ഇംഗ്ലീഷില്‍ അലോവെറ എന്നറിയപ്പെടുന്ന കറ്റാര്‍വാഴ സൗന്ദര്യവര്‍ദ്ധനക്കുപയോഗിക്കുന്ന ചെടിയാണ്. മാംസളമായ ഇലകളാണ് കറ്റാര്‍വാഴയുടേത്. ചിലപ്പോള്‍ ഇതില്‍ വെള്ളപ്പൊട്ടുകളും കാണാം. ഇതിന്‍റെ അഗ്രഭാഗങ്ങളില്‍ ചെറിയ മുള്ളുകളുമുണ്ടാകും. ഏകദേശം 30 മുതല്‍ 50 സെന്‍റീമീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന ചെടിയാണിത്. ചെടിയിലെ തണ്ടുപോലെയുള്ള ഭാഗങ്ങള്‍ വീണ്ടും നട്ടാണ് പുതിയ ചെടികള്‍ കൃഷി ചെയ്യുന്നത്. യൂറോപ്പ്, ഏഷ്യ, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കറ്റാര്‍വാഴ കാണപ്പെടുന്നു. ഏതാണ്ട് 240 ഇനം ചെടികളുണ്ടെന്നാണ് കണക്ക്. ഇതില്‍ നാല് ഇനങ്ങളാണ് സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ നിര്‍മ്മാണത്തിനുയോഗിക്കുന്നത്.
കറ്റാര്‍വാഴയുടെ സവിശേഷഗുണത്തിനു കാരണം അലോയിന്‍ എന്ന രാസവസ്തുവാണ്. കറ്റാര്‍ വാഴയുടെ കുഴമ്പ് വാണിജ്യാടിസ്ഥാനത്തില്‍ മുഖകാന്തി വര്‍ദ്ധിപ്പിക്കാനുള്ള ക്രീം, സണ്‍സ്ക്രീന്‍ലോഷന്‍, ഷാമ്പൂ, തുടങ്ങിയവ നിര്‍മ്മിക്കാനുപയോഗിക്കുന്നു. കറ്റാര്‍വാഴയില്‍ ജീവകങ്ങള്‍, അമിനോഅമ്ലങ്ങള്‍, ഇരുമ്പ്, മാംഗനീസ്, കാത്സ്യം, സിങ്ക്, എന്‍സൈമുകകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇത് നല്ലൊരു ആന്‍റിഓക്സിഡന്‍റാണ്. തീപൊള്ളലിലും സൂര്യാതപത്തിലും കറ്റാര്‍വാഴ പുരട്ടുന്നത് ഗുണകരമാണ്. ചര്‍മ്മത്തിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കാനും ചുളിവുകള്‍ വീഴാതിരിക്കാനും തലമുടി വളരാനും താരന്‍ ഇല്ലാതാക്കാനും കറ്റാര്‍വഴയ്ക്ക് കഴിയും.
പൊള്ളല്‍ സുഖപ്പെടുത്താന്‍ കഴിവുള്ളതുകൊണ്ട് കറ്റാര്‍വാഴ ബേണ്‍ പ്ലാന്‍റ് എന്നറിയപ്പെടുന്നു.
100 വര്‍ഷം വരെ ആയുസ്സുള്ളതുകൊണ്ട് മരണമില്ലാത്ത സസ്യം എന്ന് കറ്റാര്‍വാഴയെ ഈജിപ്തുകാര്‍ വിളിച്ചിരുന്നു. അവിടത്തെ ശവസംസ്കാരച്ചടങ്ങുകളില്‍ ഇതുപയോഗിച്ചിരുന്നു.
ഈജിപ്ത്യന്‍ രാജ്ഞിയായിരുന്ന ക്ലിയോപാട്ര സൗന്ദര്യവര്‍ദ്ധനയ്ക്ക് പതിവായി കറ്റാര്‍വാഴ ഉപയോഗിച്ചിരുന്നുവത്രേ.