മേയ്ഗ്രേ മൂന്ന് വിധവകളുടെ വഴിയില്‍

മരിയ റോസ്

മാതൃഭൂമി പ്രസിദ്ധീകരിച്ച മൈഗ്രേ പരമ്പരയിലെ പുസ്തകമാണ് : “മേയ്ഗ്രേ മൂന്ന് വിധവകളുടെ വഴിയില്‍”Maigret at the Crossroads” എന്നും Night at the Cross Roads” എന്നും പേരുള്ള കുറ്റാന്വേഷണ നോവല്‍. പരമ്പരയിലെ ഏഴാം പുസ്തകം. ഞാന്‍ ഇംഗ്ലീഷ് വായിച്ചിട്ടില്ല. ആദ്യമായി ഈ മലയാളം വിവര്‍ത്തനമാണ് വായിക്കുന്നത്. ശ്രീ സച്ചു തോമസ്‌ ആണ് വിവര്‍ത്തനം ചെയ്തിട്ടുള്ളത്.

മൈഗ്രേ എന്ന കഥാപാത്രത്തെയും പതിവ് കുറ്റാന്വേഷണ നോവലുകളില്‍ നിന്ന് ഈ പരമ്പര എങ്ങനെ വിട്ട് നില്‍ക്കുന്നു എന്നും മുന്‍പരിചയമില്ലാത്തവര്‍ ആദ്യമായി ഈ നോവല്‍ എടുത്ത് വായിച്ചാല്‍ അവര്‍ ഈ പരമ്പരയിലും കഥാപാത്രത്തിലും അത്ര കണ്ട് താല്‍പര്യപ്പെടുമോ എന്നെനിക്ക് സംശയമുണ്ട്. ( ഞാന്‍ ആദ്യം വായിച്ചത് The Hanged Man of Saint-Pholien എന്ന നോവലായിരുന്നു. പരമ്പരയിലെ മൂന്നാമത്തെ പുസ്തകം. അതൊരു ഗംഭീരവായനാനുഭവമായിരുന്നു എന്ന് ഓര്‍ക്കുന്നു. അത് കൊണ്ടാണ് ഈ കഥാപാത്രത്തെ പിന്തുടരാന്‍ കാരണവും.

തങ്ങളുടെ മാധ്യമത്തില്‍ പൂര്‍ണനിയന്ത്രണവും ആത്മവിശ്വാസവുമുള്ളവര്‍ കൈക്കൊള്ളുന്ന ഒരു ഈസിനെസ് ഉണ്ട്. അത്തരമൊരു ഈസി മനോഭാവം രചനയില്‍ സിമനന്‍ കൈക്കൊള്ളുന്നത് നമുക്ക് അറിയാന്‍ കഴിയും. വളരെ കാഷ്വല്‍ എന്നോണമാണ് പ്ലോട്ട് അവതരിപ്പിക്കുന്നത്. ചിലപ്പോള്‍ പ്ലോട്ട്ലെസ് എന്ന് വരെ തോന്നിപ്പിക്കുന്ന തരം പ്ലോട്ട്. ഒരു ഡിറ്റക്ടീവ് നോവലിനെ സംബന്ധിച്ചിടത്തോളം പ്ലോട്ട്ലെസ് എന്ന് തോന്നിപ്പിക്കുന്ന ഘടന ഒരു വലിയ Disqualification ആകേണ്ടതാണ്, പക്ഷെ പ്രതിഭ കുറഞ്ഞ ഒരു ഒരെഴുത്തുകാരന്‍റെ കൈയ്യില്‍ അതങ്ങനെയായിപ്പോകുമായിരുന്നു.

