-റ്റി. എസ്. രാജശ്രീ
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മൊണാലിസ. 1503-നും 1506-നും ഇടയ്ക്ക് ലിയാനാര്‍ഡോ ഡാവിഞ്ചിയാണ് ഇത് വരച്ചത്. ഫ്ളോറന്‍സിലെ ഫ്രാന്‍സസ്കോ ദല്‍ ജിയോകോമണ്‍ഡോ എന്ന വ്യാപാരിയുടെ ഭാര്യയായിരുന്നു മൊണാലിസ. 30X21 ഇഞ്ച് വലിപ്പമുള്ള ചിത്രം ഫ്രാന്‍സിലെ ലോവ്റ് മ്യൂസിയത്തിലെ ബുള്ളറ്റ് പ്രൂഫ് അറയ്ക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥനാമം Monna Lisa എന്നായിരുന്നു. അത് പിന്നീട് Mona Lisa ആയി മാറി. ‘മൈ ലേഡി’ എന്നര്‍ത്ഥമുള്ള Madonna എന്ന ഇറ്റാലിയന്‍ വാക്കിന്‍റെ ചുരുക്കമാണ് Monna. മൊണാലിസയുടെ പുഞ്ചിരി ലോകത്തെ വളരെയേറെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ടീഷര്‍ട്ടിലും കോഫീമഗിലും വരെ മൊണാലിസയുടെ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.
മൊണാലിസയുടെ പുരികത്തിനെന്തുപറ്റി?
മൊണാലിസയുടെ പുരികങ്ങള്‍ കാണുന്നില്ല അതായത് ‘വിസിബിള്‍’ അല്ല എന്നത് കൗതുകമുണര്‍ത്തുന്ന ഒരു കാര്യമാണ്. ചിത്രം കേടുകൂടാത സൂക്ഷിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി പുരികങ്ങള്‍ മാഞ്ഞുപോയതായിരിക്കാമെന്ന് ചിലര്‍ പറയുന്നു. ചിലര്‍ കരുതുന്നത് ഡാവിഞ്ചി തന്നെ പുരികങ്ങള്‍ വരയ്ക്കാതെ ചിത്രം അപൂര്‍ണമായി നിലനിര്‍ത്തിയതായിരിക്കാമെന്നാണ്.
മാസങ്ങളോളം ചിത്രത്തെ സ്കാന്‍ ചെയ്തുപരിശോധിച്ച ഒരു എഞ്ചിനീയറുടെ അഭിപ്രായം മറ്റൊന്നാണ്. വളരെ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഇടതുപുരികം നേരിയതായി വരിച്ചിട്ടുള്ളതായി താന്‍ കണ്ടെത്തിയെന്ന് അയാള്‍ പറഞ്ഞു. വരച്ച സമയത്ത് മൊണാലിസയ്ക്ക് പുരികങ്ങളും കണ്‍പീലികളും ഉണ്ടായിരുന്നതായും ഇപ്പോള്‍ അത് വ്യക്തമായി കാണാന്‍ സാധിക്കാത്തതാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
എന്തായാലും ഈ ഒരേ ഒരു ചിത്രം കൊണ്ടു മാത്രം ഡാവിഞ്ചി പ്രശസ്തനായ ഒരു ചിത്രകാരനായി മാറി എന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഡാവിഞ്ചിയുടെ തന്നെ വാക്കുകള്‍ ഇങ്ങനെ : ഒരു ചിത്രകാരനും ഏതൊരു ചിത്രവും പൂര്‍ണത വരുത്തി വരയ്ക്കാറില്ല. പൂര്‍ണമായി എന്നു പറഞ്ഞ് വര നിര്‍ത്തുമ്പോഴും അത് അപൂര്‍ണമായ അവസ്ഥയില്‍ തന്നെ അയാള്‍ ഉപേക്ഷിക്കുകയാണ്.
മൊണാലിസയുടെ പുഞ്ചിരിയുടെ രഹസ്യം
ചില ആംഗിളില്‍ നോക്കിയാല്‍ മൊണാലിസയുടെ പുഞ്ചിരി കാണാന്‍ സാധിക്കില്ലെന്നും ഈ പുഞ്ചിരി ചിത്രകാരന്‍റെ പെയിന്‍റിംഗ് ഇഫക്റ്റ് ആണെന്നുമാണ് വിദഗ്ദ്ധാഭിപ്രായം. എക്സ്റേ ഫ്ളൂറസെന്‍സ് സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ച് ചിത്രത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഈ പഠനത്തിലൂടെ ഗവേഷകര്‍ പറഞ്ഞത് ചിത്രത്തിന്‍റെ പല ഭാഗത്തും ബ്രഷിന്‍റെ പാട് കാണാതിരിക്കാന്‍ സ്വന്തം വിരലുകള്‍ കൊണ്ടുതന്നെയായിരിക്കണം ഡാവിഞ്ചി വരച്ചതെന്നാണ്. ഡാവിഞ്ചി ഉപയോഗിച്ച പെയിന്‍റിംഗ് ടെക്നിക്കുകള്‍ തന്നെയാണ് ചിത്രത്തെ ‘പെര്‍ഫെക്റ്റ്’ ആക്കിയതെന്നാണ് ഗവേഷകരുടെ അഭിപ്രായം.
മൊണാലിസയുടെ കൂടുതല്‍ വിശേഷങ്ങള്‍
1503-ല്‍ ഡാവിഞ്ചി മൊണാലിസ വരച്ചുതുടങ്ങി. 1517 വരെ അദ്ദേഹം ആ ചിത്രത്തിന്‍റെ വര തുടര്‍ന്നുകൊണ്ടേയിരുന്നു. പില്‍ക്കാലത്ത് ചിത്രം ഫ്രാന്‍സിലെ രാജാവായ ഫ്രാന്‍സിസ് ഒന്നാമന്‍റെ കൈവശമെത്തി. ഇപ്പോള്‍ ഫ്രഞ്ച് റിപ്പബ്ളിക്കിന്‍റെ സ്വന്തമായ മൊണാലിസ 1797-മുതലാണ് പാരീസിലെ ലോവ്റ് മ്യൂസിയത്തില്‍ സൂക്ഷിക്കാന്‍ തുടങ്ങിയത്.
1911-ല്‍ മൊണാലിസ മ്യൂസിയത്തില്‍ നിന്നും അപ്രത്യക്ഷമായി. മോഷ്ടിക്കപ്പെട്ട ചിത്രം രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചുകിട്ടി. മ്യൂസിയത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു ചിത്രം മോഷ്ടിച്ചത്. രണ്ടു വര്‍ഷക്കാലം അയാളത് തന്‍റെ അപ്പാര്‍ട്ടുമെന്‍റില്‍ സൂക്ഷിച്ചു. അതിനുശേഷം അത് വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.
1956-ല്‍ ഒരാള്‍ മൊണാലിസയ്ക്കു നേരെ ആസിഡെറിഞ്ഞു. ഇതുവഴി ചിത്രത്തിന് സാരമായ കേടുപറ്റിയിരുന്നു. ഇതേ വര്‍ഷം തന്നെ ഒരാള്‍ ചിത്രത്തിനു നേരെ ഒരു പാറക്കഷണമെറിഞ്ഞു. ഇതേത്തുടര്‍ന്ന് മൊണാലിസയുടെ ഇടത്തേ കൈമുട്ടിന്‍റെ ഭാഗത്ത് കേടു സംഭവിച്ചു. ഈ സംഭവങ്ങള്‍ക്കു ശേഷമാണ് കൂടുതല്‍ സുരക്ഷിതത്വം ചിത്രത്തിനു നല്‍കിത്തുടങ്ങിയത്.
ലോവ്റ് മ്യൂസിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സുകള്‍ക്കുള്ളിലാണ് മൊണാലിസ സൂക്ഷിച്ചിരിക്കുന്നത്.
കോട്ടണ്‍വുഡ് പാനലില്‍ രചിച്ച ഓയില്‍ പെയിന്‍റിംഗാണ് മൊണാലിസ. അന്നത്തെ കാലത്ത് കാന്‍വാസിലായിരുന്നു മിക്ക ചിത്രങ്ങളും വരച്ചിരുന്നത്. കോട്ടണ്‍വുഡ് പാനല്‍ ഉപയോഗിച്ചതുകൊണ്ടാണ് ചിത്രത്തിന് മികവും വലിയ പ്രശസ്തിയും ലഭിച്ചത് എന്നുതന്നെയാണ് വിദഗ്ദ്ധര്‍ പറയുന്നത്. അഞ്ഞൂറോളം വര്‍ഷങ്ങള്‍ പഴക്കമുള്ള മൊണാലിസ വലിയ കേടുപാടുകളൊന്നും കൂടാതെ ഇന്നും സൂക്ഷിക്കപ്പെടുന്നതും ഒരത്ഭുതം തന്നെയാണ്.