കീഗോ ഹിഗാഷിനോയുടെ A Death in Tokyo

മരിയ റോസ്

കീഗോ ഹിഗാഷിനോയുടെ A Death in Tokyo എന്ന നോവല്‍ ഈ ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്. 2011 ല്‍ ജപ്പാനില്‍ ഇറങ്ങിയ നോവലിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനമാണിത്. കാഗ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കേന്ദ്രകഥാപാത്രമാകുന്ന പരമ്പരയില്‍ പെട്ടതാണ് ഈ നോവല്‍. ഇതേ പരമ്പരയില്‍ പെട്ട Malice, Newcomer എന്നീ നോവലുകള്‍ മുന്‍പ് ഈ സീരീസില്‍ പ്രസിദ്ധീകരിച്ചിരുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പി ഡി ജെയിംസ് ജീവിച്ചിരിക്കുന്ന കാലത്ത്– അവരുടെ ആഡം ഡാല്‍ഗ്ലീഷ് പരമ്പരയില്‍ പെട്ട നോവല്‍പുറത്തിറങ്ങിയപ്പോള്‍ വന്ന ഫ്രൈഡേ റിവ്യൂവില്‍ നിരൂപകന്‍ ഇങ്ങനെ സന്ദേഹപ്പെടുന്നു:” കൂട്ടക്കൊലകളും യുദ്ധങ്ങളും മറ്റും വ്യാപകമായ ഈ കാലത്ത് വ്യക്തിമരണങ്ങളുടെ ദുരൂഹത തിരയുന്ന കുറ്റാന്വേഷണനോവലുകള്‍ക്ക് ഇനിയെന്താണ് പ്രസക്തി! Genre ന്‍റെ സുവര്‍ണകാലവും മറ്റും കണ്ട ഇരുപതാം നൂറ്റാണ്ടിലെ അസംഖ്യം നോവലുകള്‍–അനേകം ക്ലാസിക് പസിലുകള്‍–ഇനിയുമെത്ര കാലം ഈ Genre ന് വായനക്കാരെ Intrigue ചെയ്യാനാകും!! കുറ്റാന്വേഷണനോവലിന്‍റെ ചരിത്രം വായിക്കുമ്പോള്‍ ഇങ്ങനെയൊക്കെ തോന്നാം എങ്കിലും മനുഷ്യന്‍റെ ഭാവനയും കഥ പറയാനുള്ള മികവുമുള്ളടത്തോളം ഇത്തരം തോന്നലുകളെല്ലാം അപ്രസക്തമാണ്.

ആഖ്യാനത്തിലോ പ്ലോട്ടിംഗിലോ പ്രത്യേകിച്ച് പരീക്ഷണങ്ങള്‍ ഒന്നും തന്നെയില്ലാതെ നേരെ വാ നേരെ പോ എന്ന രീതിയില്‍ തേഡ് പെഴ്സന്‍ കഥ പറയുന്ന ഒരു കുറ്റാന്വേഷണ നോവലാണ്‌ A Death in Tokyo. നോവലിന്‍റെ ഒറിജിനല്‍ പേര് The Wings of the Kirin എന്നര്‍ത്ഥം വരുന്ന ജാപ്പനീസ് വാക്കുകളാണ്. Kirin എന്നാല്‍ ജാപ്പനീസ് മിത്തോളജിയിലുള്ള ഒരു ജീവിയത്രേ. പ്രത്യേകതകള്‍ ഒന്നും അവകാശപ്പെടാനില്ലാത്തതെന്ന് തോന്നുന്ന ഒരു കൊലപാതകം, അതും ടോക്കിയോ നഗരമധ്യത്തില്‍ ഒരു രാത്രി. ഒരു മനുഷ്യന്‍ വേച്ച് വേച്ച് നടന്ന് ചെന്ന് നഗരത്തിലെ ഒരു പാലത്തില്‍ സ്ഥാപിച്ചിട്ടുള്ള കിറിന്‍ പ്രതിമയുടെ അടുക്കല്‍ ചെന്ന് നിശ്ചലനായി. പട്രോള്‍ പോലീസുകാരന്‍ നോക്കുമ്പോള്‍ അയാളുടെ നെഞ്ചില്‍ ഒരു കത്തി ആഴ്ന്നിറങ്ങിയിട്ടുണ്ട്. ഏതാനും സമയത്തിന് ശേഷം ഇരയുടെ സ്യൂട്ട് കേസും പേഴ്സും മറ്റുമായി ഒരു അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു യുവാവിനെയും പോലീസ് ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യുന്നു. മോഷണശ്രമത്തിനിടെ കൊല ചെയ്തതാവാം എന്ന് ഊഹിച്ച് കൊണ്ട് പോലീസ് അന്വേഷണം ആരംഭിക്കുന്നു. ഇന്‍സ്പെക്ടര്‍ കാഗയും സഹായി മസുമിയയും കൂടി കൊലപാതകത്തിന് പിന്നിലുള്ള ദുരൂഹത അനാവരണം ചെയ്യുന്നു.

ഡിറ്റക്ടീവിനെ എഴുത്തുകാരന്‍ അങ്ങ് കയ്യയച്ച് വിട്ടിട്ടില്ല. അയാളെക്കുറിച്ചോ അയാളുടെ സാമര്‍ത്ഥ്യക്കുറിച്ചോ ഒന്നും പറയുന്നുമില്ല. കാഗയും മസുമിയയും ഒന്നില്‍ നിന്ന് മറ്റൊന്ന് എന്ന മട്ടില്‍ വിവിധ കഫെകളില്‍ ഇരുന്ന് കാണുന്ന വ്യക്തികളെക്കുറിച്ചും അവരെക്കുറിച്ചുള്ള നിരീക്ഷണങ്ങളും സംസാരിച്ചു കൊണ്ടിരിക്കുന്നു. മസുമോട്ടോ എന്ന സീനിയര്‍ ജാപ്പനീസ് നോവലിസ്റ്റിന്‍റെ ഇന്സ്പെക്ടര്‍ ഇമാനിഷി എന്ന കഥാപാത്രത്തെയും സ്നേഹിതനെയും ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ കഥാപാത്രങ്ങള്‍ ( Inspector Imanishi Investigates എന്ന നോവലിനെക്കുറിച്ച് മുന്‍പ് എഴുതിയിരുന്നു) കുറ്റാന്വേഷണ നോവലില്‍ തന്നെ സ്വാധീനിച്ച എഴുത്തുകാരില്‍ ഒരാള്‍ മസുമോട്ടോ ആണെന്ന് ഹിഗാഷിനോ പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് കാഗയുടെ വ്യക്തിജീവിതം നോവലില്‍ കടന്ന് വരുന്നത് എന്തിനാണ് എന്ന് നമ്മള്‍ വിചാരിക്കും! കാഗയുടെ അച്ഛന്‍ മരണപ്പെട്ടപ്പോള്‍ അയാള്‍ വേണ്ട വിധം പരിഗണിച്ചിട്ടില്ല എന്ന് അയാളുടെ സുഹൃത്ത് പറയുന്നുണ്ട്. മികച്ച ഒരു Plotter , അതും ഒരു കുറ്റാന്വേഷണനോവല്‍ ആകുമ്പോള്‍ ഒരു ഘടകവും കഥയുടെ പരിഹാരത്തിലേയ്ക്ക് സംഭാവന ചെയ്യുന്നു. വായിച്ച് തീരുമ്പോള്‍ Yet another Detective Novel എന്ന് നമുക്ക് തോന്നാത്തത് എഴുത്തുകാരന് മനുഷ്യരിലുള്ള അഗാധമായ താല്‍പര്യം കൊണ്ടാണ്. അന്വേഷണത്തെ സഹായിക്കുന്ന Gadgets ധാരാളമുണ്ട് എങ്കിലും മനുഷ്യനെ ക്രൈമിലേയ്ക്ക് നയിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ചിന്തിപ്പിക്കാന്‍ ഹിഗാഷിനോയുടെ നോവലുകള്‍ക്ക് കഴിയുന്നുണ്ട്. നോവല്‍ വായിക്കാന്‍ ചിലവഴിച്ച സമയം Fruitful ആണെന്ന് നമുക്ക് അനുഭവപ്പെടുന്നു.

ഹിഗാഷിനോയുടെ ഡിറ്റക്ടീവ് ഗലീലിയോ പരമ്പരയ്ക്ക് കൂടുതല്‍ ഫോളോവേഴ്സ് ഉണ്ട് എന്ന് തോന്നുന്നു. എങ്കിലും കാഗയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഒരു Larger than Life Persona യാണ് പ്രൊഫസര്‍ യുക്കാവ എന്ന അന്വേഷകന് കൊടുത്തിട്ടുള്ളത്. ആ പരമ്പരയില്‍ എനിക്ക് രസകരമായി തോന്നിയിട്ടുള്ളത് കുഷാനഗി എന്ന അന്വേഷകനാണ്. സങ്കീര്‍ണമായ കേസുകള്‍ അവതരിപ്പിക്കുന്നത് ഗലീലിയോ പരമ്പരയിലാണ്. Newcomer എന്ന കാഗ നോവലും കയ്യിലുണ്ട് ഇത് വരെ വായിച്ചിട്ടില്ല. കുറ്റാന്വേഷണ നോവല്‍ എഴുതാനും വായിക്കാനും ഇഷ്ടപ്പെടുന്നവര്‍ക്ക് A Death in Tokyo പിന്തുടരാവുന്നതാണ്.

Leave a Reply

spot_img

Related articles

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആര്‍...

കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു

ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയായിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.ഒരു മുന്‍ എംഎല്‍എയുടെ മകന്...

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നിര്‍ത്തിവെച്ച്‌ കോടതി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നിര്‍ത്തിവെച്ച്‌ കോടതി. പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോടതിയില്‍...

കോട്ടയത്ത് മഴ തുടരുന്നു; പുതുപ്പള്ളി പള്ളി റോഡിൽ വെള്ളം കയറി

രാവിലെ ഇടവിട്ട് പെയ്ത മഴ വീണ്ടും കോട്ടയം ജില്ലയിൽ ശക്തി പ്രാപിക്കുന്നു. ഇതേ തുടർന്ന് വീണ്ടും കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. നിലവിൽ കോട്ടയം...