സംസ്ഥാന ക്ഷീരകര്‍ഷക സംഗമം പടവ് 2024 ന് അണക്കരയിൽ തുടക്കമായി
സംസ്ഥാനത്ത് അടുത്ത ഒരു വർഷം കൊണ്ട് പാൽ ഉത്പാദനത്തിൽ നൂറു ശതമാനം സ്വയം പര്യാപ്തത കൈവരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അണക്കരയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷകസംഗമം പടവ് 2024ന്റെ ഭാഗമായുള്ള ഡയറി എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ലക്‌ഷ്യം നേടുന്നതിനായി വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്. മുഖാമുഖം പോലുള്ള പരിപാടികളിലൂടെ ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കിയാണ് സർക്കാർ മുന്നേറുന്നത്.
അത്പോലെ അന്യസംസ്ഥാനത്ത് നിന്നെത്തുന്ന തീറ്റകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. ഇതിനായി നിയമസഭയിൽ ബില്ല് പാസാക്കാൻ കഴിഞ്ഞിട്ടുണ്ട്.
സുരക്ഷിതമല്ലാത്തവ വിതരണം ചെയ്യുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇനി അത് സമയബന്ധിതമായി നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത് . ഇവ കൃത്യതയോടെ പ്രാവർത്തികമാക്കുനതിനായി, ബില്ലുകൾ നിലവിലുള്ള മറ്റു സംസ്ഥാനങ്ങളെ, മാതൃകകളാക്കി പഠിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ഷീരവികസന വകുപ്പിലെയും ക്ഷീര സംഘത്തിലെയും ജീവനക്കാരുടെ കലാസന്ധ്യ എം.എം.മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കേരളത്തിന് ആവശ്യമായ പാൽ നമ്മൾ തന്നെ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുകയാണ് വേണ്ടതെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിച്ച വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു.
വിഷാംശമില്ലാത്ത പാൽ നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്നും എം. എൽ. എ കൂട്ടിച്ചേർത്തു
ഞായറാഴ്ച ഉച്ചതിരിഞ്ഞു 3 മണിക്ക് അണക്കര സെന്റ് തോമസ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളിന്റെ മുമ്പില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ പതാക ഉയര്‍ത്തിയതോടെയാണ് ക്ഷീരകർഷക സംഗമത്തിന് തുടക്കമായത്.
ചൊവ്വാഴ്ച വരെ ( 20 വരെ) ഇടുക്കി അണക്കര സെന്റ് തോമസ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുന്ന സംഗമത്തില്‍ ക്ഷീരകര്‍ഷകരുടെയും സഹകാരികളുടെയും സാങ്കേതിക വിദഗ്ധരുടെയും വലിയ പങ്കളൈത്തമാണ് പ്രതീക്ഷിക്കുന്നത് .
പാലുല്‍പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ , പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള പുതിയ രീതികൾ , മേഖലയിലെ പുതിയ മാറ്റങ്ങൾ എന്നിവ ചര്‍ച്ച ചെയ്യും.
മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസഹകരണ സംഘങ്ങള്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് മില്‍മ, കേരള ഫീഡ്‌സ്, കെ.എല്‍.ഡി ബോര്‍ഡ്, വെറ്ററിനറി സര്‍വകലാശാല എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ 5000 ത്തോളം ക്ഷീരകര്‍ഷകരാണ് പങ്കെടുക്കുക .
ഉദ്ഘാടന യോഗത്തിൽ ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ ഫിലിപ്പ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വര്‍ണാഭമായി വിളംബര ഘോഷയാത്ര
ക്ഷീരകര്‍ഷകസംഗമത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വിളംബര ഘോഷയാത്ര വാഴൂർ സോമൻ എം. എൽ. എ ഫ്‌ളാഗ് ഓഫ് ചെയ്തു.
സൈക്കിളിൽ പാൽ വില്പനക്കായി പോകുന്ന പാൽക്കാരൻ മുതൽ ആധുനിക രീതിയിലുള്ള തൊഴുത്തുകൾ വരെ നിശ്ചല ദൃശ്യങ്ങളിൽ വ്യത്യസ്തയേകി.
ഇടുക്കി അണക്കെട്ടിന്റെ പശ്ചാത്തലത്തിൽ പാൽ കറക്കുന്ന സ്ത്രീ, പാൽ ഉല്പാദനവും വിപണനവും, പാലിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ നിർമാണം,
വിവിധയിനം പശുക്കളുടെ രൂപങ്ങൾ, തുടങ്ങിയവയായിരുന്നു ജില്ലയുടെ വിവിധ ബ്ലോക്കുകളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങൾ.
കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങൾ, തെയ്യം, ഗരുഡൻ തൂക്കം , മയിലാട്ടം, തുടങ്ങിയവ ഘോഷയാത്രക്ക് മാറ്റു കൂട്ടി.
ചെണ്ട മേളം, നാസിക് ദോൾ, ബാൻഡ് സെറ്റ് എന്നിവ താളലയമൊരുക്കി. ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നായി ആയിരക്കണക്കിന് ക്ഷീരകർഷകർ പങ്കെടുത്തു.