ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്രസ പൊളിച്ചുനീക്കിയ സംഭവത്തിൽ പൊലീസും ജനക്കൂട്ടവും തമ്മിലുള്ള സംഘർഷത്തിനിടെ നാലു പേർ മരിച്ചു. അക്രമികളെ വെടിവയ്ക്കാൻ ഉത്തരവ്
250 പേർക്കു പരുക്കേറ്റതായാണ് വിവരം.
ഇതിൽ നൂറോളം പേർ പൊലീസുകാരാണ്.
പ്രദേശത്ത് നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. സംഘർഷം കണക്കിലെടുത്തു സ്‌കൂളുകൾ വെളളിയാഴ്ച അടച്ചിടും. ആക്രമികളെ വെടിവയ്ക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർദ്ദേശം നൽകി.
പ്രദേശത്തു നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. ഇന്റർനെറ്റ് അടക്കം നിരോധിച്ചിട്ടുണ്ട്.
ഹൽദ്വാനിയിലെ മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് ബൻഭൂൽപുര പൊലീസ് സ്‌റ്റേഷനു സമീപം അനധികൃതമായി നിർമിച്ച മദ്രസ പൊളിച്ചുനീക്കിയത്. ഇതിനു പിന്നാലെ മദ്രസയ്ക്കു സമീപം താമസിക്കുന്നവർ ഉദ്യോഗസ്‌ഥരെ ആക്രമിക്കുകയായിരുന്നു.
വൻ ജനക്കൂട്ടമാണ് ബൻഭൂൽപുര പൊലീസ് സ്‌റ്റേഷൻ വളഞ്ഞത്.
ഇതോടെ അവിടെയെത്തിയ പ്രാദേശിക ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും പൊലീസ് സ്റ്റേഷനുള്ളിൽ കുടുങ്ങി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.