വെള്ളത്തെക്കുറിച്ച് അല്പം കാര്യങ്ങൾ

വെള്ളം ശുദ്ധമാക്കി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും മാർഗ്ഗങ്ങളും


ജലം അമൂല്യമാണ്. അത് പാഴാക്കരുത്, മലിനമാക്കുകയും ചെയ്യരുത്. നിരവധി ജലജന്യരോഗങ്ങൾ നമ്മുടെ നാട്ടിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. മാരകമായ മനുഷ്യനാശം വിതച്ചേക്കാവുന്ന അത്തരം രോഗങ്ങളിൽനിന്ന് മുക്തി നേടാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവുംപോലെ നമ്മുടെ ജലസ്രോതസ്സുകളും സംരക്ഷിക്കാം. ചൂട് രൂക്ഷമായിത്തുടരുകയും മഴയുടെ ലഭ്യത കുറയുകയും ചെയ്താൽ കൂടുതൽ ജലജന്യരോഗങ്ങൾ പടർന്നുപിടിക്കുമെന്നതിൽ സംശയമില്ല. നാം കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ജലജന്യരോഗങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള ഏകമാർഗ്ഗം


ശുദ്ധീകരിച്ചശേഷം ഉപയോഗിക്കുക


വീട്ടിലെ കിണറ്റിലെ വെള്ളമല്ലേ എന്നു കരുതി ശുദ്ധീകരിക്കാതെ കുടിക്കരുത്. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത നിരവധി മാലിന്യങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ടാകാം. വെള്ളം ശുദ്ധീകരിക്കാൻ ഇന്ന് ധാരാളം മാർഗ്ഗങ്ങൾ നിലവിലുണ്ട്.
ബ്ലീച്ചിംഗ്
വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ലളിതമായ മാർഗ്ഗമാണ് ബ്ലീച്ചിംഗ്. 1000 ലിറ്റർ വെള്ളത്തിന് മൂന്ന് ഗ്രാം എന്ന കണക്കിലാണ് ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കേണ്ടത്. സോഡിയം ഹൈഡ്രോ ക്‌ളോറൈഡാണ് ബ്ലീച്ചിംഗ് പൗഡറിൽ അടങ്ങിയിരിക്കുന്നത്. ബ്ലീച്ചിംഗ് പൗഡർ ഒരു ബക്കറ്റ് വെള്ളത്തിൽ കലക്കിവയ്ക്കുക. ഒരു മണിക്കൂറിനുശേഷം തെളി മാത്രം ഊറ്റിയെടുത്ത് കിണറ്റിലെയോ കുളത്തിലെയോ വെള്ളത്തിലേക്ക് ഒഴിക്കുക. ക്‌ളോറിൻ ലായനി വൈകുന്നേരമാണ് കിണറ്റിൽ ഒഴിക്കേണ്ടത്. അതിനുശേഷം രാവിലെ മാത്രമേ വെള്ളം ഉപയോഗിക്കാവു.
അമ്ലാംശം കുറയ്ക്കാൻ കുമ്മായം
ജലത്തിലെ അമ്ലത കുറയ്ക്കാൻ കുമ്മായം ഉപയോഗിക്കാം. 2000 ലിറ്റർ വെള്ളത്തിന് 100 ഗ്രാം കുമ്മായം എന്ന കണക്കിൽ വെള്ളത്തിൽ കലക്കിയോ നേരിട്ടോ കിണറ്റിൽ ചേർക്കാം. ഇത് വൈകുന്നേരം കിണറ്റിൽ ചേർത്തശേഷം പിന്നീട് രാവിലെ മാത്രമേ ജലം ഉപയോഗിക്കാവൂ.
കലങ്ങിയ വെള്ളത്തിന്
ടാങ്കറുകളിൽ അടിക്കുന്ന വെള്ളവും മഴക്കാലത്തു ലഭിക്കുന്ന വെള്ളവും കലങ്ങിപ്പോകാറുണ്ട്. മുരിങ്ങയുടെ വിത്ത് അരച്ച് വെള്ളത്തിൽ ചേർക്കുന്നത് കലക്കം കുറയ്ക്കും. വലിയ പാത്രത്തിൽ വെള്ളം ശേഖരിച്ച് ചെളി അടിയാൻ അനുവദിക്കുക. വെള്ളത്തിൽ അലുമിനിയം സൾഫേറ്റ് ചേർത്താലും മാലിന്യങ്ങൾ അടിഞ്ഞ് വെള്ളം തെളിഞ്ഞുകിട്ടും.
വാട്ടർ പ്യൂരിഫയറുകൾ
വിവിധതരം സാങ്കേതികവിദ്യകളുള്ള പ്യൂരിഫയറുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. ജൈവമാലിന്യങ്ങൾ മാത്രം നീക്കുന്നവയും രാസവസ്തുക്കളും ജൈവസ്തുക്കളും നീക്കുന്നവയും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഓരോ പ്രദേശത്തെയും മാലിന്യത്തിന്റെ സാന്നിധ്യമനുസരിച്ചുള്ള പ്യൂരിഫയറുകൾ തെരഞ്ഞെടുക്കുക. സാങ്കേതികവിദ്യയിലെ മാറ്റങ്ങളനുസരിച്ച് വിലയിലും വ്യത്യാസം ഉണ്ടാകും.


