മരങ്ങളും ചെടികളും കുറയുന്ന ഇക്കാലത്ത് നാട്ടില്‍ പക്ഷികളെ കാണുന്നതും അവയുടെ കളാകളാരവം കേള്‍ക്കുന്നതും കുറവാണ്. കെട്ടിടങ്ങള്‍ നിറഞ്ഞ കാടായി നാട് മാറുമ്പോള്‍ പക്ഷികള്‍ക്ക് എവിടെ സ്ഥാനം?
ഇന്ത്യയിലെ 82 ഇനം പക്ഷികള്‍ വംശനാശഭീഷണിയിലാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കര്‍ണാടകയിലെ മത്തൂര്‍ താലൂക്കിലുള്ള ചെറിയ ഗ്രാമമായ കൊക്രേബെല്ലൂര്‍ മാതൃക കാട്ടുന്നു. അപൂര്‍വ്വപക്ഷിഇനങ്ങള്‍ ഇവിടെ കൂടുകൂട്ടി ഗ്രാമീണരുടെ സ്നേഹത്തില്‍ ചേക്കേറുന്നു.
പെയിന്‍റഡ് സ്റ്റോക്സ് അഥവാ വര്‍ണക്കൊറ്റികള്‍ (വര്‍ണക്കൊക്ക്) ഇവിടെ ധാരാളമുണ്ട്. ഇവയ്ക്ക് കന്നഡയില്‍ കൊക്കരേ എന്നാണ് പറയുന്നത്. അങ്ങനെയാണ് ഗ്രാമത്തിന് കൊക്രേബെല്ലൂര്‍ എന്ന പേരു പോലും ഉണ്ടായത്. പെലിക്കണുകളും (ഞാറപ്പക്ഷി) ഇവിടെ വസിക്കുന്നു. വര്‍ണക്കൊറ്റിയും ഞാറപ്പക്ഷിയും വംശനാശം നേരിടുന്നവയാണ്.
കൂടാതെ മറ്റനേകം പക്ഷികളും ഗ്രാമവാസികളുടെ സ്നേഹവും വാല്‍സല്യവും ഏറ്റുവാങ്ങി ഇവിടെ കഴിയുന്നു. ഈ ഗ്രാമത്തിലെ ഓരോ മരത്തിലും പക്ഷിക്കൂടുകളുണ്ട്. ഒരു മരത്തില്‍ 15-20 ജോഡി പക്ഷികളുണ്ടാവും.
കൃഷിക്ക് നാശം വരുത്തിയാലും ഗ്രാമത്തിലെ ആരും പക്ഷികളെ ഉപദ്രവിക്കാറില്ല. അവയ്ക്ക് സമാധാനമായി കഴിയാന്‍ പറ്റുന്ന സാഹചര്യമൊരുക്കുകയാണവര്‍. പരിക്കേറ്റ പക്ഷികളെ പരിചരിക്കാനും ഇവര്‍ തയ്യാറാകുന്നു. പകരമായി പക്ഷിവിസര്‍ജ്ജ്യം നല്ലൊരു വളമായി ഗ്രാമീണര്‍ക്ക് പ്രയോജനപ്പെടുന്നു.
അടുത്തു പോയാലും പക്ഷികള്‍ പേടിച്ച് പറന്നുപോകാറില്ല. അത് ഇവിടത്തുകാര്‍ നല്‍കുന്ന സ്നേഹം പക്ഷികള്‍ തിരിച്ചറിയുന്നതുകൊണ്ടാണ്. പക്ഷികളെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ പരിചരിക്കുന്ന കൊക്രേബെല്ലൂറിലെ ആളുകള്‍ അവയെ ഐശ്വര്യത്തിന്‍റെയും ഭാഗ്യത്തിന്‍റെയും പ്രതീകമായി കാണുന്നു.
പക്ഷികളെ കാണാന്‍ അനേകം ടൂറിസ്റ്റുകളും എത്തുന്നു. കൊക്രേബെല്ലൂറിനെ മനുഷ്യനിര്‍മ്മിത പക്ഷിസങ്കേതമെന്ന് വിശേഷിപ്പിക്കാം. ബാംഗ്ലൂര്‍-മൈസൂര്‍ റൂട്ടില്‍ ബാംഗ്ലൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് കൊക്രേബെല്ലൂര്‍.