സാഹിത്യ കൃതിയും സിനിമയും

മരിയറോസ്

ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത് വലിയ കലാസൃഷ്ടിയൊന്നുമല്ല എന്നും തികഞ്ഞ ബോധ്യം ഉള്ളവരാണ് ഷാജി കൈലാസ്, ജോഷി തുടങ്ങിയവര്‍ എന്ന് തോന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അവരുടെ സിനിമയും അവരും Pretentious ആയി അനുഭവപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ അറിഞ്ഞോ അറിയാതെയോ കലാപരമായ ഘടകങ്ങള്‍ അവരുടെ സിനിമയില്‍ വരുമ്പോള്‍ അതവരുടെ കരിയറില്‍ വലിയ ബോണസ് ആയി മാറാറുണ്ട്. കൊമേര്‍ഷ്യല്‍ സിനിമയുടെ പ്രേക്ഷകര്‍ നടന്മാരുടെ പേരില്‍ മാത്രം സിനിമയെ തിരിച്ചറിഞ്ഞ് കണ്ടിരുന്ന കാലത്ത് തന്നെ ഷാജി കൈലാസിന്‍റെ തൊണ്ണൂറുകളിലെ ഹിറ്റ്‌ സിനിമകളിലെ എടുപ്പ് ശൈലികള്‍ സംവിധായകന്‍റേത് എന്ന നിലയില്‍ ആളുകള്‍ തിരിച്ചറിഞ്ഞിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. കമ്മീഷണര്‍, കിംഗ് തുടങ്ങിയ സിനിമകളുടെ ഓപ്പണിംഗ് സീക്വന്‍സുകള്‍, അക്കാലത്തെ ഷാജി സിനിമകളില്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചിരുന്ന ഒരു ബിജിഎം, സിഗരറ്റ് സ്റ്റമ്പ് പോലെ ചില നിസ്സാരവസ്തുകള്‍ എറിഞ്ഞ് കളയുന്നതിന്‍റെ ചില ഭീമന്‍ ക്ലോസപ്പുകള്‍. ഏകലവ്യന്‍ ഇറങ്ങിയപ്പോള്‍ വില്ലനായ സ്വാമി അമൂര്‍ത്താനന്ദയെ അവതരിപ്പിച്ചതിന്‍റെ പേരില്‍ വീടിന് കല്ലേറ് വാങ്ങുകയും മറ്റും ചെയ്ത ഷാജി കൈലാസ് പിന്നീട് രഞ്ജിത്തിന്‍റെ ഒപ്പം അതിന് പരിഹാരം ചെയ്യുന്ന നിരവധി സിനിമകള്‍ ചെയ്തതും നമുക്ക് അറിയാം. തൊണ്ണൂറുകളില്‍ തന്‍റെ സിനിമയിലുണ്ടായിരുന്ന പല കൊള്ളാവുന്ന ഘടകങ്ങളും തന്‍റെ ചോയ്സ് ആയിരുന്നില്ല, മറിച്ച് യാദൃശ്ചികമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ തന്‍റെ സമകാലികരായ മറ്റ് പ്രമുഖ സംവിധായകരെയും പോലെ ഷാജി കൈലാസും രണ്ടായിരങ്ങളുടെ ഒടുവിലോടെ Outdated ആയിപ്പോയിരുന്നു. ആ പരിസരത്ത് നിന്നാണ് ഒരു Adaptation സിനിമാശ്രമവുമായി ഷാജി കൈലാസ് കാപ്പയുടെമായി വരുന്നത്.

ആദ്യമായാണ്‌ ഷാജി കൈലാസ് ഒരു സാഹിത്യകൃതി Adapt ചെയ്യാന്‍ ശ്രമിക്കുന്നത് എന്ന് തോന്നുന്നു. അത് തുടക്കം മുതല്‍ ഒരു ഷാജി കൈലാസ് പ്രൊഡക്ഷന്‍ ആയിരുന്നില്ല എന്നാണ് മനസിലാക്കുന്നത്. പിന്നീട് അദ്ദേഹം അതിലേയ്ക്ക് എത്തിയതാണ്. എഴുത്തുകാരന്‍റെ തന്നെ സ്ക്രിപ്റ്റ് ആയതിനാല്‍ തികഞ്ഞ കൊമേര്‍ഷ്യല്‍ സമീപനക്കാരനായ ഷാജി കൈലാസ് അത് എങ്ങനെ Render ചെയ്യുമെന്നതില്‍ എനിക്ക് ഒരു കൌതുകമുണ്ടായിരുന്നു. ഷാജി കൈലാസ് സിനിമയെ കലാപരമായി സമീപിച്ചു എന്നതിനേക്കാള്‍ ഇന്ദുഗോപന്‍ കഥയെ കോമേര്‍ഷ്യല്‍ ആയി മാറ്റിയെടുത്ത് സംവിധായകനെ സപ്പോര്‍ട്ട് ചെയ്തു എന്ന് വിലയിരുത്താവുന്ന ഒരു സിനിമയാണ് കാപ്പ.

