മരിയ റോസ്
സിമനന്‍റെ Roman Durs എന്നറിയപ്പെടുന്ന സൈക്കളോജിക്കല്‍ ത്രില്ലര്‍ നോവലുകളില്‍ പെട്ട ഒരു രചനയാണ് The Snow was Dirty. ഈ പരമ്പരയില്‍ പെട്ട മികച്ച രചനയായി പലരും ഈ നോവലിനെ പരിഗണിക്കുന്നുണ്ട്. Albert Camus ന്‍റെ The Outsider എന്ന നോവലിനോട് പലരും ഈ നോവലിനെ താരതമ്യപ്പെടുത്തുന്നു.
വ്യക്തിപരമായി നോവലിന്‍റെ ‘കഥ’ യൊന്നും അത്ര ആകര്‍ഷകമായി എനിക്ക് അനുഭവപ്പെട്ടില്ല. പക്ഷെ കഥയെക്കാള്‍ കേന്ദ്രകഥാപാത്രത്തിന്‍റെ ‘അനുഭവ-ആഖ്യാനം, അയാളുടെ സാമൂഹിക-രാഷ്ട്രീയ പരിസരം, അയാളുടെ മനശാസ്ത്രം’ എന്നിവയിലാണ് നോവല്‍ ശ്രദ്ധ ഊന്നുന്നത്. അത് കൊണ്ട് തന്നെ സിമനന്‍റെ പതിവ് Roman Durs നെക്കാള്‍ വലുതാണ് ഈ നോവല്‍. ഘടനയും അല്‍പം ലൂസ് ആണ്.
ഫ്രാങ്ക് ഫ്രെഡ്മെയര്‍ എന്ന പത്തൊന്‍പത് കാരനായ ചെറുപ്പക്കാരന്‍റെ ജീവിതത്തെ ചുറ്റിപ്പറ്റി മൂന്ന് ഭാഗങ്ങളായാണ് ആഖ്യാനം. തേഡ് പേഴ്സണിലാണ് കഥ പറയുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും കഥ ഫ്രാങ്കില്‍ നിന്ന് വിട്ട് പോകുന്നില്ല. അയാള്‍ ചെയ്യുന്നത്, അയാള്‍ ചിന്തിക്കുന്നത് ഇത് മാത്രമാണ് നോവല്‍ പറയുന്നത്. ചില എഴുത്തുകാര്‍ ഇത്തരം ആഖ്യാനത്തിന് ഫസ്റ്റ് പെഴ്സന്‍ ഉപയോഗിക്കാറുണ്ട്.
ഫ്രാങ്കിന്‍റെ ക്യാരക്ടര്‍സൃഷ്ടി, അയാളുടെ മാനസികാവസ്ഥ തന്നെയാണ് നോവലില്‍ ഏറ്റവും പ്രധാനമായതും. മറ്റൊരു രാജ്യത്തിന്‍റെ ഭരണത്തിന്‍ കീഴില്‍ കഴിയുന്ന ഒരു നഗരത്തിലാണ് കഥ നടക്കുന്നത്. ഏത് രാജ്യം ഏത് രാജ്യത്തിന്‍റെ കീഴില്‍ എന്ന് നോവലില്‍ പരാമര്‍ശിക്കുന്നില്ല. അവിടെ അമ്മയോടൊപ്പം കഴിയുകയാണ് ഫ്രാങ്ക്. അയാള്‍ ഒരു പബ്ബില്‍ പതിവുകാരനാണ്. അയാള്‍ ഇടപെടുന്നവരെല്ലാം കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവരാണ്. താന്‍ “വയസ്സറിയിച്ച”തായി സ്വയം കണക്കാക്കണമെങ്കില്‍ താന്‍ ആരെയെങ്കിലും കൊല്ലണം എന്നാണ് ഫ്രാങ്ക് സ്വയം കരുതുന്നത്. നോവല്‍ തുടങ്ങുമ്പോള്‍ ഫ്രാങ്ക് അങ്ങനെ ആരെയെങ്കിലും കൊല്ലാന്‍ പദ്ധതിയിട്ട് നടക്കുകയാണ്.
