ഡോ.ടൈറ്റസ് പി. വർഗീസ്
കൗമാരം പ്രണയിക്കുമ്പോള്‍
ഒന്ന്-
ദിയ വയസ്സ് 14, സി. ബി. എസ്. ഇ. സിലബസ്സില്‍ സിറ്റിയിലെ ഒന്നാന്തരം സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി. കാണാന്‍ കൊച്ചുസുന്ദരി. സംസാരം ലേശം കൂടുതലാണ് എന്നതൊഴിച്ചാല്‍ ശത്രുക്കള്‍ (അയല്‍ക്കാര്‍)ക്കുപോലും പരാതികളില്ല.
ബാങ്കുദ്യോഗസ്ഥനായ ദിയയുടെ അച്ഛന്‍ ബാലുവിന് ഏതു ഗതികെട്ട നേരത്താണോ വീടിന്‍റെ ഫ്ളോര്‍ പഴയ മാര്‍ബിള്‍ മാറ്റി ഗ്രാനൈറ്റിടാന്‍ തോന്നിയേ!
ഒടുക്കത്തെ ആ ഗ്രാനൈറ്റിടലാണ് ആ കുടുംബത്തിന്‍റെ മൊത്തം സമാധാനോം കളഞ്ഞത്!
ദീര്‍ഘിപ്പിക്കുന്നില്ല, ഗ്രാനൈറ്റിടാന്‍ വന്ന മെയിന്‍ ‘കണ്‍ട്രാവീടെ’ ശിങ്കിടിയായി വന്ന പയ്യന്‍റേം വീട്ടുടമയുടെ മകള്‍ ദിയയുടേം ഇളംഹാര്‍ട്ടുകള്‍ തമ്മീ എക്സ്ചേഞ്ച് നടന്നോണ്ടിരുന്നത് ആരുമറിഞ്ഞില്ല.
പറയാന്‍ മറന്നു.
പയ്യന് പ്രായം 17. പേര് സച്ചു.
സിക്സ് പായ്ക്ക് മസിലോ ഫോട്ടോജെനിക് മുഖമോ ഒന്നും ഈ ടീനേജ് റോമിയോക്കില്ല!
അതുകൊണ്ടാവാം കാര്യമായ ‘ലുക്കൊ’ന്നുമില്ലാത്ത പാവം സച്ചുവിനെ ആരും മൈന്‍ഡുചെയ്തില്ല….!
അതാവട്ടെ അവന് സഹായകരവുമായി!
സംഗതി ഒളിച്ചോട്ടത്തീ കലാശിച്ചു എന്നത് പ്രത്യേകം പറയേണ്ടല്ലോ.
ഒടുവില്‍ കുറച്ചകലെയുള്ള ടൗണിലെ ലോഡ്ജില്‍നിന്നും പോലീസ് രണ്ടുപേരേം പൊക്കിയപ്പോഴും ദിയയ്ക്കോ സച്ചുവിനോ യാതൊരു കൂസലും ഉണ്ടായിരുന്നില്ല.
പോലീസുകാരടെ മുന്നീവച്ച് സ്വന്തം അച്ഛന്‍റേം അമ്മേടേം മുഖത്തുനോക്കി ‘നിങ്ങളെന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല’ന്നൊക്കെ ഒറ്റയടിക്ക് പറഞ്ഞപ്പോ ലോക്കപ്പീ കെടന്നവര് വരെ ഞെട്ടി!
അപ്പോഴപ്പോഴെറങ്ങുന്ന പുത്തന്‍ ഫാഷനിലെ ഡ്രസ്സുകളും ആഭരണങ്ങളും എന്നുവേണ്ട അപ്ഡേറ്റഡ് സ്റ്റൈലിലുള്ള നെയില്‍പോളീഷുവരെ മേടിച്ചുകൊടുക്കുന്ന തന്തയ്ക്കും തള്ളയ്ക്കും ഹാര്‍ട്ടറ്റായ്ക്കൊണ്ടാക്കണ വര്‍ത്തമാനമാരുന്നു അന്ന് ആ പതിന്നാലുകാരി പോലീസ് സ്റ്റേഷനില്‍ കാഴ്ചവച്ചത്!