തിളപ്പിക്കൽതന്നെ സുരക്ഷിതം


കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതമാർഗ്ഗം തിളപ്പിക്കൽതന്നെയാണ്. വെള്ളം തിളച്ചശേഷവും 5-10 മിനിട്ടുകൾകൂടി തിളയ്ക്കാൻ അനുവദിക്കുക. ഹെപ്പറ്റൈറ്റിസ്- എ അടക്കമുള്ള വൈറസുകൾ നശിക്കുന്നതിന് വെള്ളം കൂടുതൽ നേരം തിളയ്ക്കുന്നത് ആവശ്യമാണ്. വെള്ളം തിളച്ചശേഷം അതിലേക്ക് വീണ്ടും പച്ചവെള്ളം ചേർക്കുന്ന രീതിയും ഒഴിവാക്കണം.
കുപ്പിവെള്ളം സുരക്ഷിതമോ?
കുപ്പിവെള്ളം സുരക്ഷിതമാണെന്ന ധാരണയുണ്ടോ? എന്നാൽ 30 പ്രമുഖ ബ്രാൻഡ് കുപ്പിവെള്ളങ്ങളിൽ നടത്തിയ പരിശോധനയിൽ അനുവദനീയമായതിലും 36 ഇരട്ടി രാസവസ്തുക്കളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഓർഗാനോക്‌ളോറിൻ, ഓർഗാനോ ഫോസ്ഫറസ് വിഭാഗത്തിൽപ്പെട്ട അൻപതിലധികം മാരകീടനാശിനികൾ കണ്ടെത്തി. ഇതിൽ ഇൻഡേൽ, ഡി.ഡി.റ്റി. മലാത്തിയോൺ ക്‌ളോറാ ഫോസ് തുടങ്ങിയ മാരകകീടനാശിനികളിൽ പലതും കരൾ, വൃക്ക പ്രതിരോധവ്യവസ്ഥ, നാഡീവ്യവസ്ഥ തുടങ്ങിയവയുടെ തകരാറുകൾക്കും കാൻസർ, ജനിതകവൈകല്യം തുടങ്ങിയവയ്ക്കും കാരണമാകുന്നവയുമാണ്.


