അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകളിൽ പങ്കെടുക്കും. ശ്രീകോവിൽ ഒരു ദിവസത്തിന് ശേഷം പൊതുജനങ്ങൾക്കായി തുറക്കും. ഉച്ചയ്ക്ക് 12.20ന് പ്രാൺ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് 1 മണിയോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് വേദിയിൽ ദർശകരും പ്രമുഖരും ഉൾപ്പെടെ 7,000-ത്തിലധികം ആളുകളെ മോദി അഭിസംബോധന ചെയ്യും.
ക്ഷണിക്കപ്പെട്ടവരുടെ നീണ്ട പട്ടികയിൽ 8,000-ത്തോളം പേരുണ്ടെങ്കിലും, തിരഞ്ഞെടുത്ത ലിസ്റ്റിൽ പ്രമുഖ രാഷ്ട്രീയക്കാർ, പ്രമുഖ വ്യവസായികൾ, മുൻനിര സിനിമാ താരങ്ങൾ, കായികതാരങ്ങൾ, നയതന്ത്രജ്ഞർ, ജഡ്ജിമാർ, ഉന്നത പുരോഹിതർ എന്നിവർ ഉൾപ്പെടുന്നു. പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടുന്ന എല്ലാ സർക്കാർ ജീവനക്കാർക്കും കേന്ദ്രം അര ദിവസത്തെ അവധി നൽകിയിട്ടുണ്ട്. പല സംസ്ഥാനങ്ങളും ഇത് പിന്തുടരുകയും പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്നലെ അയോധ്യയിലെ ക്ഷേത്രനഗരം പുഷ്പങ്ങളാൽ അലങ്കരിച്ചിരുന്നു. ഭജനകളാൽ അന്തരീക്ഷം മുഖരിതമായിരുന്നു. കൂടാതെ ബഹുതല സുരക്ഷാ സന്നാഹങ്ങൾ എങ്ങും വിന്യസിച്ചിരിക്കുന്നു.
3 ബില്യൺ വർഷം പഴക്കമുള്ള പാറയിൽ കൊത്തിയെടുത്ത രാമ പ്രതിമയാണെന്ന് ജിയോളജിസ്റ്റ് അഭിപ്രായപ്പെടുന്നു. മൈസൂർ ജില്ലയിലെ ഗുഗ്ഗെഗൗഡനപുരയിലെ സജീവമായ ക്വാറിയിൽ നിന്നാണ് പാറ എടുത്തതെന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സമാനമായ പാറകൾ കാണപ്പെടുന്നുണ്ടെന്നും മൈസൂർ സർവകലാശാലയിലെ എർത്ത് സയൻസസ് വിഭാഗത്തിലെ ഡോ. ശ്രീകണ്ഠപ്പ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ബഹിരാകാശത്ത് നിന്ന് ക്ഷേത്രം എങ്ങനെ കാണപ്പെടുന്നുവെന്നതിന്റെ ഒരു ദൃശ്യം പങ്കിട്ടു. ബഹിരാകാശ ഏജൻസിയുടെ ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC) 2023 ഡിസംബർ 16-ന് ഇന്ത്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ കാർട്ടോസാറ്റിൽ നിന്ന് എടുത്ത ചിത്രം ഐഎസ്ആർഒ പങ്കിട്ടു.
ദൂരദർശന്റെ 40 ക്യാമറകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ദൂരദർശൻ മുഴുവൻ പരിപാടിയും ഡിഡി ന്യൂസിലും ഡിഡി നാഷണൽ ചാനലുകളിലും 4കെ നിലവാരത്തിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. അയോധ്യയിൽ, പ്രതിഷ്‌ഠാ ചടങ്ങിന്റെ കവറേജിനായി മന്ത്രാലയം രാം കഥ സംഗ്രഹാലയയിൽ ഒരു മീഡിയ സെന്റർ സ്ഥാപിച്ചു. ലഖ്‌നൗവിനും അയോധ്യയ്ക്കുമിടയിൽ മാധ്യമ പ്രവർത്തകർക്ക് യാത്രാ സൗകര്യവും ഒരുക്കും.