സംസ്ഥാന ക്ഷീരകര്‍ഷകസംഗമം-പടവ് 2024

കേരളം ക്ഷീരകര്‍ഷകസൗഹൃദ സംസ്ഥാനമായി: മന്ത്രി ജെ. ചിഞ്ചുറാണി.

കൃത്രിമ ബീജാദാനത്തിന് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും
ക്ഷീരകര്‍ഷകര്‍ക്ക് പലിശരഹിത വായ്പ പദ്ധതി ഉടന്‍
ക്ഷീരലയം പദ്ധതി വിപുലമാക്കും
ഇടുക്കിക്ക് മൂന്ന് പുതിയ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകള്‍
ക്ഷീരസഹകാരി അവാര്‍ഡുകള്‍ വിതരണം ചെയ്തു

  ക്ഷീരമേഖലയില്‍ സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകള്‍ കേരളത്തെ ക്ഷീരകര്‍ഷക സൗഹൃദസംസ്ഥാനമായി  രൂപാന്തരപ്പെടുത്താന്‍ സഹായിച്ചുവെന്ന് ക്ഷീരവികസന, മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അണക്കരയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷകസംഗമം-പടവ് 2024 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
     തൊഴിലവസരങ്ങളിലൂടെ നമ്മുടെ നാട്ടില്‍ മികച്ച ഉപജീവന അന്തരീക്ഷം സൃഷ്ടിക്കുന്ന മേഖലയായി പശുവളര്‍ത്തല്‍ രംഗം മാറുകയാണ്. കേരളത്തിലെ കാലിസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്ത്  നിന്നുണ്ടാകുന്നത്. കൃത്രിമ ബീജാദാനത്തിന് ലിംഗനിര്‍ണ്ണയം നടത്തിയ ബീജമാത്രകള്‍ ഉപയോഗിക്കുന്ന സെക്സ് സോര്‍ട്ടഡ് സെമന്‍ സാങ്കേതികവിദ്യ എല്ലാ ജില്ലകളിലും നടപ്പിലാക്കും. നിലവില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രമാണ് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്. ഏതുസമയത്തും വീട്ടുമുറ്റത്ത് സഹായമെത്തിക്കുന്ന സംവിധാനമാണ് വകുപ്പ് നടപ്പിലാക്കി വരുന്നത്. ഇതിനായി മൂന്ന് യൂണിറ്റുകള്‍ ഇടുക്കി ജില്ലയില്‍ നല്‍കിയിട്ടുണ്ട്. പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് 17 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. ഇതിനു പുറമെ പശുക്കളുടെ ആരോഗ്യ, ജനിതക പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന ഹെല്‍ത്ത് ടാഗുകള്‍ നല്‍കുന്നത് വഴി പശുപരിപാലനം കാര്യക്ഷമമാക്കാന്‍ കഴിയും. ഇതിനായി ഹെല്‍ത്ത് ടാഗ് വിതരണം വ്യാപകമാക്കാന്‍ പദ്ധതി ആവിഷ്‌കരിക്കും.
പരിപൂര്‍ണ്ണ പാല്‍ സംഭരണം ഉറപ്പു വരുത്തുന്നതിനായി മലപ്പുറം ജില്ലയില്‍ പാല്‍പ്പൊടി ഫാക്ടറി നിര്‍മാണം ദ്രുദഗതിയില്‍ പുരോഗമിച്ചു വരികയാണെന്നും ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഉല്‍പാദനക്ഷമതയില്‍ രാജ്യത്തു രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനത്തെ പശുക്കളുടെ ഉല്‍പാദനം കൂട്ടുന്നത് വഴി തന്നെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കും. ഇതിനു സഹായകമായ രീതിയില്‍ ഏറ്റവും ഗുണമേന്മയുള്ളതും സുരക്ഷിതവുമായ തീറ്റ ഉരുക്കള്‍ക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് കാലിത്തീറ്റ ബില്‍ പാസ്സാക്കിയിട്ടുള്ളത്. മായം കലര്‍ന്ന തീറ്റ വിതരണം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. പാല്‍ സംഭരണ സമയം 12 മണിക്കൂര്‍ ഇടവേള ഉള്ള രീതിയിലാക്കിയതു വഴി ഉല്‍പാദനത്തിലും ഉരുക്കളുടെ ആരോഗ്യത്തിലും മികവ് കണ്ടെത്താന്‍ സാധിച്ചു.

