടിവേഷണല്‍ സ്പീക്കറായി. പൊതുവേദികളില്‍ പ്രസംഗിച്ചു. അതിനായി അവള്‍ കഠിനപരിശീലനം ചെയ്തു. How to define yourself – എന്ന വിഷയത്തെക്കുറിച്ച് പ്രശസ്തര്‍ മാത്രം സംസാരിച്ചിട്ടുള്ള വേദിയില്‍ അവള്‍ പറഞ്ഞു,’ഒരു വ്യക്തി ആരെന്ന് നിര്‍ണയിക്കുന്നത് അയാളുടെ ബാഹ്യസൗന്ദര്യമല്ല, പണമല്ല, പ്രശസ്തിയല്ല, പദിവികളല്ല, അയാളുടെ ആന്തരികസത്തയാണ്.’
ലിസി തന്‍റെ ആത്മകഥ എഴുതി, Lizzie Beautiful. തുടര്‍ന്ന് Be Beautiful, Choosing Happiness എന്നീ ഗ്രന്ഥങ്ങളും രചിച്ചു. ഇന്ന് ആളുകള്‍ അവളെ നോക്കുന്നത് സഹതാപത്തോടെയല്ല, ആദരവോടെയാണ്. പല കാരണങ്ങളാല്‍ സമൂഹത്തില്‍ നിന്ന് അവഹേളനങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടി ലിസി ഒരു പ്രസ്ഥാനത്തിന് രൂപം കൊടുത്തു. അവള്‍ പറഞ്ഞു,’എന്നെ അപമാനിച്ച് ആ വീഡിയോ ഉണ്ടാക്കിയ ആളെ ഞാന്‍ കണ്ടിട്ടില്ല. എന്നെങ്കില്‍ കണ്ടാല്‍ ഞാന്‍ പറയും, സുഹൃത്തേ, താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നത്തെ ലിസി ആകില്ലായിരുന്നു. താങ്കള്‍ എന്‍റെ ജീവിതം മാറ്റി മറിച്ചു. നന്ദി നന്ദി….’

1 COMMENT

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...