ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജില്ലാതല ഇന്റര്‍സെക്ടറല്‍ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകളുടെ ഏകോപനമുണ്ടാകണമെന്ന് യോഗത്തില്‍ കളക്ടര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദേശീയ വിരവിമുക്ത ദിനം, ജലജന്യ രോഗനിയന്ത്രണം, സാംക്രമിക രോഗനിയന്ത്രണം, കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (8) ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി പറഞ്ഞു. ജില്ലയിലെ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അങ്കണവാടികളിലും വിദ്യാലയങ്ങളിലും വിരക്കെതിരെയുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. വയറിളക്ക രോഗ നിയന്ത്രണ വാരാചരണം ഫെബ്രുവരി 14 മുതല്‍ 28 വരെ ആചരിക്കും. അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒആര്‍എസ്, സിങ്ക് എന്നിവയുടെ ലഭ്യതയും ഉപയോഗവും മെച്ചപ്പെടുത്തി കുട്ടികളുടെ പ്രതിരോധവും പരിപാലനവും ഉറപ്പാക്കുകയാണ് ലക്ഷ്യം. അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ പ്രതിരോധ മരുന്നുകള്‍ നല്‍കും. അഞ്ചാംപനി, റൂബെല്ല നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാക്സിന്‍ എടുക്കാത്ത അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികളെ കണ്ടെത്തി എംആര്‍സിവി (മീസില്‍സ് ആന്‍ഡ് റുബെല്ല കണ്ടെയിനിഗ് വാക്സിന്‍) നല്‍കും. ആരോഗ്യജാഗ്രത, കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, ഡോ. ഐപ്പ് ജോസഫ്, എന്‍എച്ച്എം ഡിപിഎം ഡോ.എസ് ശ്രീകുമാര്‍, ആര്‍സിഎച്ച് കെ കെ ശ്യാം കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.