സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ പത്തനംതിട്ട ജില്ലയില്‍ സന്ദര്‍ശനം നടത്തി.
സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഇന്‍ ചാര്‍ജ് അഡ്വ. പി വസന്തത്തിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെ ആദിവാസി ഗോത്രവര്‍ഗ കോളനികളായ ളാഹ, മഞ്ഞത്തോട്, മൂഴിയാര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഗോത്രവര്‍ഗക്കാര്‍ക്ക് ഉറപ്പുവരുത്തുകയും അവയെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. കോളനിക്കാരുടെ പ്രശ്‌നങ്ങള്‍ കമ്മിഷന്‍ ചോദിച്ചറിഞ്ഞു. പ്രസവാനുകൂല്യങ്ങള്‍, റേഷന്‍ കടകള്‍, അങ്കണവാടികള്‍ മുഖേന ലഭിക്കുന്ന അരി, ഗോതമ്പ്, ആട്ട, അമൃതം പൊടി തുടങ്ങിയവ കോളനികളില്‍ യഥാക്രമം ലഭ്യമാകുന്നുണ്ടോ എന്ന് കമ്മിഷന്‍ പരിശോധിച്ചു.
പൊതുവിതരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം എന്നീ വകുപ്പുകളിലൂടെ ജനങ്ങള്‍ക്ക് ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുകയാണ് കമ്മിഷന്‍ ചെയ്യുന്നത്. ഗോത്രവര്‍ഗങ്ങളിലെ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ആളുകളുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കാണുകയാണ് കമ്മിഷന്‍ മുന്നോട്ട് വെക്കുന്ന നയമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഈ വിഭാഗക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തേണ്ടത് അനിവാര്യമാണ്. ഇതിനായി ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാനപരമായ കാര്യങ്ങളെപ്പറ്റിയും അവരുടെ അവകാശങ്ങളെപ്പറ്റിയും അവബോധം നല്‍കേണ്ടത് അത്യാവശ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ സര്‍ക്കാര്‍ തലം വരെ ഇതിനായിട്ടുള്ള നടപടികള്‍ സ്വീകരിക്കും. ഗോത്രമേഖലകളിലെ അംങ്കണവാടികളുടെയും കുടുംബശ്രീയുടെയും അഭാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ അംഗങ്ങളായ എം വിജയലക്ഷ്മി, സബിത ബീഗം, ദിലീപ് കുമാര്‍, ജില്ലാ ട്രൈബല്‍ ഓഫീസര്‍, എസ് എസ് സുധീര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.