സാമ്പത്തിക പ്രശ്‌നം ചർച്ച ചെയ്ത് പരിഹാരം കാണണമെന്ന് കേരള-കേന്ദ്ര സർക്കാരുകളോട് സുപ്രീം കോടതി ചൊവ്വാഴ്ച ആവശ്യപ്പെട്ടു. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരള സർക്കാരിൻ്റെ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ചർച്ചയ്ക്ക് തയ്യാറാണെന്ന് കേരളവും കേന്ദ്രവും മറുപടി നൽകി. കേരള ധനമന്ത്രിയോടും കേന്ദ്ര ധനകാര്യ സെക്രട്ടറിയോടും ചർച്ച നടത്താൻ സുപ്രീം കോടതി നിർദേശിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിഷയത്തിൽ നിലപാട് അറിയിക്കാൻ ഇരുവരോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. ചർച്ച നടക്കുന്ന സാഹചര്യത്തിൽ ഇന്നോ നാളെയോ ധനമന്ത്രി ഡൽഹിയിലെത്തുമെന്ന് കേരളം വ്യക്തമാക്കി.
കേരളത്തിന് കൂടുതൽ പണം കടമെടുക്കാൻ അനുമതി നൽകുന്നത് സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് കാരണമാകുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കൂടുതൽ വായ്പയെടുക്കാൻ കേരളത്തെ അനുവദിക്കുന്നത് സാമ്പത്തിക ചട്ടക്കൂടിനെ ദോഷകരമായി ബാധിക്കും. ഇത് സംസ്ഥാനങ്ങളുടെ മോശം സാമ്പത്തിക മാനേജ്‌മെൻ്റിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമായിരിക്കും. കൂടുതൽ വായ്പയെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നല്ലതല്ല. ഇത് കടം വാങ്ങുന്നതിനുള്ള ചെലവ് വർദ്ധിപ്പിക്കുകയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യും. ഭരണഘടനാ വ്യവസ്ഥകൾ ഉപയോഗിച്ച് സംസ്ഥാനത്തിൻ്റെ കടമെടുപ്പ് നിയന്ത്രിച്ചില്ലെങ്കിൽ കേരളം വലിയ പ്രതിസന്ധിയിലാകുമായിരുന്നുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കൂടുതൽ പണം കടമെടുക്കാൻ അനുവദിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന കേരളത്തിൻ്റെ അപേക്ഷയിൽ കേന്ദ്ര ധനമന്ത്രാലയം മറുപടി സത്യവാങ്മൂലം നൽകി.
ഏതെങ്കിലും സർക്കാർ സ്ഥാപനം എടുക്കുന്ന വായ്പ സംസ്ഥാന കടമായാണ് കേന്ദ്രം കണക്കാക്കുന്നതെന്ന കേരളത്തിൻ്റെ വാദവും സത്യവാങ്മൂലത്തിൽ തള്ളി. കെഎസ്ആർടിസി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങൾ സ്വന്തമായി വായ്പ എടുക്കുന്നതിന് എതിരല്ലെന്ന് കേന്ദ്രം വ്യക്തമാക്കി.