ഇന്ദുഗോപന്‍റെ “ശംഖുമുഖി” എന്ന കഥ അദ്ദേഹത്തിന്‍റെ അടുത്ത കാലത്തായി ശ്രദ്ധ നേടിയ ലോക്കല്‍ ഗാംഗ്സ്റ്റര്‍മാരുടെ കഥകള്‍ പറയുന്ന കഥകളില്‍ പെടുന്ന ഒന്നാണ് വിദേശ-ഗാംഗ്സ്റ്റര്‍ സിനിമകളില്‍ വേരുകളുള്ള കൊച്ചി ഗാംഗ്സ്റ്റര്‍ കഥകളില്‍ നിന്ന് വ്യത്യസ്തമാണ് ഇന്ദുഗോപന്‍ അവതരിപ്പിക്കുന്ന ലോകം. പ്രദേശങ്ങളുടെ ലോക്കല്‍ കളര്‍ അവയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇന്ദുഗോപന്‍റെ കഥയിലുള്ള സംഭവവികാസങ്ങളെല്ലാം നടന്ന ഓര്‍ഡറില്‍ തന്നെ സിനിമയിലുണ്ട്. ഒന്നാമത്തെ അധ്യായവും സിനിമയുടെ പ്രഥമരംഗങ്ങളും ഏതാണ്ട് ഒരേ പോലെ തന്നെ ചിത്രീകരിച്ചിട്ടുമുണ്ട്. മാറ്റങ്ങള്‍ ഏറിയ പങ്കും ഒരു സിനിമയ്ക്ക് ആവശ്യമായ നാടകീയതയ്ക്കും വിശ്വാസ്യതയ്ക്കും വേണ്ടിയുള്ളതാണ്.

ഞാന്‍ സിനിമ കണ്ട ശേഷമാണ് നോവലെറ്റ് വായിക്കുന്നത്. കൊട്ട മധുവിന്‍റെ പ്രിഥ്വിരാജ് വേര്‍ഷന്‍ ഷാജി കൈലാസിന് വേണ്ടി രൂപപ്പെടുത്തിയതാകാം എന്നാണ് ഞാന്‍ കരുതിയത് എങ്കിലും ചെയ്യുന്ന പ്രവര്‍ത്തികളില്‍ കുറ്റബോധവും മനസ്സാക്ഷിയും അതിന്‍റെ കുത്തുമൊക്കെയായി നടക്കുന്ന ഒരു ജനപ്രിയ ഹീറോയുടെ അച്ചില്‍ ഉണ്ടാക്കിയ കഥാപാത്രം തന്നെയാണ് നോവലിലും കൊട്ട മധു. മധുവിന് നേരെയുള്ള വധശ്രമത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു എന്ന നിലയിലാണ് സിനിമയില്‍ ആനന്ദും മധുവും തമ്മിലുള്ള അടുപ്പം ഉറപ്പിക്കുന്നതെങ്കില്‍ നോവലില്‍ ആക്രമണരംഗത്ത് ആനന്ദ് മധുവിനെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് സിനിമയില്‍ നിന്ന് ഒഴിവാക്കിയത് കൊണ്ട് മധുവിനെ കൂടുതല്‍ ഹീറോയിക് ആക്കാം എന്നൊരു ഗുണമുണ്ട് എങ്കിലും വെബ് സീരീസുകളില്‍ മാത്രം തോക്ക് കണ്ടിട്ടുള്ള ആനന്ദ് ആദ്യമായൊരു ആക്രമണം കാണുന്നതിനെക്കുറിച്ച് ആവേശം കൊള്ളുന്നതും മറ്റും നോവലില്‍ തന്നെ അസ്ഥാനത്താണ് എന്നാണ് എനിക്ക് തോന്നിയത്.