ഇടുക്കി ജില്ലയിലെ ഗ്രാമീണ മലയോരമേഖലകളില്‍ വെറ്ററിനറി സേവനം ഉറപ്പാക്കുന്നതിന് മൂന്ന് പുതിയ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകള്‍ സ്ഥാപിക്കും.  തോട്ടംമേഖലയിലെ  തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും അതിലുടെ അവരുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനുമായി ക്ഷീരലയം പദ്ധതി  നടപ്പിലാക്കും. കമ്മ്യൂണിറ്റി ക്യാറ്റില്‍ ഷെഡില്‍ 10 പശുക്കളെ ലയത്തിലുള്ള 10 പേര്‍ ചേര്‍ന്ന് വളര്‍ത്തുന്ന പദ്ധതിയാണ് ക്ഷീരലയം പദ്ധതി. ഇതിന്റെ ഭാഗമായി  മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ലയവുമായി ആലോചിച്ചു പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് ഫാം ആധുനികവത്കരണത്തിനും നവീകരണത്തിനുമായി ബാങ്ക് ലോണ്‍  എടുത്ത തുകയ്ക്ക് പൂര്‍ണ്ണമായും  പലിശ സര്‍ക്കാര്‍ ധനസഹായമായി നല്‍കുന്ന പലിശരഹിത വായ്പ പദ്ധതി ഉടന്‍ ആരംഭിക്കും. പാലുല്‍പാദനത്തില്‍  സംസ്ഥാനം സ്ഥിരത പുലര്‍ത്തിയത് സര്‍ക്കാര്‍ ഈ  മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. കേരളത്തിലെ  സങ്കരയിനം പശുക്കളുടെ പ്രതിദിന പാല്‍  ഉല്‍പാദനശേഷി10.22  ലിറ്ററാണ്. ഈ രംഗത്ത് രാജ്യത്ത് കേരളം രണ്ടാം  സ്ഥാനത്താണ്.  കേരളം സ്വീകരിച്ചു വരുന്ന പ്രജനനനയത്തിന്റെ ഒരു വിജയം കൂടിയാണ് ഇത്. ഏകദേശം 16000  ഉരുക്കളെ  സര്‍ക്കാര്‍ ധനസഹായത്തോടുകൂടി കര്‍ഷകര്‍ക്ക്  വിതരണം ചെയ്യുവാന്‍ സാധിച്ചിട്ടുണ്ട്.
ക്ഷീരസഹകരണ സംഘങ്ങളിലൂടെയുള്ള പാല്‍ സംഭരണത്തില്‍ റെക്കാര്‍ഡ്  വര്‍ദ്ധനവിനാണ് കഴിഞ്ഞ 2 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം സാക്ഷിയായത്.  2022-23 വര്‍ഷം പ്രതിദിനം 21.39 ലക്ഷം ലിറ്റര്‍ സംഭരിച്ചു. കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ 30 ശതമാനം പാല്‍  സംഭരണ വര്‍ദ്ധനവ്  കെവരിക്കുവാനായി എന്നത്  ഈ സര്‍ക്കാര്‍  വിവിധ വകുപ്പുകളിലൂടെയും ഏജന്‍സികളിലൂടെയും  നടത്തിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെയും ശാസ്ത്രീയമായ ഇടപെടലുകളുടെയും പരിണിത ഫലമാണ്.
