കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടം 239 കോടി രൂപ

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിക്ക് 10 കോടി

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് 2024 ല്‍ എറണാകുളം ജില്ലയെയും കൊച്ചി നഗരത്തെയും ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍. ജില്ലയുടെ വാണിജ്യ, വ്യവസായ മേഖലയുടെയും അടിസ്ഥാന സൗകര്യ വികസന മേഖലയുടെയും ഒപ്പം നില്‍ക്കുന്ന ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. എറണാകുളം ജില്ലയുടെ വികസനക്കുതിപ്പിന് ഏറെ സഹായകരമായ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഭവന നിര്‍മ്മാണ ബോര്‍ഡ് നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്ന് 359000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വാണിജ്യ സമുച്ചയവും 3524337 ചതുരശ്ര അടി വിസ്തീര്‍ണമുള്ള റസിഡന്‍ഷ്യല്‍ കോംപ്ലക്‌സും പരിസ്ഥിതി സൗഹൃദ പാര്‍ക്കുകളും 1942000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടുത്തി 2150 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര വാണിജ്യ ഭവന സമുച്ചയം നിര്‍മ്മിക്കും.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ അനുവദിച്ചു.

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 200 കോടി വകയിരുത്തി. ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങള്‍, ഇലക്ട്രോണിക്സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളില്‍ ക്ലസ്റ്ററുകള്‍ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്.

കൊച്ചി മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വിദേശ വായ്പാ സഹായത്തോടെ നടപ്പാക്കും. ഇതിനായി 239 കോടി രൂപ വകയിരുത്തി. സുരക്ഷിത നടപ്പാതകള്‍, സൈക്കിള്‍ ട്രാക്കുകള്‍, ഡോക്കിംഗ് സൗകര്യം എന്നിവയിലൂടെ യാത്രക്കാര്‍ക്ക് മെട്രോ സ്‌റ്റേഷനുകളില്‍ അനായാസ പ്രവേശനം സാധ്യമാക്കുന്നത് ലക്ഷ്യമിട്ടുള്ള മോട്ടോര്‍ ഇതര ഗതാഗത പദ്ധതി വിദേശ വായ്പാ സഹായത്തോടെ നടപ്പാക്കും. ഇതിനായി 91 കോടി വകയിരുത്തി.

ദേശീയ അന്തര്‍ദേശീയ ഇവന്റുകള്‍ക്ക് വേദിയാകാന്‍ കഴിയും വിധം കണ്‍വെന്‍ഷന്‍ സെന്ററുകള്‍ വികസിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കും. 20 ഡെസ്റ്റിനേഷനുകളിലെങ്കിലും 500 ലധികം പേര്‍ക്ക് ഒരുമിച്ച് വരാനും കൂടിച്ചേരാനുമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ സര്‍ക്കാരിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സ്വകാര്യ മേഖലയെയും കൂട്ടി യോജിപ്പിച്ച് പ്രത്യേക പദ്ധതി തയാറാക്കും. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ കൊച്ചിയെയും ഉള്‍പ്പെടുത്തി. ഇതിനായി 50 കോടി വകയിരുത്തി.
വര്‍ക്കല, കൊല്ലം, മണ്‍റോ തുരുത്ത്, ആലപ്പുഴ, മൂന്നാര്‍, പൊന്നാനി, ബേപ്പൂര്‍, കോഴിക്കോട്, കണ്ണൂര്‍, ബേക്കല്‍ എന്നിവിടങ്ങളിലും പദ്ധതി യാഥാര്‍ഥ്യമാക്കും.

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് 14.50 കോടി രൂപ വകയിരുത്തി.

പെട്രോ കെമിക്കല്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് കൊച്ചിയില്‍ ബിപിസിഎല്ലിനോട് ചേര്‍ന്ന് 600 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അതില്‍ 481 ഏക്കര്‍ കിന്‍ഫ്രക്ക് കൈമാറി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ഇതില്‍ നിന്ന് 170 ഏക്കര്‍ ഭൂമി ബിപിസിഎല്ലിന് കൈമാറി. പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 13 കോടി വകയിരുത്തി.

കാക്കനാട് കിന്‍ഫ്രയുടെ എക്‌സിബിഷന്‍ സെന്ററിന് 12.50 കോടി വകയിരുത്തി.

