ഇന്ന് പുലർച്ചെ തമിഴ്‌നാട്ടിൽ സിമൻ്റ് ചാക്കുകൾ കയറ്റിയ ട്രക്കുമായി കാർ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. വാരാന്ത്യത്തിൽ കുറ്റാലത്തേക്കുള്ള യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാർത്തിക്, വേൽ മനോജ്, സുബ്രമണി, മനോഹരൻ, പോത്തിരാജ് എന്നിവരും മരിച്ചവരിൽപ്പെടുന്നു.
തെങ്കാശി ജില്ലയിലെ പുളിയങ്കുടിയിലാണ് പുലർച്ചെ 3:30 ഓടെ അപകടമുണ്ടായത്. കാറോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്.
കാറിൽ യാത്ര ചെയ്തിരുന്ന ആറുപേരിൽ അഞ്ചുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും മരിച്ചു. പോലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തകരും എത്തി 30 മിനിറ്റിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുനെൽവേലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു.