പിറവം നഗരസഭ അധ്യക്ഷയായി യുഡിഎഫിലെ ജിൻസി രാജുവിനെ തെരഞ്ഞെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കി.
ഇതോടെ എൽഡിഎഫിലെ ജൂലി സാബു വിജയിയാകും. കഴിഞ്ഞ 31 ന് നടന്ന നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർത്ഥികൾക്കും തുല്യ വോട്ടു വന്നു. നറുക്കെടുപ്പിൽ തോറ്റ യുഡിഎഫ് സ്ഥാനാർഥി ജിൻസി രാജുവിനെ ജയിച്ചതായി പ്രഖ്യാപിച്ചെന്ന് ചൂണ്ടിക്കാട്ടി ജൂലി സാബുവാണ് കോടതിയെ സമീപിച്ചത്.
ചട്ട പ്രകാരം രണ്ട് സ്ഥാനാർത്ഥികൾക്കും വോട്ടുകൾ തുല്യമായി വരുന്ന സന്ദർഭത്തിൽ നറുക്കെടുപ്പ് നടത്തി ആരുടെ പേരാണോ ആദ്യം നറുക്കെടുക്കപ്പെടുന്നത് ആ ആളെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖാപിക്കണം.
പിറവം നഗരസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ അഡ്വ. ജൂലി സാബുവിൻ്റെ പേരാണ് നറുക്കെടുത്തത്. എന്നാൽ പാത്രത്തിൽ അവശേഷിച്ച കുറിപ്പടിയിലെ പേരുകാരിയായ ജിൻസി രാജുവിനെ വരണാധികാരി വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.