29 രൂപ കിലോഗ്രാമിന് ഭാരത് അരി

പൊതുവിപണിയിൽ വർധിച്ചുവരുന്ന അരി വില പിടിച്ചുനിർത്താൻ ഭാരത് റൈസ് എന്ന പേരിൽ എല്ലാ സംസ്ഥാനങ്ങളിലും താരതമ്യേന കുറഞ്ഞ വിലയ്ക്ക് കേന്ദ്രം അരി വിപണനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കിലോയ്ക്ക് 29 രൂപയ്ക്ക് വിൽക്കുന്ന ഭാരത് അരിയുടെ ആദ്യ ലോഡ് കഴിഞ്ഞ ദിവസം കേരളത്തിലെത്തി. പൊതുവിപണിയിലെ കുതിച്ചുയരുന്ന വിലയ്ക്ക് പണം കണ്ടെത്താനാവാതെ സംസ്ഥാനത്തെ സിവിൽ സപ്ലൈസ് കോർപറേഷൻ നെട്ടോട്ടമോടുകയാണ്. അരിവില കുതിച്ചുയർന്നാൽ സാധാരണക്കാരന് അത് താങ്ങാവുന്നതിലപ്പുറവുമാണ്. ഇങ്ങനെയൊരു സന്ദർഭത്തിൽ കേന്ദ്രം നടത്തിയിട്ടുള്ള ഈ ഇടപെടൽ ഭൂരിഭാഗം ജനങ്ങളുടെയും പ്രീതി നേടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

പൊതുതിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക വിജ്ഞാപനം വരുന്നതിനു തൊട്ടുമുമ്പാണ് ഈ കേന്ദ്ര നീക്കം എന്നതു കൊണ്ടു തന്നെ ഇത് ഉറപ്പായും രാഷ്ട്രീയ ലക്ഷ്യം ലാക്കാക്കി ആണെന്നുള്ള പരാതി സ്വാഭാവികം മാത്രമാണ്. കൊവിഡിന് ശേഷം മുൻഗണനാ കാർഡ് ഉടമകൾക്ക് സൗജന്യ അരിയും ചെറുപയറും വിതരണം ചെയ്തുകൊണ്ടാണ് കേന്ദ്രം അന്ന് പ്രതികരിച്ചത്. അതിൻ്റെ അടുത്ത പടിയായിട്ടാകാം ഇപ്പോഴത്തെ ഭാരത് റൈസ് പദ്ധതി എന്നു വേണം കരുതാൻ. കേന്ദ്ര പദ്ധതിയിൽ അരി മാത്രമല്ല, ചെറുപയറും കുറഞ്ഞ വിലയ്ക്ക് ലഭിക്കും.

റേഷൻ കാർഡ് ഉടമകൾക്ക് മാത്രമല്ല കിലോയ്ക്ക് 29 രൂപയുള്ള ഈ അരി വാങ്ങാൻ കഴിയുക എന്ന കാര്യം ശ്രദ്ധേയമാണ്. ഇത് വാങ്ങാൻ ഒരാൾക്ക് റേഷൻ കാർഡ് തന്നെ ആവശ്യമില്ല. നാഫെഡ്, എൻസിസിഎഫ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ വഴിയാണ് വിൽപ്പന നടപ്പാക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്കും ഈ അരിയും മറ്റ് സാധനങ്ങളും കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകൾ വഴി വാങ്ങാവുന്നതാണ്. കേരളത്തിൽ ഇരുന്നൂറ് ഔട്ട്‌ലെറ്റുകൾ അടിയന്തരമായി തുറക്കണമെന്നാണ് ഈ ഏജൻസികൾക്കുള്ള കേന്ദ്രനിർദേശം. ഔട്ട്‌ലെറ്റുകൾ തുറക്കുന്നതുവരെ പദ്ധതിക്കായി കാത്തിരിക്കേണ്ടതില്ല. മൊബൈൽ ഔട്ട്‌ലെറ്റുകൾ (വാഹനങ്ങൾ) എല്ലാ ജില്ലകളിലും ഭാരത് റൈസ് 5 കിലോ, 10 കിലോ പായ്ക്കറ്റുകളിൽ എത്തിക്കും. ഇതിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്നലെ തൃശൂരിൽ നടന്നു. വൈകാതെ ഓൺലൈൻ വ്യാപാര സൗകര്യവും ഉണ്ടാകും.

തമിഴ് നാട്ടിൽ വ്യാപകമായി ഉപയോഗിക്കുന്ന പൊന്നി അരി ഇപ്പോൾ ഭാരത് റൈസ് പദ്ധതിയിലൂടെ വിവിധ സംസ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. കേരളീയരും പൊന്നി അരിയാണ് ഉപയോഗിക്കുന്നതെങ്കിലും മട്ട അരിക്കാണ് ആവശ്യക്കാർ കൂടുതൽ. റേഷൻ സമ്പ്രദായത്തിലെന്ന പോലെ സാമ്പത്തിക തരം തിരിവു കൂടാതെ എല്ലാവർക്കും കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കുക എന്നതു മാത്രമല്ല പ്രധാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള അരി വിതരണം ചെയ്യാൻ കഴിയുക എന്നതും അതു പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. എങ്കിലേ അത് പൂർണമായും ജനങ്ങളിൽ എത്തുകയും അവർക്ക് പ്രയോജനപ്പെടുകയുമുള്ളൂ. പദ്ധതി നടപ്പാക്കാൻ ചുമതലപ്പെട്ട ഏജൻസികൾ ഇക്കാര്യം കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതായാണ് വിവരം ലഭിക്കുന്നത്. പദ്ധതിയുടെ സ്വീകാര്യതയാണ് ലക്ഷ്യമെന്നതിനാൽ ഈ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് കരുതേണ്ടതുണ്ട്.

“ഇപ്പോൾ സർക്കാരിൻ്റെ പ്രഥമ പരിഗണന അരി വില കുറയുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്,” കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര പത്രസമ്മേളനത്തിൽ പറഞ്ഞു, അരി ഒഴികെയുള്ള എല്ലാ അവശ്യ ഭക്ഷ്യ വസ്തുക്കളുടെയും വില നിയന്ത്രണത്തിലാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനിടെ അരിയുടെ വില ചില്ലറവിൽപ്പനയിൽ 14.5 ശതമാനവും മൊത്തവിപണിയിൽ 15.5 ശതമാനവും വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയന്ത്രണത്തിൻ്റെ ഭാഗമായി അരി / നെല്ല് സ്റ്റോക്ക് വെളിപ്പെടുത്താൻ വ്യാപാരികളോട് നിർദ്ദേശിച്ചിട്ടുണ്ട്. വിപണിയിലെ അഭ്യൂഹങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ട് അരി കയറ്റുമതിയിലെ നിയന്ത്രണങ്ങൾ ഉടൻ നീക്കാൻ സർക്കാരിന് പദ്ധതിയില്ലെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. വില കുറയുന്നത് വരെ നിയന്ത്രണങ്ങൾ തുടരും.

Leave a Reply

spot_img

Related articles

ബിപിൻ സി ബാബുവിനെതിരെ കേസെടുത്തു

ആലപ്പുഴ കായംകുളത്ത് സി പി എം വിട്ട് ബി ജെ പിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസെടുത്തു.ഭാര്യ മിനിസ...

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....