രാജ്യത്തിന്റെ പൊതുവായ വികസനത്തിൽ കേരളം നൽകുന്നത് മികച്ച പിന്തുണ: മുഖ്യമന്ത്രി പിണറായി വിജയൻ

മെയ്ക്ക് ഇൻ ഇന്ത്യയിലെ അവിഭാജ്യഘടകമായി മെയ്ഡ് ഇൻ കേരള മാറുന്നു

കൊച്ചിൻ ഷിപ്പ് യാർഡിന്റെ 4000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

രാജ്യത്തിന്റെ പൊതുവായ വികസനത്തിൽ കേരളം നൽകുന്നത് മികച്ച പിന്തുണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ
ഉദാത്തമായ മാതൃകയാണ് കൊച്ചിൻ ഷിപ്പ് യാർഡിൽ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ. മെയ്ക്ക് ഇൻ ഇന്ത്യയിലെ അവിഭാജ്യഘടകമായി മെയ്ഡ് ഇൻ കേരള മാറുന്നതിന്റെ മറ്റൊരു ഉദാഹരണവും കൂടിയാണിത്.

കൊച്ചിൻ ഷിപ്പ് യാർഡിൽ
നാലായിരം കോടി രൂപയുടെ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി  നിർവഹിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഡ്രൈ ഡോക്കിന്റെയും അന്താരാഷ്ട്ര ഷിപ്പ് റിപ്പയറിംഗ് ഫെസിലിറ്റിയുടെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ഇറക്കുമതി ടെർമിനലിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.

നാലായിരം കോടി രൂപയുടെ പദ്ധതികൾ കേരളത്തിന്റെ മണ്ണിൽ നിന്ന് രാജ്യത്തിനാകെ സമർപ്പിക്കുന്നുവെന്നത് നാടിനാകെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡ്രൈ ഡോക്കിലും അന്താരാഷ്ട്ര റിപ്പയറിങ് ഫെസിലിറ്റിയിലും രണ്ടായിരം വീതം തൊഴിലവസരങ്ങൾ ലഭിക്കും. ആകെ നാലായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

മെയ്ഡ് ഇൻ കേരള ഉത്പന്നങ്ങൾ ഇന്ന് ഇന്ത്യയിൽ മാത്രമല്ല ലോകത്താകെ ശ്രദ്ധയാർജിക്കുകയാണ്. ഐ എസ് ആർ ഒ വിജയകരമായി വിക്ഷേപിച്ച ചാന്ദ്രയാൻ 3 മിഷനിലും ആദിത്യ മിഷനിലും കേരളത്തിൽ നിന്നുള്ള നിരവധി വ്യവസായ സ്ഥാപനങ്ങൾ പങ്കാളികളായിട്ടുണ്ട്. ചന്ദ്രയാൻ 3 മിഷനിൽ കേരളത്തിൽ നിന്നുള്ള ആറ് പൊതുമേഖലാ സ്ഥാപനങ്ങളും ഇരുപതോളം എം എസ് എം ഇ സ്ഥാപനങ്ങളുമാണ് പങ്കാളികളായത്. ആ ആദിത്യ മിഷനിൽ കേരളത്തിൽ നിന്നുള്ള നാല് പൊതുമേഖലാ സ്ഥാപനങ്ങളാണ് പങ്കാളികളായത്. കേരളത്തിന് അഭിമാനിക്കാൻ വകയുള്ള നേട്ടങ്ങളാണിവ. ചന്ദ്രയാൻ 3 ൽ ഉപയോഗിക്കപ്പെട്ട 41 ഇലക്ട്രോണിക്സ് മൊഡ്യൂളുകൾ നിർമ്മിച്ചു നൽകിയത് കെൽട്രോൺ ആണ്. കെ എം എം എല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയികളാണ്  ബഹിരാകാശ പേടകത്തിലെ ക്രിട്ടിക്കൽ കംപോണന്റ്സ് ഉണ്ടാക്കാൻ ഉപയോഗിച്ചത്. ടൈറ്റാനിയം,  അലുമിനിയം ഫോർജിംഗുകളും മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിച്ചു നൽകിയത് സ്റ്റീൽ ആന്റ് ഫോർ ജിംഗ്സ് ലിമിറ്റഡ് ആണ്. ആവശ്യമായ സോഡിയം ക്ലോറൈറ് ക്രിസ്റ്റലുകൾ ലഭ്യമാക്കിയത് ടി.സി.സി. ആണ്. ആവശ്യമായ മെഷീൻ കംപോണൻസ് നിർമ്മിച്ചു നൽകിയത് കെ എ എല്ലും സിഡ്കോയും ആണ്.

ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ 1 വിക്ഷേപിച്ച പി എസ് എൽ വി റോക്കറ്റിൽ കെൽട്രോണിൽ നിർമ്മിച്ച 38 ഇലക്ട്രോണിക്സ് മോഡ്യൂളുകളാണ് ഉപയോഗിച്ചത്. ഇതുകൂടാതെ ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്ട്രോണിക്സ് മോഡ്യൂളുകളുടെ ടെസ്റ്റിംഗ് സപ്പോർട്ടും കെൽട്രോണാണ് നൽകിയത്. റോക്കറ്റിന്റെ വിവിധ ഘട്ടങ്ങൾക്കുള്ള ഫോർജിങ്ങുകൾ തദ്ദേശീയമായി വികസിപ്പിച്ചു നൽകിയത് എസ് ഐ എഫ് എല്ലാണ്.

മിഷന് ആവശ്യമായി വന്ന 150 മെട്രിക് ടൺ സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകൾ ലഭ്യമാക്കിയത് ടി സി സിയാണ്. റോക്കറ്റിന്റെ സാറ്റലൈറ്റ് സെപ്പറേഷൻ സിസ്റ്റത്തിന് ആവശ്യമായ വിവിധതരം ഘടകങ്ങൾ ലഭ്യമാക്കിയതാകട്ടെ കേരളാ ആട്ടോമൊബൈൽസ് ലിമിറ്റഡാണ്. ഇങ്ങനെ ഇന്ത്യയുടെ യശസ്സ് അക്ഷരാർത്ഥത്തിൽ വാനോളം ഉയർത്തുന്നതിൽ കേരളത്തിലെ വ്യവസായ സംരംഭങ്ങൾ, പ്രത്യേകിച്ച് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ, വലിയ പങ്കാണ് വഹിക്കുന്നത്.

അതിന്റെ മികച്ച ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി ഈ കൊച്ചിൻ ഷിപ് യാർഡ് തന്നെ ഉദ്പാദിപ്പിക്കുന്ന അത്യാധുനിക, പ്രകൃതി സൗഹൃദ ബോട്ടുകൾ. അവയുടെ രൂപകല്പനയിലും നിർമ്മാണത്തിലും വാട്ടർ മെട്രോയും ഷിപ് യാർഡും നല്ല നിലയിൽ സഹകരിച്ചിട്ടുണ്ട്. പൊതുമേഖലാ സഹകരണത്തിന്റെ ഉദാത്ത മാതൃകയാണത്. അതുകൊണ്ടുതന്നെ, ഇന്ന് അവയെ തേടി ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരെ ആവശ്യക്കാർ എത്തുന്നു എന്നത് കേരളത്തിനാകെ അഭിമാനകരമാണ്.

കൊച്ചിൻ ഷിപ് യാർഡ് ഐ ഒ സി എല്ലിലും ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ പദ്ധതികൾ രാജ്യത്തിന്റെയാകെ പുരോഗതിക്ക് വഴിവെക്കട്ടെ എന്ന് ആശംസിക്കുകയാണ്. രാജ്യത്തിന്റെ പുരോഗതിയിൽ കേരളം വഹിക്കുന്ന പങ്കിനെക്കുറിച്ച് കേരളീയർക്കെല്ലാം അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിനു ശേഷം കൊച്ചിൻ ഷിപ്പ് യാർഡിന്റെ ഇൻറർനാഷണൽ ഷിപ്പ് റിപ്പയറിംഗ് ഫെസിലിറ്റിയിലെ ഷിപ്പ് ലിഫ്റ്റിംഗ് പ്ലാറ്റ്ഫോം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

 കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ,  കേന്ദ്രമന്ത്രിമാരായ സർബാനന്ദ സുനോവാൾ, ശ്രീപദ് യശോ നായിക്, ശന്തനു താക്കൂർ, വി. മുരളീധരൻ, ഹൈബി ഈഡൻ എംപി എന്നിവർ പങ്കെടുത്തു.

-പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് യാത്രയായി

രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിക്ക് മടങ്ങി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയാക്കിയത്.  

തൃശൂർ, എറണാകുളം ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ബുധനാഴ്ച്ച(ജനുവരി 17) ഉച്ച കഴിഞ്ഞ് 3.10 ന്  നേവൽ ബേസിൽ നിന്ന് ഹെലികോപ്ടറിൽ എത്തിയ പ്രധാനമന്ത്രി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 3.39 നാണ് ഡൽഹിയിലേക്ക് തിരിച്ചത്.

 സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്‌, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, രാഷ്ട്രീയ പാർട്ടി, സംഘടന പ്രതിനിധികളായ സന്ദീപ് ജി വാര്യർ, എസ്. ജയശങ്കർ, കെ.സി സുരേഷ്, അരുൺ നാഥ്, കെ.എം ഷൈജു, മുരളീധർ മരോട്ടിക്കൽ നന്ദികേശ്വർ, പി.അവിനാശ്, രശ്മി സജി, ശോഭന സുരേഷ് കുമാർ, സുധീർ, പി.എൻ സിന്ധു, ബേബി കിരീടം, ഭരത് ഗോണ,  അജി പൊട്ടശ്ശേരി, വി.വി അനിൽ, സോമൻ ആലപ്പാട്ട്, എ.എ കമൽ, സി.വി ദേവദാസ് എന്നിവരും പ്രധാനമന്ത്രിയെ യാത്രയാക്കാൻ ഉണ്ടായിരുന്നു.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...