അഞ്ചുനാൾ നീണ്ട മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി തീവെട്ടികളുടെ ദീപപ്രഭയിൽ വാദ്യമേളങ്ങളോടെ ഭക്തിനിർഭരമായി മാളികപ്പുറത്തുനിന്ന് ശരംകുത്തിയിലേക്ക് അയ്യപ്പൻ എഴുന്നള്ളി. മകരവിളക്ക് മുതൽ നാല് ദിവസം മാളികപ്പുറത്തുനിന്ന് പതിനെട്ടാം പടിയിലേക്കായിരുന്നു എഴുന്നള്ളത്ത്. അഞ്ചാം ദിനമാണ് ശരംകുത്തിയിലേക്ക് എഴുന്നള്ളിയത്.
കളമെഴുത്തു കഴിഞ്ഞ് അത്താഴപൂജക്ക് ശേഷം തിരുവാഭരണപ്പെട്ടിയിലെ കൊമ്പൻ മീശയോടു കൂടിയ തിരുമുഖത്തിടമ്പുമായാണ് മാളികപ്പുറത്ത് നിന്ന് ശരംകുത്തിയിലേക്ക് എഴുന്നെള്ളിപ്പ് നടന്നത്. ശരംകുത്തിയിൽവെച്ച് നായാട്ടു വിളിയും നടത്തി. ശരംകുത്തിയിൽ ചെന്നു നായാട്ടുവിളി നടത്തിയശേഷം അയ്യപ്പൻ മണിമണ്ഡപത്തിലേക്കു മടങ്ങുന്നു.
തീവെട്ടികൾ എല്ലാം അണച്ച് വാദ്യമേളങ്ങൾ ഇല്ലാതെ നിശ്ശബദ്മായാണ് മടക്കം. ശരംകുത്തിയിൽ നിന്നുള്ള എഴുന്നെള്ളപ്പിൽ ഭൂതഗണങ്ങളും മലദൈവങ്ങളും അനുഗമിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് മേളങ്ങളും വിളക്കുകളും ഇല്ലാത്തത്. മകരവിളക്കുത്സവത്തിന് പരിസമാപ്തി കുറിച്ച് 20ന് രാത്രി പത്തിന് നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് കൂടി മാത്രമേ ദർശനം ഉള്ളൂ. 21ന് പുലർച്ചെ നട അടയ്ക്കും.