ഗുഡ്സിനായി പാലരുവി എക്സ്പ്രസ് പിടിച്ചിട്ടത് ഒരു മണിക്കൂറോളം, കൺട്രോളിംഗിലെ പിഴവിൽ പകുതി സാലറി നഷ്ടമായത് നൂറുകണക്കിന് ജീവനക്കാർക്ക്.
കൊല്ലം എറണാകുളം പാതയിൽ ആയിരക്കണക്കിന് ജീവനക്കാർ ആശ്രയിക്കുന്ന പാലരുവി എക്സ്പ്രസ് ഇന്ന് എറണാകുളം ടൗണിലെ യാർഡിൽ പിടിച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിലായി.
എറണാകുളം ഔട്ടർ ഭാഗത്ത് ഗുഡ്സ് യാർഡിന് സമീപമാണ് പാലരുവി പിടിച്ചിട്ടത്.
ഇതിന് ശേഷം ഗുഡ്സ് ട്രെയിന് ടൗൺ സ്റ്റേഷനിലേയ്ക്ക് സിഗ്നൽ നൽകുകയായിരുന്നു.
പിന്നീട് 40 മിനിറ്റുകൾക്ക് ശേഷമാണ് പാലരുവിയ്‌ക്ക് സിഗ്നൽ നൽകിയത്.
എന്നാൽ പാലരുവി ടൗണിലെ പ്ലാറ്റ് ഫോമിൽ പ്രവേശിച്ചപ്പോളും സ്റ്റേബിൾ ലൈനിൽ ഗുഡ്സ് വിശ്രമിക്കുകയായിരുന്നു. പാലരുവി കടന്നുപോയി അരമണിക്കൂറിന് ശേഷമുള്ള 12076 കോഴിക്കോട് ശതാബ്ദിയിലെത്തുന്ന ജീവനക്കാരാണ് ഗുഡ്സ് ട്രെയിൻ ഓപറേറ്റ് ചെയ്യേണ്ടിയിരുന്നത്. കണ്ട്രോളിംഗ് വിഭാഗത്തിലുണ്ടായ ആശയക്കുഴപ്പമാണ് ഗുഡ്സിന് ആദ്യം സിഗ്നൽ നൽകാൻ കാരണമായത്. ഇത് യാത്രക്കാരായ നൂറുകണക്കിന് ജീവനക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.
വന്ദേഭാരത് സർവീസ് നടത്താത്ത വ്യാഴാഴ് ദിവസങ്ങളിൽ പാലരുവി കൃത്യസമയം പാലിക്കുമെന്ന് പ്രതീക്ഷിച്ച് പുലർച്ചെയുള്ള മെമു ഉപേക്ഷിച്ച് പാലരുവിയെ ആശ്രയിച്ചവർക്കും പാലരുവി ക്ഷീണം ചെയ്തു.
15 മിനിറ്റോളം പാലരുവി വൈകിയതോടെ 9 മണി മുമ്പ് പഞ്ച് ചെയ്യേണ്ട നൂറുകണക്കിന് ആളുകൾക്ക് പകുതി സാലറി നഷ്ടമായതായും യാത്രക്കാർ ആരോപിച്ചു.