മർഫി റേഡിയോകളുടെ കഥ

അജിത് കളമശേരി

1929ൽ ഫ്രാങ്ക് മർഫി എന്ന ഇലക്ട്രോണിക്സ് തൽപ്പരകക്ഷി വാൽവ് റേഡിയോകൾ നിർമ്മിക്കാനായി EJ പവർ എന്ന കമ്പനിയുടെ സാമ്പത്തിക സഹകരണത്തോടെ ബ്രിട്ടണിൽ ആരംഭിച്ച കമ്പനിയാണ് മർഫി റേഡിയോസ്.

തട്ടിമുട്ടി അങ്ങനെ പോയിരുന്ന കമ്പനി വലിയ സാമ്പത്തിക പുരോഗതിയൊന്നും കൈവരിച്ചില്ല.

അങ്ങനെയിരിക്കെ രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി കമ്യൂണിക്കേഷൻ ട്രാൻസീവറുകൾ നിർമ്മിക്കാനുള്ള വമ്പൻ കോൺട്രാക്റ്റ് മർഫിറേഡിയോക്ക് ലഭിച്ചു.

ഇതോടെ ബ്രിട്ടീഷ് സൈന്യത്തിൻ്റെ സാന്നിദ്ധ്യമുള്ള എല്ലാ രാജ്യങ്ങളിലും മർഫിറേഡിയോ എന്ന പേര് പ്രസിദ്ധമായി.

ഈ ബ്രാൻഡ് മൂല്യവും, സൈന്യത്തിന് വേണ്ടി ഉറപ്പും, കരുത്തുമേറിയ ഉൽപ്പന്നങ്ങൾ നിർമ്മിച്ച അനുഭവസമ്പത്തും കൈമുതലാക്കി കമ്പനി കുതിച്ച് ചാട്ടത്തിനൊരുങ്ങി.

അയർലണ്ടിലെ അയലണ്ട് ബ്രിഡ്ജിൽ രണ്ടാമത്തെ ഫാക്ടറി തുടങ്ങി.നൂറിൽ അധികം ജീവനക്കാർ ഇവിടെയുമുണ്ടായിരുന്നു.

ഇതിനിടെ കാശു മുടക്കിയ EJ പവർ കമ്പനിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് ഫ്രാങ്ക് മർഫി താൻ തുടങ്ങിയ സ്ഥാപനം ഉപേക്ഷിച്ച് FM റേഡിയോ എന്ന സ്ഥാപനം തുടങ്ങി (ഫ്രാങ്ക് മർഫി റേഡിയോ)

മർഫി റേഡിയോ എന്ന വാണിജ്യ നാമം EJ പവർ കമ്പനിയുടെ കൈവശം തന്നെ തുടർന്നു പോന്നു.

1948 ൽ ബോംബെയിലെ ഡോക്ടർ ശിരോദ്കർ എന്ന വ്യക്തി മർഫി റേഡിയോ ഇംഗ്ലണ്ടുമായി ഒരു വ്യാപാര കരാറിൽ ഏർപ്പെടുകയും അവരുടെ ടെക്നോളജി പിൻബലത്തിൽ ഇന്ത്യയിൽ മർഫി റേഡിയോകൾ നിർമ്മിക്കാനുള്ള അവകാശം നേടുകയും ചെയ്തു.

1949 മുതൽ ഇന്ത്യയിൽ മർഫി വാക്വം ട്യൂബ് റേഡിയോകളുടെ നിർമ്മാണം ആരംഭിച്ചു.

ഡയലിൽ സ്റ്റേഷനുകളുടെ പേര് എഴുതുന്ന പരിപാടി ആദ്യമായി തുടങ്ങിയത് മർഫി ആയിരുന്നു. ബോംബെയിലെ പരേൽ എന്ന സ്ഥലത്തായിരുന്നു ഫാക്ടറി.

ഇന്നും മർഫിറേഡിയോകളുടെ ഓർമ്മകൾ ഉണർത്തി ആ കമ്പനി നിലനിന്നിരുന്ന സ്ഥലത്ത് കൂടി കടന്നു പോകുന്ന റോഡിന് സ്ഥാപകൻ്റെ ഡോക്ടർ ശിരോദ്കറുടെ പേര് നൽകി ബഹുമാനിച്ചിട്ടുണ്ട് ബോംബെ മുനിസിപ്പൽ കോർപ്പറേഷൻ..

വിദേശ കമ്പനി പൂട്ടിപ്പോയിട്ടും ഇന്ത്യൻ കമ്പനി നിലനിന്നുപോന്നു.

വാൽവ് റേഡിയോകളായിരുന്നു മർഫി ഇന്ത്യയുടെ പ്രധാന ഉൽപ്പന്നം ,റെക്കാഡ് പ്ലയറുകൾ, ആംപ്ലിഫയറുകൾ എന്നിവ പരിമിതമായും നിർമ്മിച്ചിരുന്നു. ഇന്ത്യയിലെ അന്നത്തെ നമ്പർ വൺ ബ്രാൻഡായ ഫിലിപ്സിന് ഒത്ത എതിരാളി തന്നെയായിരുന്നു മർഫിയും.

