കോട്ടയം: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2024-25 അദ്ധ്യയന വർഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ, കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ള പട്ടികവർഗ്ഗ, മറ്റിതര വിഭാഗത്തിൽപെടുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ജാതി, രക്ഷകർത്താവിന്റെ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, വിദ്യാർത്ഥിയുടെ ജനനതീയതി, പഠിക്കുന്ന ക്ലാസ്സ്, ഫോട്ടോ എന്നിവ രേഖപ്പെടുത്തിയ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. മാർച്ച് 16ന് രാവിലെ 10 മണി മുതൽ 12 മണിവരെയാണ് പ്രവേശന പരീക്ഷ. പ്രാക്തന ഗോത്രവർഗ്ഗവിഭാഗക്കാർക്ക് പരീക്ഷ ബാധകമല്ല.
കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസ്, മേലുകാവ്/പുഞ്ചവയൽ/വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ/ജില്ലാ/താലൂക്ക്/പട്ടികജാതി വികസന ഓഫീസുകൾ/മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഏറ്റുമാനൂർ എന്നിവിടങ്ങളിൽ നിന്നും അപേക്ഷ ഫോം ലഭിക്കും. പട്ടികജാതിക്കാർ ജില്ലാ പട്ടികജാതി വികസന ഓഫീസർക്കും പട്ടികവർഗ്ഗ മറ്റിതര വിഭാഗത്തിലുള്ളവർ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ് , മേലുകാവ്/പുഞ്ചവയൽ/വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ഫെബ്രുവരി 20നകം സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക് ഫോൺ : 0481 2530399