നോര്‍ത്ത് വയനാട് ഡിവിഷനില്‍ ബേഗൂര്‍ റെയിഞ്ച് തൃശ്ശിലേരി സെക്ഷന്‍ പരിധിയില്‍ വരുന്ന പടമല ഭാഗത്ത് അജീഷ് എന്നയാളുടെ മരണത്തിന് ഇടയാക്കിയ റേഡിയോ കോളര്‍ ഉള്ള മോഴ ആനയെ മയക്കുവെടി വെച്ച് പിടിക്കാന്‍ കേരള വനം വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദ വിവരങ്ങള്‍
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍-കേരളയുടെ ഉത്തരവ് പ്രകാരം ജനവാസമേഖലയിലുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴ ആനയെ മയക്കുവെടി വെച്ച് പിടികൂടുന്ന ദൗത്യത്തിനായി ഇന്ന് രാവിലെ 5.30 മണിയോട് കൂടി പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍ 150ഓളം വനം വകുപ്പ് ജീവനക്കാര്‍ എത്തിയിട്ടുണ്ട്. മയക്കുവെടി വെക്കുന്നതിനായി 4 വെറ്ററിനറി ഡോക്ടര്‍മാരുടെ വിദഗ്ദസംഘവും നോര്‍ത്തേണ്‍ സര്‍ക്കിള്‍ സിസിഎഫ്, വൈല്‍ഡ് ലൈഫ് പാലക്കാട് സിസിഎഫ്, വയനാട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, നോര്‍ത്ത് വയനാട്, സൗത്ത് വയനാട്, ഫ്‌ളയിംഗ് സ്‌ക്വാഡ് കോഴിക്കോട് ഡിഎഫ്ഒമാര്‍, സോഷ്യല്‍ ഫോറസ്ട്രി എസിഎഫ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ഉള്‍പ്പെടെ വയനാട്, കോഴിക്കോട്, ജില്ലകളിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ടീമാണ് ദൗത്യത്തില്‍ പങ്കെടുത്തത്.
ആനയുടെ ലൊക്കേഷന്‍ സിഗ്നല്‍ ലഭിച്ച വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനിലെ തോല്‍പ്പെട്ടി റെയിഞ്ചിലെ ബാവലി സെക്ഷന്‍ പരിധിയില്‍ വരുന്ന മണ്ണുണ്ടി കോളനി സമീപത്ത് ആന ഉള്ളതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളി സ്റ്റേഷനില്‍ നിന്നും പല സംഘങ്ങളായി സ്ഥലത്തെത്തുകയും ആന്റിന-റിസീവര്‍ ന്റെ സഹായത്തോടെ തിരച്ചില്‍ നടത്തിയതില്‍ മാനന്തവാടി-മൈസൂര്‍ റോഡില്‍ നിന്നും ഏകദേശം 300 മീറ്റര്‍ ദൂരെയായി സിഗ്നല്‍ ലഭിക്കുകയുണ്ടായി. ഇതേതുടര്‍ന്ന് ഡ്രോണുകളുടെ സഹായത്തോടെ വിശദമായ നിരീക്ഷണം നടത്തിയതില്‍ അടഞ്ഞ കാടായതിനാല്‍ ആനയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സിഗ്നലിന്റെ അടിസ്ഥാനത്തില്‍ അവിടെയുള്ള കൊല്ലിയില്‍ ആനയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് 2 കുംകിയാനകളുടെ സഹായത്തോടെ മയക്കുവെടി ടീം ആനയുടെ സമീപത്തെത്തിയെങ്കിലും ആന വളരെ വേഗത്തില്‍ കര്‍ണാടക വനാതിര്‍ത്തിയിലേക്ക് പോകുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് കുംകിയാനകളും സംഘവും കര്‍ണാടക വനത്തിലേക്ക് ആന പ്രവേശിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ ആന വീണ്ടും മണ്ണുണ്ടി കോളനി ഭാഗത്തെ ചെക്ക് ഡാമിലേക്ക് നീങ്ങിയതായി അറിഞ്ഞതിനെ തുടര്‍ന്ന് മയക്കുവെടി ടീം ആനയെ കണ്ടെത്താനായി ടി ഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ജനവാസമേഖലയോട് ചേര്‍ന്ന വനഭാഗത്തു തന്നെ ആനയുള്ളതിനാല്‍ മണ്ണുണ്ടി, ചേലൂര്‍, ഇരുമ്പുപാലം, ബാവലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രാവിലെ മുതല്‍ തന്നെ തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം അനൗണ്‍സ്‌മെന്റ് ചെയ്യുകയും ടി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളില്‍ ഇഞജഇ 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് റവന്യൂ, പോലീസ് ഉദ്യോദസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
ആന വളരെ വേഗത്തില്‍ സഞ്ചരിക്കുന്നത് കൊണ്ടും അടഞ്ഞ അടിക്കാടോടു കൂടിയ കാടായതിനാലും മയക്കുവെടി വെക്കുന്ന പ്രവര്‍ത്തന പുരോഗതിയെ ബാധിക്കുന്നുണ്ട്. സമീപ പ്രദേശത്തുള്ള ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അനൗണ്‍സ്‌മെന്റ് ചെയ്യാന്‍ അറിയിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിക്ക് ശേഷം ഉള്‍ക്കാട്ടില്‍ മയക്കുവെടി വെക്കുക എന്നത് വളരെ ദുഷ്‌കരവും അപകടകരവുമായതിനാല്‍ മയക്കുവെടി വെക്കുന്നതിനുള്ള നടപടികള്‍ നാളെ രാവിലെ (12.02.2024) പുനരാരംഭിക്കുന്നതാണ്. ആന ജനവാസ മേഖലയില്‍ കടക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും വനം വകുപ്പ് നടത്തി വരുന്നുണ്ട്. രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നാളെ മുതല്‍ മണ്ണര്‍ക്കാട്, നിലമ്പൂര്‍ മേഖലകളില്‍ നിന്നും കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ എത്തിക്കും. ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.