കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പാക്കേജിൽ ഏറ്റവും കൂടുതൽ പ്രിയമേറിയ ലക്ഷ്യസ്ഥാനമാണ് പത്തനംതിട്ടയിലെ ഗവി.
പതിനായിരക്കണക്കിന് സഞ്ചാരികളാണ് വിവിധ ഡിപ്പോകളുടെ ബജറ്റ് പാക്കേജിൽ ഗവി സന്ദര്‍ശിച്ച് മടങ്ങിയിട്ടുള്ളത്.
ഇപ്പോഴും ഏറ്റവും കൂടുതല്‍ അന്വേഷണങ്ങലും ബുക്കിങ്ങും ഉള്ളതും ഗവി യാത്രയ്ക്കു തന്നെയാണ്.
ഇതാ ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയും ഗവി യാത്രയുടെ പാക്കേജ് ലഭ്യമാക്കുന്നു.
ഗവിയോടൊപ്പം പ്രസിദ്ധമായ പരുന്തുംപാറയും കൂടി കണ്ട് ആസ്വദിച്ച് വരാൻ സാധിക്കുന്ന വിധത്തിലുള്ള പാക്കേജാണ് ഹരിപ്പാട് ഡിപ്പോ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും കുറഞ്ഞ ചെലവിൽ ഗവിയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ഈ യാത്രാ പാക്കേജ് ജൂൺ 30-ാം തിയതി വെള്ളിയാഴ്ചയാണ് പോകുന്നത്.
ബസ് ചാർജ്, ഉച്ചഭക്ഷണം, ഗവിയിലെ ബോട്ടിങ്. പ്രവേശനഫീസ് എന്നിവ ഉൾപ്പെടെ 1600 രൂപയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്.
ഇക്കോ ടൂറിസം ലക്ഷ്യസ്ഥാനം എന്ന നിലയിൽ പ്രസിദ്ധമായ ഗവി സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് കടന്നുവരുന്നത് ഓർഡിനറി എന്ന മലയാള സിനിമയിലൂടെയാണ്.
ഗവിയുടെ മുഴുവൻ ഭംഗിയും പകർത്തിയ ഈ സിനിമ കണ്ടവർ ഒരിക്കലെങ്കിലും ഗവി കാണമെന്ന് കരുതിയെന്നുറപ്പ്.
കാടിന്റെ യഥാർത്ഥ കാഴ്ചകളും കാടനുഭവങ്ങളുമാണ് ഇവിടെ കാത്തിരിക്കുന്നത്.
പ്രകൃതിസ്നേഹികളും സാഹസിക സഞ്ചാരികളുമാണ് ഇവിടെയെത്തുന്നവരിൽ അധികപങ്കും.
കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ് ഗവിയിലെമ്പാടും. ചെക്ക് പോസ്റ്റിൽ നിന്ന് അനുമതി നേടി കയറുന്നതു മുതൽ കാഴ്ചകൾ തുടങ്ങുകയായി.
അരുവികൾ, അണക്കെട്ടുകൾ, കാട്ടുമൃഗങ്ങൾ, കുന്ന്, പുൽമേട്, പിന്നെ കാറ്റുവീശുന്ന, തണുത്ത കാലാവസ്ഥയും. ഇത്രയുംം മതിയല്ലോ ഏതൊരു സഞ്ചാരിയേയും ഇവിടേക്ക് കൊണ്ടുവരാൻ.
ഗവി തടാകം, ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ്.
വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ ബോട്ടിങ്ങാണ് ആകർഷണം.
ഉച്ചഭക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ടാവും.
ഇന്ത്യയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ലക്ഷ്യസ്ഥാനം എന്ന പദവിയും ഗവിക്ക് വളരെ നേരത്തേതന്നെ ലഭിച്ചിട്ടുണ്ട്.
കാട് മാത്രമല്ല, തേയിലത്തോട്ടങ്ങൾ, ഏലത്തോട്ടം, വെള്ളച്ചാട്ടം എന്നിവയും വിവിധങ്ങളായ പക്ഷികൾ, മൃഗങ്ങൾ എന്നിവയെയും ഇവിടെ കാണാം.
പീരുമേടിനും തേക്കടിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന പരുന്തുംപാറയിലേക്ക് സഞ്ചാരികളുടെ ശ്രദ്ധ എത്തിത്തുടങ്ങിയിട്ടേയുള്ളൂ.
കാടിന്റെ കാഴ്ചകളും വ്യൂ പോയിന്റും നല്ല തെളിവാണെങ്കിൽ അങ്ങ് ശബരിമലക്കാടുകൾ വരെ ഇവിടെ കാണാം.
സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാൽ ചുറ്റുപാടുമുള്ള കാഴ്ചകളെല്ലാം കാണാം.
അപ്രതീക്ഷിതമായി കോടമഞ്ഞെത്തുന്ന ഇവിടെ മഞ്ഞും വെയിലും എപ്പോഴും മാറിമാറി വരും.
ടാഗോർ പാറ എന്നറിപ്പെടുന്ന ഒരു പാറക്കെട്ടും അവിടെ കാണാം.