സിനിമയുടെ ക്ലൈമാക്സില്‍ ആനന്ദിനെ മുന്‍നിര്‍ത്തിയാണ് കൊട്ട മധുവിനെ വധിക്കുന്നത് എന്നതും സിനിമയ്ക്ക് ആവശ്യമായ ഒരു കോണ്‍ഫ്ലിക്റ്റ് കൊണ്ട് വരുന്നുണ്ട്. നോവലില്‍ അതിന് ആനന്ദുമായി ബന്ധമില്ല. അത് കൊണ്ട് തന്നെ സിനിമയില്‍ ആനന്ദ് പ്രമീളയെക്കാണാന്‍ വീട്ടില്‍ വരുന്നതില്‍ കൂടുതല്‍ ഉദ്വേഗമുണ്ട്. മുഴുവന്‍ പദ്ധതികളും ലത്തീഫിലൂടെ ബിനുവിന്‍റെ പ്ലാന്‍ ആണെന്നത് നോവലില്‍ മുന്‍പ് തന്നെ വെളിപ്പെടുത്തുന്നുണ്ട്. പക്ഷെ സിനിമ അതിനെ ഒരു ക്ലൈമാക്ടിക്ക് ട്വിസ്റ്റ്‌ ആയി ഉപയോഗപ്പെടുത്താം എന്നത് കൊണ്ടാണ് കൈമാറ്റം ചെയ്യപ്പെടുന്ന മോതിരവും മറ്റും നേരത്തെ കഥയില്‍ ഉപയോഗിക്കപ്പെടുന്നത്. കഥാവസാനം ഗാംഗ് വാര്‍ രണ്ട് സ്ത്രീകളില്‍ എത്തി നില്‍ക്കുന്നു എന്നത് ഒരു ടിപ്പിക്കല്‍ ഇന്ദുഗോപന്‍ ക്ലൈമാക്സ് ആണ്. വിലായത്ത് ബുദ്ധയില്‍ ഉള്‍പ്പടെ അത്തരം ആഖ്യാനയുക്തി കടന്ന് വരുന്നുണ്ട്. ഒരു ട്വിസ്റ്റില്‍ വിശ്വസിച്ചു കൊണ്ട് അവിടെ ഷാജി കൈലാസ് ഇന്ദുഗോപനെ പിന്തുടരാന്‍ തന്നെ തീരുമാനിച്ചതാവണം. കാരണം അതൊരു ഷാജി കൈലാസ് സ്റ്റഫ് അല്ല.

ബിനു ത്രിവിക്രമന്‍ വാണി വിശ്വനാഥിനെപ്പോലെ “മാച്ചോ” ആയൊരു പെണ്ണ് അല്ല എന്നും അത് അന്ന ബെന്‍ ആണെന്നും അവരുടെ ശരീരഭാഷ എന്താണ് എന്നതും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. അവര്‍ ആണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് എന്നതിലേയ്ക്ക് കഥ എത്തുമ്പോള്‍ മാത്രം അവര്‍ മിസ്‌കാസ്റ്റ് ആണ് എന്ന പൊതുജനാഭിപ്രായം ഞാന്‍ എടുക്കുന്നില്ല. ഒരു പുരുഷ ഐ പി എസ് ഉദ്യോഗസ്ഥന് സുരേഷ് ഗോപി പോലെയൊരു ഘടന വേണമെന്നും ഒരു തെരുവ് ഗുണ്ടയ്ക്ക് കീരിക്കാടന്‍ ജോസിന്‍റെ ഘടന വേണമെന്നും പ്രേക്ഷകര്‍ സങ്കല്‍പ്പിക്കുന്നത് പോലെ “ഗുണ്ട ബിനു” വിനെക്കുറിച്ചും പ്രേക്ഷകര്‍ക്ക് ഒരു ടെംപ്ലേറ്റ് ആവശ്യമുണ്ട് എന്ന് തോന്നുന്നു. വീട്ടിലിരുന്ന് കൊച്ചിനെ വളര്‍ത്തുന്ന ഒരു Scheming വീട്ടമ്മയെ Convincing ആക്കാന്‍ ഇപ്പോഴുള്ളതിൽ കൂടുതൽ ഏത് ശരീരഭാഷയാണ്‌ വേണ്ടത്??

