കോട്ടയം: എൻ.എ.ബി.എച്ച്. അംഗീകാരത്തോടെ ദേശീയനിലവാര മികവിൽ ഞീഴൂർ ഗ്രാമപഞ്ചായത്തിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ. ആശുപത്രിയിൽ നിന്നുള്ള സേവനം, അടിസ്ഥാന സൗകര്യം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, രജിസ്റ്ററുകളുടെ കൃത്യത, മരുന്ന് സംഭരണം, വിതരണം, പരിശോധന മുറി, ശുചിത്വം, ഭിന്നശേഷി സൗഹൃദം, അനുബന്ധ സേവനങ്ങൾ എന്നിവ പരിഗണിച്ചാണ് നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്‌സ് (എൻ.എ.ബി.എച്ച്.) അംഗീകാരം ലഭിച്ചത്.
നാഷണൽ ആയുഷ് മിഷനുമായി ചേർന്ന് ഭാരതീയ ചികിത്സാ വകുപ്പ് ആരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാന വ്യാപകമായ സംരംഭത്തിന്റെ ഭാഗമായാണ് ഈ അംഗീകാരം ലഭിച്ചത്. നാഷണൽ ആയുഷ് മിഷൻ സഹായത്തോടെ ആശുപത്രിയിൽ യോഗ പരിശീലനവും നടത്തുന്നുണ്ട്. ആയുർവേദ ചികിത്സയിലൂടെ പ്രാഥമിക പ്രതിരോധത്തിനുള്ള സാധ്യതകൾ നടപ്പാക്കാൻ ആശാവർക്കർമാരെ ഉൾപ്പെടുത്തി സമൂഹത്തിലെ പൊതുവായ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്താനുള്ള പദ്ധതിയും നടത്തുന്നു.
കേന്ദ്ര വിദഗ്ദ്ധ സംഘം ആശുപത്രിയിലെ സൗകര്യങ്ങൾ പരിശോധിച്ചു വിലയിരുത്തിയാണ് അക്രെഡിറ്റേഷൻ അനുവദിച്ചത്.പുതിയ അംഗീകാരം ഗ്രാമപഞ്ചായത്തിന് അഭിമാനനേട്ടമാണെന്ന് പ്രസിഡന്റ് ശ്രീകല ദിലീപ് പറഞ്ഞു. ആശുപത്രിയോട് അനുബന്ധിച്ച് പുതിയ പഞ്ചകർമ്മ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. നിർമ്മാണം പൂർത്തിയായാൽ ഉടൻ ഒ.പി യിൽ വരുന്ന രോഗികൾക്ക് സൗജന്യ പഞ്ചകർമ്മ ചികിത്സയും ലഭ്യമാക്കും.