ഇന്ത്യയിൽ ട്രാൻസിസ്റ്റർ തരംഗം ആരംഭിച്ച 1970 കളിൽ മർഫിയും വാൽവ് റേഡിയോ നിർമ്മാണം കുറച്ച് ഒതുക്കമുള്ള ട്രാൻസിസ്റ്റർ റേഡിയോ നിർമ്മാണത്തിലേക്ക് കടന്നു.

ജർമ്മേനിയം ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചായിരുന്നു ആദ്യ കാല ട്രാൻസിസ്റ്റർ റേഡിയോകൾ..

പൊതുജനങ്ങൾ കേട്ട് പഴകിയ വാൽവ് റേഡിയോകളുടെ ശബ്ദം അനുകരിക്കുന്ന വിധത്തിൽ ട്യൂൺ ചെയ്ത മർഫിയുടെ ട്രാൻസ്ഫോർമർ കപ്പിൾഡ് ജർമ്മേനിയം ട്രാൻസിസ്റ്റർ റേഡിയോകൾ പ്രചുര പ്രചാരം നേടി.

ക്വാളിറ്റി പാർട്സുകളും സവിശേഷ സർക്യൂട്ടും നിമിത്തം അതേ കാറ്റഗറിയിൽ വരുന്ന ഫിലിപ്സ് റേഡിയോ മോഡലുകളേക്കാൾ 25 രൂപ അധികം വില വന്നിരുന്നത് കൊണ്ട് സാമ്പത്തികമായി അൽപ്പം കഴിവുള്ളവരും, ഗാനാസ്വാദകരും മാത്രമേ മർഫി ട്രാൻസിസ്റ്റർ റേഡിയോകൾ ആദ്യകാലങ്ങളിൽ വാങ്ങിയിരുന്നുള്ളൂ.

സമാന ഫിലിപ്സ് റേഡിയോകളേക്കാൾ അരകിലോ എങ്കിലും അധികഭാരം മർഫിറേഡിയോകൾക്ക് കൂടുതൽ വരുമായിരുന്നു.

സ്ട്രോങ്ങ് ക്യാബിനെറ്റിൻ്റെ അധികഭാരമായിരുന്നു ഇത്.. അബദ്ധത്തിൽ ഒന്ന് താഴെ വീണാലും ഒന്നും സംഭവിക്കില്ല..

മിലിട്ടറി ക്യാൻ്റീൻ മുഖേന ലഭ്യമായിരുന്നതിനാൽ കേരളത്തിൽ പട്ടാളക്കാരുടെ വീടുകളിലെല്ലാം മർഫിറേഡിയോ നിറസാന്നിദ്ധ്യമായിരുന്നു.

ചതുരാകൃതിയിലുള്ള കമ്പിയിൽ ലാമിനേറ്റഡ് ചെമ്പ് കമ്പി ചുറ്റിയ ട്രിമ്മറുകൾ മർഫി റേഡിയോകളുടെ പ്രത്യേകതയായിരുന്നു.

പാർട്സ് ഡെൻസിറ്റി വളരെയധികമായിരുന്ന ബ്രിട്ടീഷ് സർക്യൂട്ടുകൾ ഫോളോ ചെയ്തിരുന്നതിനാൽ വളരെ എക്സ്പീരിയൻസുള്ള മെക്കാനിക്കുകൾ മാത്രമേ മർഫി റേഡിയോകളിൽ കൈവച്ചിരുന്നുള്ളൂ. പരിചയമില്ലാത്തവർ കൈവച്ചാൽ പണി പാളും!

വിരൽ ചുണ്ടിൽ ചേർത്ത് റേഡിയോ ശ്രദ്ധിക്കുന്ന കുട്ടിയുടെ ചിത്രം മർഫിറേഡിയോയുടെ ബ്രാൻഡ് ഐഡൻ്റിറ്റി ആയിരുന്നു.

ബിനാക്കാ ഗീത് മാല എന്ന ചലച്ചിത്ര ഗാന പരിപാടിക്കിടെ മുഹമ്മദ് റാഫി പാടിയ മർഫി ഹർ ഘർ കി റോനക് എന്ന പരസ്യ ഗാനം ശ്രീലങ്കാ പ്രക്ഷേപണ കേന്ദ്രത്തിലൂടെ തുടർച്ചയായി പ്രക്ഷേപണം ചെയ്തു വന്നിരുന്നത് പഴയ തലമുറയിൽ പെട്ടവരുടെ ഒരു നൊസ്റ്റാൾജിയയാണ്.

ചീവിട് പോലെ ചീറ്റുന്ന റേഡിയോകൾക്കിടയിൽ ലോ ഫ്രീക്വൻസി റസ്പോൺസ് നല്ല പോലെ ഉണ്ടായിരുന്ന മർഫിറേഡിയോകൾ വേറിട്ട് നിന്നിരുന്നു.