കേരളത്തില്‍ ക്ഷീരവികസനരംഗത്ത് ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കി  പാലുല്പാദനത്തില്‍  സ്വയം  പര്യാപ്തത കൈവരിക്കുക, ഉല്‍പാദനച്ചെലവ്  കുറച്ച്  ആദായകരമായ  ക്ഷീരവൃത്തി  ഉറപ്പാക്കുക, ഉപഭോക്താക്കള്‍ക്ക്  ഗുണമേന്മയുള്ളതും സുരക്ഷിതവുമായ പാല്‍, പാലുല്‍പന്നങ്ങള്‍ ഉറപ്പാക്കുക, സംസ്ഥാനത്ത്  ഉല്‍പാദിപ്പിക്കുന്നതും  സംഭരിക്കുന്നതും സംസ്‌കരിക്കുന്നതും വിപണനം നടത്തുന്നതുമായ പാലിന്റെ  ഗുണനിലവാരം  ഉറപ്പാക്കുക, പാല്‍- പാലുല്‍പന്ന ഉപയോഗത്തിലൂടെ  ജനതയുടെ  ആരോഗ്യസംരക്ഷണം  ഉറപ്പാക്കുക, ക്ഷീരകര്‍ഷകരുടെ സാമൂഹിക സുരക്ഷ പദ്ധതികള്‍ ഏറ്റെടുത്ത്  നടപ്പിലാക്കുക എന്നീ ദൗത്യങ്ങള്‍ വിജയകരമായി സര്‍ക്കാര്‍ നടപ്പിലാക്കി  വരുന്നുണ്ട്.
അന്യസംസ്ഥാനത്ത്  നിന്നും മില്‍മ മേഖലാ യൂണിയനുകള്‍ ഇറക്കുമതി  ചെയ്യുന്ന പാലില്‍ ഗണ്യമായ  കുറവ്   രേഖപ്പെടുത്തിയെന്നത് ആഭ്യന്തര  പാലുല്‍പാദനത്തിലുണ്ടായ വര്‍ദ്ധനവാണ്.  2015-16 വര്‍ഷം ഏകദേശം 5.5  ലക്ഷം  ലിറ്റര്‍  പാല്‍ ഇറക്കുമതി  ചെയ്തിരുന്നുവെങ്കില്‍ നിലവില്‍ 2 മുതല്‍ 3 ലക്ഷം ലിറ്റര്‍ മാത്രമാണ് പാല്‍ ഇറക്കുമതി  ചെയ്യുന്നത്.
   ക്ഷീരകര്‍ഷകരുടെ സാമൂഹിക സുരക്ഷ  ഉറപ്പാക്കുന്നതിനും ഈ സര്‍ക്കാര്‍ പരിഗണന  നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍  ഇടപെടലുകള്‍ കൊണ്ട് കേവലം ഒരു  പെന്‍ഷന്‍  ബോര്‍ഡ് എന്നതിലുപരി ഒരു  ക്ഷേമനിധി ബോര്‍ഡ്  എന്ന  നിലയിലേയ്ക്ക്  ക്ഷീരകര്‍ഷക ക്ഷേമനിധി  ബോര്‍ഡിനെ ഉയര്‍ത്തുവാന്‍ സാധിച്ചു. തുടര്‍വര്‍ഷങ്ങളില്‍ കൂടുതല്‍ ക്ഷേമ പദ്ധതികള്‍  ബോര്‍ഡ് വഴി കര്‍ഷകരിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
  തരിശു ഭൂമിയില്‍ പുല്‍കൃഷി പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 3 വര്‍ഷങ്ങളിലായി 224  ഹെക്ടര്‍  തരിശു  ഭൂമിയില്‍ സര്‍ക്കാര്‍ ധനസഹായത്തോടു കൂടി തീറ്റപ്പുല്‍കൃഷി  പദ്ധതി  നടപ്പിലാക്കി. സംസ്ഥാനത്ത്  ഉത്പാദിപ്പിക്കുന്നതും ക്ഷീരസംഘങ്ങളില്‍  സംഭരണം നടത്തി സംസ്‌കരിക്കുന്നതും  ഉപഭോക്താക്കള്‍ക്ക്  വിപണിയില്‍ ലഭിക്കുന്നതുമായ പാലിന്റെ  ഭൗതിക, രാസ, അണുഗുണനിലവാരം  ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.  