തക്കം കിട്ടുന്ന ഒരു രാത്രി ഫ്രാങ്ക് ഒരു പട്ടാള ഓഫീസറെ കൊല്ലുകയും അയാളുടെ റിവോള്‍വര്‍ കൈക്കലാക്കുകയും ചെയ്യുന്നു. എന്നാല്‍ ആ കൊലപാതകത്തിന് ഒരു സാക്ഷിയുണ്ടാകുന്നു. അവന്‍ താമസിക്കുന്ന അതേ അപ്പാര്‍ട്ട്മെന്‍റില്‍ തന്നെ താമസിക്കുന്ന ഒരു മധ്യവയസ്കനാണ് ഹോള്‍സ്റ്റ് എന്ന അയാള്‍. ആ മനുഷ്യന്‍ തന്നെ പോലീസിന് പിടിപ്പിക്കുമോ എന്ന് ഫ്രാങ്ക് ചിന്തിക്കുന്നുണ്ട്. പക്ഷെ അയാള്‍ അങ്ങനെയൊന്നും ചെയ്യുന്നില്ല. അത് കൊണ്ട് തന്നെ ഫ്രാങ്കിന് ഇദ്ദേഹത്തെക്കാണുമ്പോള്‍ എന്തോ ഒരു “ഇത്” അനുഭവപ്പെടുന്നുണ്ട്.
ഫ്രാങ്കിന്‍റെ അമ്മ ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്തുകയാണ് എന്ന വ്യാജേന ഒരു വേശ്യാലയം നടത്തുകയാണ്. അവര്‍ക്ക് വേണ്ടി ഒരു പിമ്പ് ആയും ഫ്രാങ്ക് ജോലി ചെയ്യാറുണ്ട്. അമ്മയുടെ ആലയത്തില്‍ വരുന്ന കസ്റ്റമര്‍മാരുടെ സീനുകള്‍ ഒളിഞ്ഞു നോക്കുക, ചിലപ്പോള്‍ ആ പെണ്‍കുട്ടികളുടെ കൂടെ കിടക്കുക ഇതൊക്കെയും ഫ്രാങ്കിന്‍റെ ചര്യകളില്‍ പെട്ടതാണ്. എന്നാല്‍ ഇതൊന്നും ഫ്രാങ്കിനെ ആഹ്ളാദിപ്പിക്കുകയോ രസിപ്പിക്കുകയോ വികാരം കൊള്ളിക്കുകയോ ഒന്നും ചെയ്യുന്നില്ല.
തന്‍റെ കൊലപാതകത്തിന് സാക്ഷിയായ ഹോള്‍സ്റ്റിന്‍റെ മകള്‍ സിസിയുമായി ഫ്രാങ്ക് അടുപ്പത്തിലാകുന്നുണ്ട്. അവള്‍ക്ക് അവനോട് പ്രേമം തോന്നുന്നുണ്ട്. പക്ഷെ അവന് ഒന്നുമില്ല. ഒരിക്കല്‍ വീട്ടില്‍ കൊണ്ട് വന്ന് ഫ്രാങ്ക് അവളെ അവന്‍റെ സ്നേഹിതന്‍ ക്രോമറിന് കൂട്ടിക്കൊടുക്കുന്നു. രക്ഷപെടാനുള്ള ശ്രമത്തില്‍ അവള്‍ക്ക് പരുക്ക് ഏല്‍ക്കുന്നുണ്ട്. അവളും അവന്‍ പ്രതീക്ഷിക്കുന്ന മട്ടില്‍ അവനോട് പ്രതികരിക്കുന്നില്ല. ഇതിനിടയില്‍ ഒരു മോഷണശ്രമത്തിനിടയില്‍ ഫ്രാങ്ക് ഒരു വൃദ്ധയെ വെടി വച്ച് കൊല്ലുന്നുമുണ്ട്.
ഇങ്ങനെ ജീവിതം ജീവിച്ച് വരവേ ഒരു ദിവസം ഫ്രാങ്കിനെ അധികാരികള്‍ അറസ്റ്റ് ചെയ്യുന്നു. അവന്‍ ചെയ്ത ക്രൈമുകള്‍ക്കൊന്നുമല്ല അവന്‍ അറസ്റ്റിലാകുന്നത്. നോവലിന്‍റെ പകുതിയില്‍ വച്ച് സംഭവിക്കുന്ന ഈ അറസ്റ്റിന് ശേഷം ബാക്കി മുഴുവന്‍ തടവറയ്ക്കുള്ളില്‍ ഫ്രാങ്കിന്‍റെ ചിന്തകളാണ് ഈ നോവല്‍. തടവില്‍ നിന്ന് ഇടയ്ക്കിടെ അവനെ ചോദ്യം ചെയ്യാന്‍ കൊണ്ട് പോകുന്നു. പിന്നെയും തിരിച്ച് കൊണ്ട് പോയി വിടുന്നു. എന്താണ് അവര്‍ തിരയുന്നത്? അവന്‍റെ ജീവിതം, അമ്മയുടെ വേശ്യാലയം, അവന്‍റെ പതിവ് കമ്പനികള്‍ ഇതെല്ലാം അവര്‍ക്കറിയാം. തൊട്ടും തൊടാതെയും ഉത്തരം പറഞ്ഞ് ഫ്രാങ്ക് മുന്നോട്ട് പോകുന്നു. ഇടയ്ക്കിടെ അമ്മ അവനെ സന്ദര്‍ശിക്കുന്നുണ്ട്. അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ദിവസം ഹോള്‍സ്റ്റും മകളും അവനെ സന്ദര്‍ശിക്കുന്നു. അവര്‍ എല്ലാം പോലീസിനോട് പറയും എന്ന് അവന്‍ പ്രതീക്ഷിക്കുകയാണ്. പക്ഷെ അവര്‍ ഒന്നും പറയുന്നില്ല. ഹോള്‍സ്റ്റ് ഒരു പിതാവിനെപ്പോലെ അവനെ ആശ്വസിപ്പിക്കുകയും സിസ്സി താന്‍ ഇപ്പോഴും അവനെ സ്നേഹിക്കുന്നു എന്ന് പറയുകയുമാണ് ചെയ്യുന്നത്. ജീവിതത്തെക്കുറിച്ചുള്ള അവന്‍റെ മുന്‍വിധികള്‍ തകിടം മറിയുന്നത് കൊണ്ടാകാം. ഫ്രാങ്ക് തന്‍റെ കുറ്റകൃത്യങ്ങള്‍ മുഴുവന്‍ അധികാരികളോട് ഏറ്റു പറയുന്നു.
കഥയില്‍ രഹസ്യങ്ങളോ Spoiler കളോ ഒന്നും ഇല്ലാത്തത് കൊണ്ടും അത്തരം വായന ആവശ്യപ്പെടുന്ന രചന അല്ലാത്തത് കൊണ്ടുമാണ് സുപ്രധാന സംഭവവികാസങ്ങള്‍ പറഞ്ഞത്. മൈഗ്രേ നോവലുകള്‍ തന്‍റെ സര്‍ഗശേഷിയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യുന്നില്ല എന്ന് തോന്നിയപ്പോഴാണ് സിമനന്‍ “പരുക്കന്‍ നോവലുകള്‍” എന്ന് താന്‍ വിളിച്ച Roman Durs എഴുതിത്തുടങ്ങുന്നത്. ഈ നോവലുകള്‍ ഇന്ന് സിമനന്‍റെ മികച്ച രചനകളായി പരിഗണിക്കുന്നു എങ്കിലും മൈഗ്രേ നോവലുകള്‍ നേടിയ വായനാവിജയം ഇവ നേടിയില്ല.
Man Who Watched The Train Go By, Strangers in the House എന്നിവയ്ക്കൊപ്പം ഏറ്റവും മികച്ച Roman Durs ലാണ് Snow was Dirty യുടെ സ്ഥാനം. Dirty Snow എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് . Roman Durs തനിക്ക് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിത്തരും എന്ന് വരെ അദ്ദേഹം പ്രതീക്ഷിച്ചിരുന്നു.
എല്ലാവര്‍ക്കും സജസ്റ്റ് ചെയ്യുന്നില്ല. ആദ്യമായി സിമനന്‍ വായിക്കുന്നവര്‍ക്കും രസിക്കുമെന്ന് തോന്നുന്നില്ല.