കണിയാമ്പറ്റ-കമ്പളക്കാട് ടൗണുകളില്‍ ട്രാഫിക് പരിഷ്‌കരണം
വയനാട് ജില്ലയിലെ കണിയാമ്പറ്റ-കമ്പളക്കാട് ടൗണുകളില്‍ ഫെബ്രുവരി 15 മുതല്‍ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കും. കണിയാമ്പറ്റ ജംഗ്ഷന്‍ മുതല്‍ മൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് വരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക്ചെയ്യാന്‍ പാടില്ല. ഓട്ടോറിക്ഷ, ടാക്സി ജീപ്പ്, ഫോര്‍വീല്‍, ഗുഡ്സ്, കൊട്ട ജിപ്പ്, ഫോര്‍വീല്‍, ടൂ വീലര്‍ പാര്‍ക്കിംഗിന് സ്ഥലങ്ങള്‍ അനുവദിച്ചു. കല്‍പ്പറ്റ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ അല്‍ അമീന്‍ ഹോട്ടലിന് മുമ്പിലുള്ള ബസ്സ് സ്റ്റോപ്പിലും, മാനന്തവാടി ഭാഗത്തേക്ക് പോകുന്നവ വില്ലേജ് ഓഫീസിന് മുമ്പിലുള്ള ബസ്സ് സ്റ്റോപ്പിലും, പനമരത്ത് നിന്നും മീനങ്ങാടി ഭാഗത്തേക്ക് പോകുന്നവ ഫ്രെഷ് ബേക്കറി സമീപമുള്ള ബസ്സ് സ്റ്റോപ്പിലും മീനങ്ങാടിയില്‍ നിന്നും പനമരം ഭാഗത്തേക്ക് പോകുന്ന പ്രൈവറ്റ് ബസ്സുകള്‍ കേരള ഗ്രാമീണ്‍ ബാങ്കിന് മുമ്പിലെ ബസ്സ് സ്റ്റോപ്പിലും നിര്‍ത്തണം. ടൗണില്‍ വാഹനങ്ങളിലും നടപ്പാതയിലുമുള്ള അനധികൃത കച്ചവടം നിരോധിച്ചു.
കമ്പളക്കാട് ടൗണില്‍ നോ പാര്‍ക്കിംഗ് ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചു. രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് നോ പാര്‍ക്കിംഗ്. ഓട്ടോറിക്ഷ, ഫോര്‍വീല്‍ ഓട്ടോ, ഗുഡ്സ് ഓട്ടോറിക്ഷ, ടൂറിസ്റ്റ് ടാക്സി ഗുഡ്സ് /കൊട്ട ജീപ്പ്, ട്രാക്ടറുകള്‍, പിക്കപ്പുകള്‍, പ്രൈവറ്റ് വാഹനങ്ങള്‍, ടാക്സി ജീപ്പ്, ടൂ വീലര്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്‍പ്പറ്റയില്‍ നിന്നും പള്ളിക്കുന്ന് റോഡ് വഴി പോകുന്ന കെ.എസ്.ആര്‍.ടിസി, പ്രൈവറ്റ് ബസ്സുകള്‍ ടൗണിലെ അന്‍സാരിയ ജംഗ്ഷനുള്ള സ്റ്റോപ്പിലും പഞ്ചായത്ത് സ്റ്റാന്റിലും കയറ്റി ഇറക്കിയതിനു ശേഷം പള്ളിക്കുന്ന് റോഡിലെ മുജഹിദ് പള്ളിക്ക് സമീപം ബസ് സ്റ്റോപ്പില്‍ നിര്‍ത്തണം. പള്ളിക്കുന്ന് ഭാഗത്തു നിന്നും വരുന്ന മുഴുവന്‍ കെ.എസ്.ആര്‍.ടി.സി – പ്രൈവറ്റ് ബസ്സുകളും എം.പി എം ബില്‍ഡിംഗ് ആരംഭത്തില്‍ യാത്രക്കാരെ ഇറക്കി പഞ്ചായത്ത് സ്റ്റാന്റില്‍ കയറി ടൗണിലെ പള്ളിക്കു മുന്നിലെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തണം. കമ്പളക്കാട് ടൗണിലെ പുതിയ ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളും പ്രൈവറ്റ് ബസ്സുകളും ഒഴികെ മറ്റു വാഹനങ്ങള്‍ പ്രവേശിക്കാനോ പാര്‍ക്ക് ചെയ്യാനോ പാടില്ല. കമ്പളക്കാട് അങ്ങാടിയില്‍ നിന്ന് പള്ളിക്കുന്ന് ഭാഗത്തേക്ക് പാരലല്‍ ടാക്സി ജീപ്പുകള്‍ സര്‍വ്വീസ് നടത്തും. കമ്പളക്കാട് ടൗണ്‍ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി ബോര്‍ഡുകള്‍ സ്ഥാപിച്ചു. കമ്പളക്കാട് ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടികള്‍, തണല്‍മരങ്ങള്‍, ട്രാഫിക് ബോര്‍ഡുകള്‍ എന്നിവകളില്‍ മറ്റു പരസ്യങ്ങള്‍ പതിക്കുന്നതും ഫ്ളക്സ് ബോര്‍ഡുകള്‍ തൂക്കുന്നതും നിരോധിച്ചു. കമ്പളക്കാട് ടൗണിലെ അനധികൃത കച്ചവടം, വാഹനങ്ങളിലെയും, നടപ്പാതയിലെയും അനധികൃത കച്ചവടം എന്നിവയും നിരോധിച്ചതായി കണിയാമ്പറ്റ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.