ഉപഭോക്താക്കള്‍ക്ക് ശുദ്ധവും ഗുണനിലവാരമുള്ളതുമായ പാല്‍ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി എന്‍.എ.ബി.എല്‍  അക്രെഡിറ്റേഷനോടു കൂടിയ സംസ്ഥാന ഡയറി  ലാബിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തി. പുതിയ തലമുറ  ഉരുക്കളെ  സംസ്ഥാനത്ത് തന്നെ  വളര്‍ത്തി എടുക്കുക എന്ന  ലക്ഷ്യത്തോടുകൂടി  വ്യക്തിഗത ഗുണഭോക്താക്കള്‍ക്കായി കൂടുതല്‍ കിടാരി   പാര്‍ക്കുകള്‍ സ്ഥാപിക്കും.
   കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതും വില്പന നടത്തുന്നതുമായ കാലിത്തീറ്റയുടെ ഗുണനിലവാരം  ഉറപ്പാക്കുക,  വിലനിയന്ത്രണം നടപ്പിലാക്കുക എന്ന  ലക്ഷ്യത്തോട് കൂടെ  ഈ  സര്‍ക്കാര്‍ കാലിത്തീറ്റ ആക്ട്  പ്രാബല്യത്തില്‍  കൊണ്ട്  വരാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇത്  നിയമസഭ അംഗീകരിച്ച്  നിയമനിര്‍മ്മാണത്തിനായുള്ള  നടപടികളിലാണ്.
  കേരളത്തിലെ ക്ഷീര സഹകരണ മേഖലയിലുള്ള അധിക പാല്‍ കൈകാര്യം ചെയ്യുന്നതിനായി 10 മെട്രിക് ടണ്‍ ശേഷിയുള്ള പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി മലപ്പുറം ജില്ലയില്‍ മൂര്‍ക്കനാട് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി . 131.03 കോടി രൂപ ആണ് ഇതിന്റെ പുതുക്കിയ നിര്‍മ്മാണ ചെലവ്. ഇതില്‍ 15 കോടി രൂപ സംസ്ഥാനസര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടാണ്. പ്ലാന്റിന്റെ നിര്‍മ്മാണം ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും.
   ക്ഷീരകര്‍ഷകരെയും അവരുടെ കുടുംബാംഗങ്ങളേയും കന്നുകാലികളെയും ഉള്‍പ്പെടുത്തി മെഡിക്കല്‍ പരിരക്ഷ വരെ ഉറപ്പാക്കിക്കൊണ്ട് ”ക്ഷീരസാന്ത്വനം” പദ്ധതിയ്ക്കായി 5 കോടി രൂപ വിനിയോഗിച്ചു കഴിഞ്ഞു. 2023-24 സാമ്പത്തിക വര്‍ഷം ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് ക്ഷീരസാന്ത്വനം പദ്ധതി നടപ്പിലാക്കുന്നത്. അതിന് സര്‍ക്കാര്‍ വിഹിതമായി 50 ലക്ഷം രൂപ വകയിരുത്തിട്ടുള്ളതില്‍ 26.5 ലക്ഷം രൂപ പദ്ധതിയ്ക്കായി വിനിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

