നേമത്ത് വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: അക്യുപങ്ചര്‍ ചികിത്സകന് കസ്റ്റഡിയിൽ.
നേമത്ത് വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകന് വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീൻ പോലീസ് കസ്റ്റഡിയിൽ.
എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ നേമം സ്റ്റേഷനിലെത്തിച്ചു
ബീമാപള്ളിയിൽ ക്ലിനിക്ക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശിയായ ശിഹാബുദ്ദീൻ, ഷമീറയെ അക്യുപങ്ചർ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെന്ന് നേരത്തെ പോലീസിന് വിവരമുണ്ടായിരുന്നു.
പാലക്കാടുള്ള വ്യാജ സിദ്ധൻ്റെ ശിഷ്യനാണ് ഇയാൾ എന്നാണ് സൂചന.
പ്രസവം എടുക്കുന്നതിന് ശരിയായ പരിചരണം ലഭിക്കാതിരുന്നത് യുവതിയുടെ മരണത്തിലേക്ക് നയിച്ചെന്നാണ് വിവരം.
ചൊവ്വാഴ്ചയായിരുന്നു വീട്ടിൽ നടന്ന പ്രസവത്തിനിടയിൽ പുത്തൻ പീടികയിൽ കുഞ്ഞിമരയ്ക്കാർ, ഫാത്തിമബീവി ദമ്പതിമാരുടെ മകൾ ഷമീറ (36)യും നവജാത ശിശുവും മരിച്ചത്.
സംഭവത്തിൽ, ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽത്തന്നെ പ്രസവം നടത്താൻ പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഷമീറയുടെ ഭർത്താവ് നയാസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.