ഇന്ന് തലമുടി ചീകിയൊതുക്കാന്‍ എല്ലാവര്‍ക്കും ചീപ്പ് കൂടിയേ തീരൂ. ലോകത്തിലെല്ലായിടത്തും ചീപ്പ് ഉപയോഗിക്കുന്നുണ്ട്.
പണ്ടുപണ്ട് മുടി ചീകാന്‍ മാത്രമല്ല ചീപ്പ് ഉപയോഗിച്ചിരുന്നത്.
മുടിയില്‍ ചൂടാനുള്ള അലങ്കാരവസ്തുവുമായിരുന്നു ചീപ്പ്.
ഇന്ന് കൂടുതലായി ഉപയോഗിക്കപ്പെടുന്നത് പ്ലാസ്റ്റിക് ചീപ്പുകളാണ്.
ചീപ്പുകളുടെ ഉത്ഭവം സ്വീഡനിലാണെന്നു കരുതുന്നു.
മൃഗങ്ങളുടെ എല്ലു കൊണ്ടാണ് ശിലായുഗത്തില്‍ ചീപ്പുണ്ടാക്കിയിരുന്നത്.
മനുഷ്യന്‍ ലോഹങ്ങള്‍ കൊണ്ട് ആയുധമുണ്ടാക്കിത്തുടങ്ങിയപ്പോള്‍ ലോഹചീപ്പുകളും ഉണ്ടാക്കി.
വെള്ളി, പിച്ചള ചീപ്പുകളും ആളുകള്‍ ഉപയോഗിച്ചിരുന്നു.
ഇരുവശത്തും പല്ലുകളുള്ള ലോഹചീപ്പുകളും ഉണ്ടാക്കിയിരുന്നു.
പിന്നീട് തടി കൊണ്ടുള്ള ചീപ്പുകള്‍ നിര്‍മ്മിച്ചു.
ഇതിനുപയോഗിച്ചിരുന്നത് ചെറി, പൈന്‍ മരങ്ങളുടെ തടിയായിരുന്നു.
അര്‍ദ്ധചന്ദ്രാകൃതിയിലുള്ള ചീപ്പുകള്‍ക്കായിരുന്നു പണ്ട് പ്രിയം.
ആനക്കൊമ്പു കൊണ്ടുള്ള ചീപ്പുകള്‍ക്ക് വളരെ വിലക്കൂടുതലായിരുന്നു.
പണ്ട് ചൈനയില്‍ പൊന്മാന്‍റെ നീലത്തൂവലുകള്‍ ഉപയോഗിച്ച് ചീപ്പുകളുണ്ടാക്കിയിരുന്നു.
ഇക്കാരണം കൊണ്ട് പൊന്മാനുകളുടെ എണ്ണവും കുറഞ്ഞു.
ആഫ്രിക്കയില്‍ നിര്‍മ്മിച്ചിരുന്ന ചീപ്പുകള്‍ കണ്ടാല്‍ത്തന്നെ അതെവിടെയാണുണ്ടാക്കിയതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു.
അതായത് ആഫ്രിക്കയിലെ ഓരോ ഗ്രാമങ്ങളുടെയും ‘ഐഡന്‍റിറ്റി’യായിരുന്നു അവര്‍ ഉണ്ടാക്കിയിരുന്ന ചീപ്പുകള്‍.
സമൂഹത്തില്‍ മാന്യസ്ഥാനം നേടാനും മറ്റുള്ളവരാല്‍ ആദരിക്കപ്പെടാനും പുരാതനചൈനയില്‍ സ്ത്രീകള്‍ മുടിയില്‍ പല ആകൃതിയിലുള്ള ചീപ്പുകള്‍ ചൂടുന്നത് പതിവായിരുന്നു.
ലോകത്തിലെ പലയിടങ്ങളിലുമുള്ള ചരിത്രമ്യൂസിയങ്ങളില്‍ പഴയകാല ചീപ്പുകള്‍ സൂക്ഷിച്ചിട്ടുണ്ട്.
ഹെര്‍മിറ്റേജ് മ്യൂസിയത്തില്‍ ബിസി 400-ല്‍ ഉണ്ടാക്കിയെന്നു കരുതപ്പെടുന്ന ഒരു ചീപ്പ് സൂക്ഷിച്ചിട്ടുണ്ട്.
ഇതില്‍ വേട്ടയാടാന്‍ കുതിരപ്പുറത്തു പോകുന്ന മൂന്ന് മനുഷ്യരുടെ ചിത്രം കൊത്തിവെച്ചിട്ടുണ്ട്.
1759-ല്‍ ഇനോച്ച് നോയ്ഡ് എന്നൊരാള്‍ മസാച്ചുസെറ്റ്സില്‍ ചീപ്പുകള്‍ വില്‍ക്കുന്ന കട തുറന്നു.
വ്യാപാരം തകൃതിയായി നടക്കുകയും ചെയ്തു. ഇവിടം ചീപ്പുകളുടെ കേന്ദ്രമായും അറിയപ്പെട്ടു.
പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് മൃഗങ്ങളുടെ കൊമ്പില്‍ തീര്‍ത്ത മനോഹരചീപ്പുകള്‍ ആളുകളുടെ മനം കവര്‍ന്നു.
ചീപ്പുണ്ടാക്കുന്നതില്‍ വിദഗ്ദ്ധരായ 70-ഓളം പേര്‍ ഇവിടെയുണ്ടായിരുന്നു.
ആമത്തോടും മാന്‍കൊമ്പും
പതിനാലാം നൂറ്റാണ്ടില്‍ ആമത്തോടു കൊണ്ടും മാനിന്‍റെ കൊമ്പു കൊണ്ടും ചീപ്പുണ്ടാക്കിയിരുന്നു.
ആമത്തോടും മാന്‍കൊമ്പും ചൂടാക്കിയാല്‍ ഇഷ്ടം പോലെ വളയ്ക്കാം എന്ന പ്രത്യേകതയുണ്ടായിരുന്നതുകൊണ്ട് ചീപ്പുണ്ടാക്കാന്‍ വലിയ പ്രയാസമുണ്ടായിരുന്നില്ല.
ചൂടാക്കികഴിഞ്ഞാല്‍ ഇവ ഏതാകൃതിയില്‍ വേണമെങ്കിലും വളയ്ക്കാന്‍ കഴിയും.
തണുത്തു കഴിഞ്ഞാല്‍ രൂപപ്പെടുത്തുന്ന അതേ ആകൃതിയില്‍ ഉറച്ചിരിക്കുകയും ചെയ്യും.
സെല്ലുലോയിഡ് ചീപ്പ്
1869-ല്‍ ഇസയ്യ, ജോണ്‍ എന്നീ സഹോദരന്മാര്‍ ചീപ്പു നിര്‍മ്മിക്കാന്‍ പുതിയൊരു പദാര്‍ത്ഥമുണ്ടാക്കാന്‍ പരീക്ഷണം തുടങ്ങി.
അങ്ങനെയാണ് സെല്ലുലോയിഡ് വികസിപ്പിച്ചെടുത്തത്. നൈട്രോസെല്ലുലോസും കര്‍പ്പൂരവും ചേര്‍ത്തായിരുന്നു പ്ലാസ്റ്റിക്കിന്‍റെ മുന്‍ഗാമിയായ ഈ അസംസ്കൃതവസ്തു നിര്‍മ്മിച്ചത്.
ചീപ്പുകളുടെ ചരിത്രം തന്നെ സെല്ലുലോയിഡ് മാറ്റിയെഴുതി. സെല്ലുലോയിഡ് ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ വളരെ വേഗം ചീപ്പുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചിരുന്നു.
ചീപ്പ് വ്യവസായം പുരോഗതി നേടുകയും ചെയ്തു.
ശവക്കല്ലറയിലും ചീപ്പ്
ഐബിരിയയില്‍ മരിച്ചയാള്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളും ചേര്‍ത്തായിരുന്നു ശവമടക്കിയിരുന്നത്.
ഇതില്‍ ചീപ്പും ഉള്‍പ്പെട്ടിരുന്നു.
പില്‍ക്കാലത്ത് കല്ലറ തുറന്ന് പരിശോധിച്ച പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയതാണിത്.
വൃത്തി വേണം!
ഒരാള്‍ ഉപയോഗിക്കുന്ന ചീപ്പ് മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല കേട്ടോ.
അങ്ങനെ ചെയ്താല്‍ പേന്‍, താരന്‍ ശല്യം പകരുകയും ചെയ്യും.
മറ്റൊരു കാര്യം കൂടി.
അഴുക്കു നിറഞ്ഞ ചീപ്പ് വീണ്ടും വീണ്ടും ഉപയോഗിക്കരുത്.
അതിലെ മുടിനാരിഴകള്‍ എടുത്തുകളഞ്ഞശേഷം ടൂത്ത്ബ്രഷ് ഉപയോഗിച്ച് ഷാമ്പൂ കൊണ്ട് ഇടയ്ക്കിടയ്ക്ക് നന്നായി ക്ലീന്‍ ചെയ്യണം.
ഇത് തലമുടിയുടെയും തലയുടെ പുറംതൊലിയുടെയും ആരോഗ്യത്തിന് നല്ലതാണ്.
ഒന്നു ഫ്രഷാകാന്‍ ചീപ്പ്!
ചീപ്പ് കൊണ്ട് നന്നായി മുടി ചീകിയാല്‍ മുടി ഒതുങ്ങുമെന്നു മാത്രല്ല, മറ്റൊരു ഗുണം കൂടിയുണ്ട്.
ചീകുന്നത് തലച്ചോറിലെ ഞരമ്പുകള്‍ക്ക് ഉത്തേജനം നല്‍കുന്നു.
ചീകിക്കഴിയുമ്പോള്‍ ഒരുന്മേഷവും തോന്നും.
ചെറിയ നിരാശ ബാധിച്ചിട്ടുണ്ടെങ്കില്‍ അതുപോലും മാറുമത്രേ.
എന്താ ഒന്നു ചീകിനോക്കുന്നോ?