കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ നഗരസഭകളിലെയും ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ക്ക് ഫെബ്രുവരി അഞ്ച് മുതല്‍ 17 വരെ വൈദഗ്ധ്യ പരിശീലനം സംഘടിപ്പിക്കുന്നു. പാലക്കാട്-ഷൊര്‍ണൂര്‍-മണ്ണാര്‍ക്കാട് നഗരസഭകളിലെ കേന്ദ്രങ്ങളില്‍ വച്ചാണ് പരിശീലനം നടക്കുന്നത്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷ(കില)നുമായി സഹകരിച്ചാണ് പരിശീലനം. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന രീതിയില്‍ ആകെ ഏഴ് ബാച്ചുകളിലായി നഗരപ്രദേശങ്ങളിലെ 445 ഹരിതകര്‍മസേന പ്രവര്‍ത്തകരുടെ പരിശീലനം പൂര്‍ത്തീകരിക്കും. മാലിന്യ ശേഖരണവും വേര്‍തിരിക്കലും, ട്രാന്‍സ്പോര്‍ട്ടേഷന്‍, സംഭരണം, ആരോഗ്യസുരക്ഷ, ഹരിതമിത്രം മൊബൈല്‍ ആപ്പ്, കണക്ക് സൂക്ഷിപ്പ്, നൂതന തൊഴില്‍ സംരംഭ വികസനം തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കുന്നതിനും അതുവഴി അവരുടെ പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തുന്നതിനുമാണ് പരിശീലത്തിലൂടെ ലക്ഷ്യമാക്കുന്നത്.
കിലയുടെ ആഭിമുഖ്യത്തില്‍ പരിശീലക പരിശീലനം ലഭിച്ചവരാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുക. ഈ വിഷയങ്ങള്‍ക്ക് പുറമെ ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരുടെ ഒത്തൊരുമ, ആശയവിനിമയ നൈപുണ്യം, മാലിന്യസംസ്‌കരണ മേഖലയിലെ നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കല്‍ എന്നിവയും ലക്ഷ്യമാക്കുന്നു. പാലക്കാട്, ചിറ്റൂര്‍ നഗരസഭയിലെയും ബാച്ച് ഒന്നിനുള്ള പരിശീലനം ഫെബ്രുവരി അഞ്ച് മുതല്‍ ഏഴ് വരെയും രണ്ടാം ബാച്ചിനുള്ള പരിശീലനം എട്ട് മുതല്‍ പത്ത് വരെയും മൂന്നാം ബാച്ചിന് 12 മുതല്‍ 14 വരെയും നാലാം ബാച്ചിന് 15 മുതല്‍ 17 വരെയും പാലക്കാട് നഗരസഭാ ഹാളില്‍ നടക്കും. പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം നഗരസഭകളിലെ ഒന്നാം ബാച്ചിനുള്ള പരിശീലനം 12 മുതല്‍ 14 വരെയും രണ്ടാം ബാച്ചിന് 15 മുതല്‍ 17 വരെയും ഷൊര്‍ണൂര്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള അയ്യങ്കാളി സ്മാരക ഹാളില്‍ നടക്കും. മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി നഗരസഭകളിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലനം മണ്ണാര്‍ക്കാട് നഗരസഭാ ഹാളില്‍ ഫെബ്രുവരി ഏഴ് മുതല്‍ ഒന്‍പത് വരെ (ഒരു ബാച്ച്) നടക്കും.