ഞാന്‍ കരുതുന്നത് ജനപ്രിയ സിനിമയുടെയല്ലാത്ത “ലിറ്റററി”യായ ഒരു ക്ലൈമാക്സിനോടുള്ള ജനപ്രിയ പ്രേക്ഷകരുടെ അലോഹ്യമാണ് ഈ മിസ്‌കാസ്റ്റ് വിലയിരുത്തലിന് പിന്നില്‍ എന്നാണ്. പദ്ധതികളുടെ ആസൂത്രണം ആസിഫ് അലിയില്‍ കൊണ്ട് വന്ന് നിര്‍ത്തിയിരുന്നെങ്കില്‍ ഈ കാസ്റ്റിംഗ് ഇഷ്യു തന്നെ ഒരു പക്ഷെ Raise ചെയ്യപ്പെടുമായിരുന്നില്ല എന്ന് ഞാന്‍ കരുതുന്നു. ഷാജി കൈലാസ് ഇക്കാലമത്രയും സെലിബ്രേറ്റ് ചെയ്തത് പോലെയുള്ള ഹീറോയുടെ അന്ത്യം, ഒട്ടും പൌരുഷപ്രകടനമല്ലാത്ത ആസിഫ് അലിയുടെ ആനന്ദ്, പോരെങ്കില്‍ യുദ്ധവും വെല്ലുവിളിയും ഹാന്‍ഡോവര്‍ ചെയ്യപ്പെടുന്നത് രണ്ട് സ്ത്രീജനങ്ങളിലുമാണ്. ഇപ്പോള്‍ ഈ സിനിമയ്ക്ക് കിട്ടിയത് പോലെയൊരു പ്രതികരണം തന്നെയാണ് മലയാളം ജനപ്രിയ സിനിമാ പ്രേക്ഷകരുടെ ഏറ്റവും സ്വാഭാവികമായ പ്രതികരണം.

അഭിനയിച്ചവരില്‍ ദിലീഷ് പോത്തനും ജഗദീഷുമാണ് എനിക്ക് വളരെ ഫലപ്രദമായി തോന്നിയത്. പൃഥിരാജ് സത്യത്തില്‍ മോഹന്‍ലാല്‍-മമ്മൂട്ടി മോഡല്‍ ഹീറോകളുടെ തുടര്‍ച്ചയാണ്. അയാള്‍ക്ക് പുതിയ സിനിമകളില്‍ നടീനടന്മാര്‍ അഭിനയിക്കുന്ന “കാന്‍ഡിഡ്’ മോഡല്‍ അഭിനയം പറ്റില്ല എന്ന് തോന്നുന്നു. ജനപ്രിയ സിനിമ കൂടുതല്‍ Adaptation ലേയ്ക്ക് തിരിയാന്‍ ഈ സിനിമ കാരണമാകും എന്ന് കരുതിയിരുന്നു എങ്കിലും അത് ഇപ്പോഴും സംഭവിക്കാനിടയില്ല. കഥകള്‍ Adapt ചെയ്യുമ്പോള്‍ അതിന്‍റെ “ആത്മാവ്” കൊണ്ട് വരാന്‍ കഴിയില്ല എന്ന പതിവ് സാഹിത്യമൌലികവാദത്തില്‍ തന്നെ ആസ്വാദകര്‍ നില്‍ക്കാനാണ് ഇനിയും സാധ്യത. ഷാജി കൈലാസ് മോഡല്‍ ഘടകങ്ങള്‍ ആവശ്യം പോലെ ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം നടത്തിയ മോശമല്ലാത്ത ശ്രമങ്ങളില്‍ ഒന്നായി തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്. ജിഞ്ചര്‍ പോലെ Hopelessly Outdated ആയിരുന്ന അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രത്യേകിച്ചും.

Leave a Reply

spot_img

Related articles

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം...

”ക്രൗര്യം” ഒക്ടോബർ 18-ന്

പുതുമുഖം സിനോജ് മാക്സ്,ആദി ഷാൻ, അഞ്ചൽ,നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയിൽ,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത്...

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി

തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ.നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്മലയാള...

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി.ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍...