വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേൽശാന്തി തുറന്ന് വിളക്കുകൾ തെളിക്കും.
പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകർന്നു കഴിഞ്ഞാൽ ഭക്തർക്ക് പതിനെട്ടു പടികൾ കയറി ദർശനം നടത്താനാകും.
ശ്രീകോവിലിനുമുന്നിലായി നിൽക്കുന്ന അയ്യപ്പഭക്തർക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്യും. മാളികപ്പുറം മേൽശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിക്കും.
നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ രണ്ടിടങ്ങളിലും ഉണ്ടാവില്ല. രാത്രി 10 മണിക്ക് തിരുനട അടയ്ക്കും. കുംഭം ഒന്നായ 14 ന് പുലർച്ചെ 5 മണിക്ക് തിരുനട തുറക്കും.
തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും.
5.30 ന് ഗണപതി ഹോമം. രാവിലെ 5.30 മുതൽ 7 മണി വരെയും 9 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം നടക്കും. രാവിലെ 7.30 ന് ഉഷപൂജ തുടർന്ന്
ഉദയാസ്തമയ പൂജ . 12.30 ന് ഉച്ചപൂജ കഴിഞ്ഞ് 1 മണിക്ക് നട അടയ്ക്കും.
വൈകുന്നേരം 5 മണിക്ക് തുറക്കുന്ന നട രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും.
നട തുറന്നിരിക്കുന്ന 14 മുതൽ 18 വരെ എല്ലാ ദിവസവും ഉദയാസ്തമയ പൂജ, 25 കലശാഭിഷേകം,കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 18 ന് രാത്രി കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടയ്ക്കും.
ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് വെർച്വൽ ക്യു ബുക്കിംഗ് ടിക്കറ്റ് നിർബന്ധമാണ്.