യുവസംരഭകര്‍ ഈ മേഖലയിലേക്ക് ധാരാളമായി കടന്നു വരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു. കോവിഡും പ്രളയവും സൃഷ്ടിച്ച നാശനഷ്ടങ്ങളെ അതിജീവിച്ചുകൊണ്ട് ക്ഷീരോല്‍പാദനത്തില്‍ നമുക്ക് സ്വയം പര്യാപ്തതക്ക് അടുത്തെത്താന്‍ സാധിച്ചത് വലിയ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ് പദ്ധതി വിശദീകരണം നടത്തി. പരിപാടിയില്‍ ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു.

സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരകര്‍ഷകനുള്ള ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന ക്ഷീരസഹകാരി അവാര്‍ഡ് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയില്‍ നിന്നും തൊടുപുഴ കുറുമുള്ളാനിയില്‍ ഷൈന്‍ കെ ബി ഏറ്റുവാങ്ങി.

ആപ്‌കോസ് വിഭാഗത്തില്‍  മികച്ച ക്ഷീര സംഘത്തിനുള്ള ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ്  കോഴിക്കോട് ജില്ലയിലെ മൈക്കാവ് ക്ഷീരോല്പാദക സഹകരണ സംഘം കരസ്ഥമാക്കി. നോണ്‍ ആപ്‌കോസ് വിഭാഗത്തില്‍ ഈ പുരസ്‌കാരം ഇടുക്കി ജില്ലയിലെ ലക്ഷ്മി മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സഹകരണ സംഘം നേടി.
വിവിധ വിഭാഗങ്ങളിലുള്ള മാധ്യമ അവാര്‍ഡുകള്‍ ക്ഷീര സംഗമത്തില്‍ വച്ച് വിതരണം ചെയ്തു. പി സുരേശന്‍ (ദേശാഭിമാനി), നോബിള്‍ ജോസ് (മാതൃഭൂമി), അനില്‍ വള്ളിക്കാട്, ശ്രീകാന്ത് കെ മാനന്തവാടി, ബി എല്‍ അരുണ്‍ (മനോരമ ന്യൂസ്), ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, അരുണ്‍ കുമാര്‍ വയനാട്, സിബു കെ ബി (മലയാള മനോരമ) എന്നിവര്‍ പുരസ്‌കാരങ്ങള്‍  ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് കുരുവിള ഉദ്ഘാടം ചെയ്തു.

മില്‍മ ചെയര്‍മാന്‍ കെ എസ് മണി, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി പി ഉണ്ണികൃഷ്ണന്‍, ഇ.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ എം ടി ജയന്‍, ടി.ആര്‍.സി.എം.പി.യു ചെയര്‍പേഴ്‌സണ്‍ മണി വിശ്വനാഥ്, ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം എന്നിവര്‍ സംസാരിച്ചു. കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ ആര്‍ രാംഗോപാല്‍, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് എം ഡി ഡോ.രാജീവ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, ഇ.ആര്‍.സി.എം.പി.യു ബോര്‍ഡ് അംഗം പോള്‍ മാത്യു, എം.ആര്‍.സി.എം.പി.യു ബോര്‍ഡ് അംഗം പി പി നാരായണന്‍, കെ സലിം കുമാര്‍ എന്നിവര്‍ സന്നിഹിതരായി. പരിപാടിയില്‍ കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍ സ്വാഗതവും ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് നന്ദിയും പറഞ്ഞു.
ഉദ്ഘാടന യോഗത്തിന് ശേഷം മൃഗപരിപാലനത്തിലെ പരമ്പരാഗത ചികിത്സ രീതികള്‍ എന്ന വിഷയത്തില്‍ മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല അസോ. പ്രൊഫസര്‍ ഡോ.  സുരേഷ് എന്‍ നായര്‍ സെമിനാര്‍ അവതരിപ്പിച്ചു. ഉച്ചക്ക് ശേഷം ക്ഷീരകര്‍ഷകരായ കോഴിക്കോട് സ്വദേശി ജിനേഷ് പി ബി, മലപ്പുറം സ്വദേശി ജംഷീര്‍ പി സി, വടശ്ശേരിക്കര സ്വദേശി റെയ്‌സണ്‍ ചാക്കോ, എറണാകുളം സ്വദേശി മോനു വര്‍ഗീസ് മാമന്‍, തൊടുപുഴ സ്വദേശി നിഷാ ബെന്നി എന്നിവര്‍ തങ്ങളുടെ വിജയഗാഥകള്‍ പങ്കുവെച്ചു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ക്ഷീരകര്‍ഷകര്‍ തങ്ങളുടെ ശാസ്ത്രീയ കണ്ടെത്തലുകളുടെ അവതരണം നടത്തി.

Leave a Reply

spot_img

Related articles

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....

മലകയറുന്നതിനിടെ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

ശബരിമല തീർത്ഥാടകരായ രണ്ടുപേർ മലകയറുന്നതിനിടെ മരിച്ചു. തമിഴ്നാട് സ്വദേശി ശിവാനന്ദം വിജയരംഗപിള്ള ആന്ധ്ര പ്രദേശ് സ്വദേശി അഡീഡം സന്യാസി രാജു എന്നിവരാണ് മരിച്ചത്. ഹൃദയാഘാതമാണ്...