പാരീസ് നഗരത്തില്‍ നിന്ന് മാറി ഒരു കവലയില്‍ ഒരു കൊലപാതകം നടന്നിരിക്കുന്നു. ഒരു വീട്ടിലെ വിലകൂടിയ കാര്‍ രണ്ടാമത്തെ വീടിന്‍റെ ഗാരേജില്‍ കിടക്കുന്നു. രണ്ടാമത്തെ വീട്ടിലെ കാര്‍ ഒന്നാമത്തെ വീടിന്‍റെ ഗാരെജിലും. ഒരു സുപ്രധാനകാര്യം. വില കൂടിയ കാറിന്‍റെ ഡ്രൈവിംഗ് സീറ്റില്‍ ഗോള്‍ഡ്‌ബര്‍ഗ് എന്നൊരു രത്നവ്യാപാരി വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടു. മൈഗ്രേ ഈ ടൌണ്‍ഷിപ്പില്‍ വന്ന് മുറിയെടുക്കുന്നു. അവിടത്തെ സുപ്രധാന താമസക്കാരുമായി സംസാരിച്ച് തുടങ്ങുന്നു. ഹോംസിനെപ്പോലെ കൊല നടന്നയിടത്തെ സിഗരറ്റ് കുറ്റി, ചാരം ആ മോഡിലുള്ള അന്വേഷണം ഒന്നുമില്ല. മൈഗ്രേ വിവിധ വ്യക്തികളോട് സംസാരിക്കുക മാത്രം ചെയ്യുന്നു. അവരുടെ മൊഴിയില്‍ നിന്നും അവയുടെ വൈരുദ്ധ്യത്തില്‍ നിന്നുമെല്ലാം മൈഗ്രേ സത്യത്തിലേയ്ക്ക് എത്തുന്നു.

നോവലില്‍ പരാമര്‍ശിച്ചിരിക്കുന്ന യഥാര്‍ത്ഥ സ്ഥലത്തെക്കുറിച്ച് റഫര്‍ ചെയ്ത് കൊണ്ട് “മെയ്ഗ്രേ മൂന്ന് വിധവകളുടെ വഴിയില്‍” എന്ന പേരാണ് മലയാളത്തില്‍ കൊടുത്തിരിക്കുന്നത്. മൂന്ന് വിധവകളെക്കുറിച്ചുള്ളത് അവിടത്തെ ഒരു പ്രാദേശിക ചരിത്രമാണ്. Crossroad എന്നാല്‍ മൂന്നോ നാലോ റോഡുകള്‍ സന്ധിക്കുന്ന സ്ഥലം എന്നാണ് ഉദ്ദേശിക്കുന്നത്. At Crossroad എന്നതിന് പ്രതിസന്ധിഘട്ടമെന്നുമൊക്കെ അര്‍ത്ഥം ആരോപിക്കാവുന്നതാണ്. “ഒരു പ്രതിസന്ധിഘട്ടത്തില്‍ മെയ്ഗ്രെ” എന്നും പേരിടാവുന്ന രചനയാണ്. “മൂന്ന് വിധവകളുടെ വഴിയില്‍”എന്നൊക്കെയുള്ള പേര് ആളുകളെ ആകര്‍ഷിക്കാന്‍ പര്യാപ്തമായ ഒന്നല്ല എന്നാണ് എന്‍റെ ഒരു നിരീക്ഷണം.