മാലിന്യം എങ്ങനെ കണ്ടെത്താം


നഗ്നനേത്രങ്ങൾകൊണ്ട് നോക്കിയാൽ കാണാത്ത അനേകം മാലിന്യങ്ങൾ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെള്ളത്തിൽ മാലിന്യം അടങ്ങിയിട്ടുണ്ടോ എന്നതിന്റെ സൂചനകൾ ലഭിക്കും. വെള്ളത്തിനുമേൽ എണ്ണയുടെ പാടപോലെ കാണുക, തവിട്ടുനിറം കലർന്നവെള്ളം, വെള്ളത്തിന് നേർത്ത ഇരുമ്പിന്റെ ഗന്ധം, വെള്ളം ഉപയോഗിച്ച് പാകംചെയ്യുന്ന ഭക്ഷണസാധനങ്ങൾക്ക് ഇരുമ്പിന്റെ ഗന്ധം, വെള്ളം പതിവായി വീഴുന്നിടത്ത് ഇരുമ്പുകറ പിടിക്കുക തുടങ്ങിയത് കണ്ടാൽ വെള്ളത്തിൽ ഇരുമ്പിന്റെ അളവ് കൂടുതലാണെന്നതിന്റെ സൂചനയാണ്. വെള്ളത്തിൽ സോപ്പും ഡിറ്റർജെന്റും പതയാതെയിരുന്നാൽ കഠിനവെള്ളമാണെന്ന് മനസ്സിലാക്കാം. വെള്ളത്തിന് പുളിപ്പ് കൂടുതലാണെങ്കിൽ അമ്ലത്തം കൂടുതലാണെന്ന് മനസ്സിലാക്കാം. ഉപ്പിന്റെ സാന്നിധ്യവും രുചിച്ചുനോക്കി അറിയാൻ സാധിക്കും.
ജലമെന്ന അമൃത്
നിരവധി രോഗങ്ങൾ വരാതിരിക്കാനും രോഗങ്ങൾ മാറുന്നതിനും ശുദ്ധജലം മരുന്നിന്റെ ഗുണം ചെയ്യും. ക്ഷീണം, അസിഡിറ്റി, നെഞ്ചെരിപ്പ്, പേശീവേദന തുടങ്ങിയവയ്ക്കുള്ള മരുന്നാണ് ശുദ്ധജലം. ഇളംചൂടുവെള്ളത്തിൽ തേൻ ചേർത്ത് കഴിക്കുന്നത് ആസ്ത്മ, അലർജി രോഗങ്ങൾക്ക് പരിഹാരമാണ്. അകാലവാർധക്യം തടയാനും അമിതവണ്ണം ചെറുക്കാനും ധാരാളം വെള്ളം കുടിക്കൂ. മലിനജലം വിഷംപോലെ അപകടകാരിയാണ്. എന്നാൽ ശുദ്ധജലം അമൃതിനേക്കാൾ ഗുണകരവും.

Leave a Reply

spot_img

Related articles

ശലഭം പൂജയും സ്വിച്ച് ഓണും നടന്നു

ഷൂട്ടിംഗ് തീരും വരെ ലഹരിയും മദ്യപാനവും ഉപയോഗിക്കില്ലെന്നു പ്രതിജ്ഞ ചെയ്തുകൊണ്ട് സിനിമ പ്രവർത്തകർക്ക് മാതൃകയായി ശലഭം എന്ന സിനിമ യുടെ പൂജയും സ്വിച്ച്...

‘മുനമ്പത്തെ ജനങ്ങളെ വഴിയിൽ തള്ളണമെന്നല്ല, സർക്കാർ സംരക്ഷിക്കും’: വഖഫ് മന്ത്രി വി. അബ്ദുറഹ്മാൻ

വഖഫ് ബില്ല് പറഞ്ഞു ബിജെപി മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് സംസ്ഥാന വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ഹൈക്കോടതിയുടെ പരിധിയിലുള്ള കേസിൽ മുസ്‌ലിം...

വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടും; കൂടുതൽ പ്രതിപക്ഷ പാർട്ടികൾ സുപ്രിം കോടതിയിലേക്ക്

പാർലമെന്റിൽ പാസാക്കിയ വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടാൻ ഒരുങ്ങി പ്രതിപക്ഷം. കോൺഗ്രസും എ.ഐ.എം.ഐ.എമ്മും ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ കൂടുതൽ പ്രതിപക്ഷ പാർട്ടികളും...

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്....