1974ൽ മർഫി കമ്പനിയുടെ ഉടമസ്ഥത ബുഷ് ഇന്ത്യയുടെ ഉടമസ്ഥരായ റാങ്ക് ഓർഗനൈസേഷൻ ഏറ്റെടുത്തു. DD ലഖൻ പാലിൻ്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി താനെയിലുള്ള വർലി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്ക് മർഫിയുടെ ഫാക്ടറി മാറ്റി സ്ഥാപിച്ചു. ജപ്പാനിലെ പാനാസോണിക്കിൻ്റെ സഹകരണത്തോടെ ഇന്ത്യയിൽ നൊവീനോ ബാറ്ററികൾ നിർമ്മിച്ചിരുന്നത് DDലഖൻപാലാണ് .

പുതിയ ഉടമസ്ഥതതയിൽ ആദ്യകാലത്തിറങ്ങിയ ഓരോ മർഫി ട്രാൻസിസ്റ്റർ റേഡിയോയുടെ പിന്നാമ്പുറത്തും നൊവീനോ ബാറ്ററികൾ ഉപയോഗിക്കൂ എന്ന പരസ്യം കാണാം.

ഏതാനും മോഡൽ ടേപ്പ് റിക്കോർഡറുകൾ, കാസറ്റ് പ്ലയറുകൾ എന്നിവയും കമ്പനി പുറത്തിറക്കിയിരുന്നു. റേഡിയോ പോലെ തന്നെ നല്ല ശബ്ദ ഗുണമേൻമയുള്ളവയായിരുന്നു ഇവയും.

1985 മദ്ധ്യത്തോടെ വർലിയിലെ കമ്പനി പൂർണ്ണമായും പാനാസോണിക് ഏറ്റെടുക്കുകയും അവരുടെ നിർമ്മാണപോളിസി പ്രകാരം മർഫി കമ്പനി റേഡിയോ നിർമ്മാണം അവസാനിപ്പിക്കുകയും ചെയ്തു.

അങ്ങനെ ഒരു കാലത്ത് ഇന്ത്യയിലെ ലക്ഷക്കണക്കിന് കുടുംബ സദസുകളെ സംഗീത നിർഭരമാക്കിയിരുന്ന മർഫിറേഡിയോ കളമൊഴിഞ്ഞു.

മർഫിയുടെ ശബ്ദ ഗുണമേൻമയിൽ മികച്ചു നിന്ന ഒരു 3ബാൻഡ് മോഡലായിരുന്നു മർഫി മനോഹർ.1974ൽ പുറത്തിറങ്ങിയ ആദ്യ മോഡലിന് ഫ്രണ്ടിലായിരുന്നു ബാൻഡ് സ്വിച്ച്. ഇത് പൂർണ്ണമായും ജർമ്മേനിയം ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് നിർമ്മിച്ചവ ആയിരുന്നു.

പിന്നീട് പുറകിൽ ബാൻഡ് സ്വിച്ച് വരുന്ന 3 ബാൻഡ് മോഡൽ ഇറങ്ങി ഇത് സിലിക്കോൺ ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കുന്നവയായിരുന്നു.

പിന്നീട് കറണ്ടിൽ വർക്ക് ചെയ്യുന്ന മോഡലും ,2 ബാൻഡ് മോഡലുകളും ഇറങ്ങിയിരുന്നു.

1974ൽ 325 രൂപയായിരുന്നു മർഫി മനോഹറിൻ്റെ വില!3 ബാൻഡ് റേഡിയോ ആയതിനാൽ ഉപയോഗിക്കുന്നതിന് ലൈസൻസ് വേണമായിരുന്നു.വർഷം 15 രൂപ അടച്ച് ലൈസൻസ് പുതുക്കേണ്ടിയുമിരുന്നു.

മർഫിറേഡിയോ പ്രധാന കഥാപാത്രമായി വരുന്ന ബർഫി എന്നൊരു ഹിന്ദി സിനിമയും 2012ൽ ഇറങ്ങിയിട്ടുണ്ട്.

ഇപ്പോൾ വളരെ അപൂർവ്വമായതിനാൽ വിൻ്റെജ് റേഡിയോ കളക്റ്റർമാരുടെ ഇടയിൽ വളരെ പ്രീയപ്പെട്ടവനാണ് മർഫി മനോഹർ

പ്രത്യേകിച്ച് കാഴ്ചയിൽ കറുത്ത തൊപ്പിയിട്ട പോലെ തോന്നിക്കുന്ന മനോഹരമായ കറുപ്പും വെളുപ്പും ഇടകലർന്ന ഗ്ലാസ് എൻ ക്യാപ്സുലേറ്റഡ് ട്രാൻസിസ്റ്ററുകളും ഒപ്പം ട്രാൻസ്ഫോർമർ കപ്പിൾഡ് സർക്യൂട്ടും ഉപയോഗിക്കുന്ന

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...