മാതൃഭൂമി മൂന്ന് വിവര്‍ത്തനങ്ങളും പതിവ് വിവര്‍ത്തകരെക്കൊണ്ട് ചെയ്യിക്കാതെ എഴുത്തുകാര്‍ക്കാണ് കൊടുത്തിരിക്കുന്നത്. Possibly സിമനന്‍ രചനകള്‍ വായിച്ചിട്ടുള്ളവര്‍ക്ക്. അതൊക്കെ നല്ല ഉദ്ദേശ്യങ്ങളാണ് എന്ന് സംശയമില്ല. പക്ഷെ അത് കൊണ്ട് വരാവുന്ന ഒരു അപകടം കൂടിയുണ്ട്. എഴുത്തുകാരന്‍ വിവര്‍ത്തനത്തിന്‍റെ ഭാഷയില്‍ തന്‍റെ എഴുത്ത് ഐഡന്‍റിറ്റി കൂടി കൊണ്ട് വരാന്‍ ശ്രമിക്കാനിടയുണ്ട്. അത് പലപ്പോഴും സെല്‍ഫ് കോണ്‍ഷ്യസ് ആയ ചില ഭാഷാപ്രയോഗങ്ങളിലേയ്ക്കും വ്യത്യസ്തതയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങളിലേയ്ക്കും ഒക്കെ നീങ്ങി വഷളാകാന്‍ സാധ്യത ഉണ്ട്. പ്രമുഖ എഴുത്തുകാര്‍ വിവര്‍ത്തനം ചെയ്ത ചില കൃതികളില്‍ തന്‍റെ ഐഡന്‍റിറ്റി കൊണ്ട് വരുന്നതിന് വേണ്ടി എഴുത്തുകാരനുമായി ഒരു ശീതദ്വന്ദയുദ്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെ വരെ അനുഭവപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് വി കെ എന്‍ വിവര്‍ത്തനം ചെയ്ത വിദേശകഥകള്‍ അദ്ദേഹം വി കെ എന്‍ കഥകള്‍ പോലെയാക്കിയിട്ടുണ്ട്. ഇതത്ര ഹിതകരമായി എനിക്ക് തോന്നിയിട്ടില്ല. രചനയെ ഏറ്റവും സാധ്യമായ രീതിയില്‍ ലക്ഷ്യഭാഷയില്‍ അവതരിപ്പിക്കുക എന്നതായിരിക്കണം ഉദ്ദേശ്യം. സുകുമാര്‍ അഴീക്കോട്‌ ചെയ്ത ഹക്ക്ല്‍ബെറി ഫിന്‍ വിവര്‍ത്തനം –ഹക്ക്ല്‍ബെറി ഫിന്നിന്‍റെ വിക്രമങ്ങള്‍” പഠിക്കേണ്ടതാണ്. അഴീക്കോട്‌ ശ്രമിക്കുന്നതത്രയും നോവലിന്‍റെ അമേരിക്കന്‍ ഐഡന്‍റിറ്റി നില നിര്‍ത്തിക്കൊണ്ട് തന്നെ അത് മലയാളത്തില്‍ അവതരിപ്പിക്കാനാണ്.

ഈ മൈഗ്രേ നോവല്‍ വിവര്‍ത്തനത്തില്‍ എനിക്ക് ചില കല്ലുകടികള്‍ അനുഭവപ്പെട്ടിട്ടുണ്ട്. ചില പ്രാദേശിക മലയാള ഭാഷണ രീതികള്‍ കഥാപാത്രങ്ങള്‍ക്ക് കൊടുക്കാന്‍ ശ്രമിച്ചിരിക്കുന്നതാണ് എനിക്ക് അരോചകമായി തോന്നിയിട്ടുള്ളത്. “ആ ഡാക്കിട്ടര്‍ന്‍റെ മോന്ത കണ്ടാ നീ”? “അനങ്ങരുത് കൊച്ചെറുക്കാ!” “ഓ തന്നെ!” “ഇതൊരു വലിയ സംഘമാണ് അല്ലേ, ചീഫ്?” ( അപ്പോള്‍ മൈഗ്രേ) : “അതും എമ്മാതിരി” മൈഗ്രേ നോവലുകള്‍ വായിക്കുമ്പോള്‍ നമ്മള്‍ 1930 കളിലെ പാരീസ് നഗരത്തിലാണ്. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന സെയ്ന്‍ നദിയും ധാരാളം കഫേകളും പബ്ബുകളും ബിയര്‍ പാര്‍ലറുകളും എയ്ഫല്‍ ടവറും ഒക്കെയുള്ള ക്ലാസിക് അന്തരീക്ഷം. അവിടെ ഒരു ക്ലാസിക് പാരീസിയന്‍ അന്തരീക്ഷത്തിലാണ് ഈ “ഓ തന്നെ, എമ്മാതിരി, കൊച്ചെറുക്കാ, കണ്ടാ” എന്നൊക്കെ എഴുതുന്നത്. സത്യത്തില്‍ വിവര്‍ത്തനം ചെയ്യുന്ന പുസ്തകത്തിന്‍റെ Zeitgeist മനസിലാക്കുന്നതിലുള്ള പ്രശ്നമാണ് ഇത്. എല്ലാവര്‍ക്കും ഇതൊരു പ്രശ്നമാവില്ലായിരിക്കാം. എനിക്ക് അതൊരു പ്രശ്നമാണ്. എന്‍റെ പാരീസില്‍ തിരോന്തരം കേറി വരുന്നത് എനിക്ക് പ്രശ്നമാണ്.

