നാട്ടുകാരുടെ വൻ പ്രതിഷേധത്തെ തുടർന്ന് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച അജീഷിൻ്റെ വീട്ടുകാർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യയ്ക്ക് ജോലിയും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. സർവ്വകക്ഷി യോഗത്തിൽ തീരുമാനമായതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. അജീഷിൻ്റെ മൃതദേഹം വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ആദ്യം അജീഷിൻ്റെ ഭാര്യയ്ക്ക് താൽക്കാലിക ജോലി നൽകാമെന്ന് മന്ത്രി പറഞ്ഞെങ്കിലും പിന്നീട് സ്ഥിര ജോലിക്ക് ശുപാർശ ചെയ്യാമെന്ന് തീരുമാനമായി. കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കലക്ടർ രേണുരാജ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. സ്ഥിര ജോലിക്കുള്ള ശുപാർശയും ഉണ്ടാകുമെന്നും 10 ലക്ഷത്തിനു പുറമെ ആവശ്യപ്പെട്ട 40 ലക്ഷത്തിനും അനുകൂല റിപ്പോർട്ട് തന്നെ നൽകുമെന്നും കലക്ടർ പ്രതികരിച്ചു.