കൊച്ചിയില്‍ സ്ഥാപിക്കുന്ന ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രഫീനു വേണ്ടിയുള്ള സംസ്ഥാന വിഹിതമായി അഞ്ച് കോടി രൂപ വകയിരുത്തി.

കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍ സ്ഥാപിക്കുന്നതിന് 20 കോടി.

ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 26.70 കോടി രൂപ വകയിരുത്തി.

കൊച്ചി നഗരത്തില്‍ മ്യൂസിയം കള്‍ച്ചറല്‍ കോംപ്ലക്‌സ് നിര്‍മ്മാണത്തിനായി അഞ്ച് കോടി രൂപ വകയിരുത്തി. ജിസിഡിഎയ്ക്ക് മൂന്ന് കോടി രൂപ വകയിരുത്തി.

ഇന്ത്യയിലെ ഏററവും പഴക്കമുള്ള ബിസിനസ് സ്‌കൂളുകളില്‍ ഒന്നായ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ വജ്രജൂബിലി പ്രമാണിച്ച് പ്രത്യേക സഹായമായി ഒരു കോടി രൂപ അനുവദിച്ചു.

എറണാകുളം ഉള്‍പ്പടെയുള്ള റീജിയണല്‍ ലബോറട്ടറികള്‍ നവീകരിക്കുന്നതിനും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഏഴ് കോടി രൂപ വകയിരുത്തി.

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എറണാകുളം ഉള്‍പ്പടെയുള്ള ജില്ലാ ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് ആകെ 5.24 കോടി രൂപ നീക്കിവെച്ചു. കൊല്ലം, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ക്കുമായാണ് തുക അനുവദിച്ചത്.

കളമശേരിയില്‍ ഹൈക്കോടതിയും അനുബന്ധ ജുഡീഷ്യല്‍ ഓഫീസുകളും ഉള്‍ക്കൊളളുന്ന ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കും. ഹൈക്കോടതി, സബോര്‍ഡിനേറ്റ് കോടതികള്‍, കേരള ജുഡീഷ്യല്‍ അക്കാദമി എന്നിവയുടെ ആധുനികവത്കരണത്തിലൂടെ കോടികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട പ്രവര്‍ത്തനാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതിയുടെ വിവിധ ഘടകങ്ങള്‍ക്കായി 15.04 കോടി വകയിരുത്തി. വിവര വിനിമയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹൈക്കോടതിയെയും കീഴ്ക്കോടതികളെയും ആധുനികവത്കരി ുന്നതിന് 2024-25 സാമ്പത്തിക വര്‍ഷം 3.30 കോടി രൂപ നീക്കിവച്ചു.

ഇടമലയാര്‍ ജലസേചന പദ്ധതിയുടെ വിഹിതം മുന്‍വര്‍ഷത്തെ 10 കോടിയില്‍ നിന്നും 35 കോടിയായി ഉയര്‍ത്തി.

ആര്‍ഐഡിഎഫ് വായ്പ ഉള്‍പ്പടെ മുവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിക്ക് 12 കോടി രൂപ വകയിരുത്തി.

എല്ലാ ജില്ലകളിലും ഇ വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് കെഎസ്ഇബിക്ക് വകയിരുത്തിയത് 7.40 കോടി രൂപ.

ഇടമണ്‍-കൊച്ചി ഹൈ ടെന്‍ഷന്‍ ലൈനുകളുടെ നഷ്ടപരിഹാര പാക്കേജിന് 20 കോടി. പൂകലൂര്‍-മാടക്കത്തറ ലൈനുകള്‍ക്കും കൂടിയാണിത്.

കൊച്ചി ഉള്‍പ്പടെയുള്ള നാല് ഡെസ്റ്റിനേഷനുകളില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, റസ്റ്ററന്റുകള്‍, ചെറു വിനോദ ഇടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന മിനി മറീനകളും യാട്ട് ഹബ്ബുകളും വികസിപ്പിക്കും.

സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതി നടത്തിപ്പിനുള്ള സംസ്ഥാന വിഹിതമായി 100 കോടി രൂപ വകയിരുത്തി.

വിഴിഞ്ഞം പോര്‍ട്ട്, കൊച്ചി മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട് തുടങ്ങിയ വന്‍കിട പദ്ധതികളുടെ നിര്‍വഹണത്തിന് ആകെ 300.73 കോടി വകയിരുത്തി.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...