മറ്റൊന്ന് –വിവര്‍ത്തനത്തില്‍ മറ്റൊരു നാടിന്‍റെ പ്രാദേശിക ഭാഷ ഉപയോഗിക്കേണ്ട ഒരു കാര്യവുമില്ല എന്നതാണ്. സുകുമാര്‍ അഴീക്കോട്‌ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഹക്ക്ല്‍ബെറിഫിന്നില്‍ ജിമ്മിന്‍റെ ഇംഗ്ലീഷ് സാധാരണ ഇംഗ്ലീഷില്‍ നിന്ന് വ്യത്യാസമുണ്ട്. വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത നിഷ്കളങ്കനായ ഒരു അടിമയുടെ ഭാഷയാണ്‌ അത്. Who is there? എന്ന് ജിം ചോദിക്കുന്നത് “Who Dah?” എന്നാണ് മാര്‍ക്ക്‌ ട്വേയ്ന്‍ എഴുതുന്നത്. കാപ്പിരിയുടെ ഭാഷയ്ക്ക് താന്‍ കേരളത്തിലെ ഏതെങ്കിലും വിഭാഗത്തിന്‍റെ ഭാഷയുടെ സ്വഭാവം കൊടുക്കേണ്ടതില്ല. (അഴീക്കോട്‌ പറയുന്നു) എന്നാല്‍ ഭാഷാപരമായ വ്യത്യസം ചൂണ്ടിക്കാണിക്കാന്‍ മറ്റെന്തെങ്കിലും Altenative വിവര്‍ത്തകന്‍ കണ്ടെത്തേണ്ടതുണ്ട്. മലയാളത്തില്‍ ജിം ചോദിക്കുന്നു: “അദാരാ?” ( Who Dah?) ഇതില്‍ ജിമ്മിന്‍റെ നിഷ്കളങ്കമായ ഭാഷാരീതി വരെ ധ്വനിപ്പിക്കാന്‍ വിവര്‍ത്തകന് കഴിയുന്നുണ്ട്. പരിപാടി എളുപ്പപ്പണിയല്ല.

ഈ പ്രശ്നമെല്ലാം വിട്ടാല്‍ നല്ല ഒഴുക്കോടെ വായിക്കാവുന്ന മലയാളത്തിലാണ് എഴുതിയിരിക്കുന്നത്. വെറുതെ അസൈന്‍മെന്‍റ് കിട്ടിയത് പോലെയുള്ള വിവര്‍ത്തനമല്ല. അത്ര സുഗമമായ ഒരു നോവല്‍ ആയിരുന്നില്ല എന്നൊരു വിഷയമുണ്ട്. എങ്കിലും പലരും Adapt ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. 1932 ല്‍ Renoir ഇത് സിനിമയാക്കിയിട്ടുണ്ട്. അടുത്ത കാലത്ത് റൊവാന്‍ അറ്റ്‌കിന്‍സന്‍ മൈഗ്രെയായി അഭിനയിച്ച മൂന്ന് എപിസോഡുകളില്‍ ഒന്ന് ഇതായിരുന്നു. അക്കാരണം കൊണ്ട് തന്നെയാണ് മാതൃഭൂമി ഈ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തതും എന്ന് തോന്നുന്നു. ഇത് വരെ റിവ്യൂസ് ഒന്നും വന്ന് കണ്ടിട്ടില്ല. ഈ പരമ്പരയിലും വിവര്‍ത്തനപ്രക്രിയയിലും താല്‍പര്യം ഉള്ളവര്‍ക്ക് പിന്‍തുടരാം. ആദ്യം വായിക്കേണ്ട മൈഗ്രേ നോവല്‍ അല്ല എന്നാണ് എന്‍റെ എളിയ അഭിപ്രായം. മറ്റ് രണ്ടെണ്ണം കൂടി വായിക്കാനുണ്ട്.

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...