ആര് ആരെ കുറ്റപ്പെടുത്തണം എന്നറിയാതെ കാഴ്ചക്കാരൊക്കെ അവിടെ സ്തംഭിച്ചുനിന്നു.
രണ്ട്-
ഫാഷന്‍സ്കൂളിലെ ബ്യൂട്ടീക്യൂനായിരുന്നു ഐറിന്‍.
അല്പസ്വല്പം വരയും പാട്ടുമൊക്കെ കക്ഷിക്ക് പാരമ്പര്യമായി കിട്ടിയിരുന്നു.
മൂന്നുമക്കളില്‍ മൂത്തവളായിരുന്നു അവള്‍.
ഗ്രാമത്തില്‍നിന്ന് സിറ്റിയില്‍ വന്ന് താമസിക്കുന്ന ചില കൗമാരക്കാര്‍ക്കെങ്കിലും സംഭവിക്കുന്ന അല്ലറചില്ലറ സൗഹൃദങ്ങള്‍ അവള്‍ക്കുമുണ്ടായി.
പക്ഷേ, വെറും പതിനേഴുകാരിയായ അവള്‍ നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറുമായി അടുപ്പത്തിലായത് ഞെട്ടലോടെയായിരുന്നു കൂട്ടുകാരും വീട്ടുകാരുമൊക്കെ തിരിച്ചറിഞ്ഞത്.
ഒളിച്ചോട്ടം, പഠിത്തം മുടങ്ങല്‍, കാമുകനെ കൈകാര്യം ചെയ്യല്‍ എന്നിങ്ങനെയുള്ള പതിവു കലാപരിപാടികളെല്ലാം ഐറിന്‍റെ കാര്യത്തിലുമുണ്ടായി.
ഇന്നും ആ കര്‍ഷക കുടുംബത്തിന്‍റെ കണ്ണീര് അവളെയോര്‍ത്ത് ഒഴുകുന്നുണ്ട്.
വീടുവിട്ട് പുറത്തിറങ്ങാന്‍ കൂട്ടാക്കാത്ത ഐറിനെ എങ്ങനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്നോര്‍ത്ത് ഇപ്പോഴും ആ കുടുംബം തേങ്ങുകയാണ്.
കൗമാരക്കാര്‍ കൊഴപ്പക്കാരോ?
കൗമാരക്കാര് കംപ്ലീറ്റ് കൊഴപ്പക്കാരാണോ?
ചാടിക്കേറി ‘അതേ’ എന്നുപറഞ്ഞ് വിഴുപ്പലക്കുന്നതാ ഇപ്പോഴത്തെ ഒരു രീതി!
അഥവാ അങ്ങനാണെങ്കീത്തന്നെ നമ്മളൊക്കെയല്ലേ അതിനുത്തരവാദികള്‍?
ദേണ്ട് കെടക്ക്ണ്!
സംസാരം ഈ വഴിക്കാവുമ്പോ നമ്മള് പിന്നേം പ്ലേറ്റ് മാറ്റും!
എന്നിട്ട് ഈയുള്ളവനുള്‍പ്പെടെയുള്ള മനശ്ശാസ്ത്രവര്‍ഗ്ഗം പതിവായി ചെയ്യുന്നപോലെ ഇന്‍റര്‍നെറ്റിനേം മൊബൈല്‍ഫോണിനേം ചുമ്മാ തെറിപറയും!
ഹോ ഹെന്‍റമ്മോ! തോറ്റുപോത്തേയുള്ളൂ…..!
സംഗതി കലാത്മകം
ഒക്കെയവിടെ നിക്കട്ടെ,
ഇപ്പോഴത്തെ നമ്മുടെ പ്രോബ്ലം കൗമാരപ്രേമമാണ്. (ആണോ? ആര്‍ക്കറിയാം!)
‘ടീനേജ് ലവ്’ അതൊരു മഹാസംഭവാ മച്ചൂ…..!
മലയാളമുള്‍പ്പടെയുള്ള ഒട്ടുമിക്ക ഭാഷകളിലേം എക്കാലത്തേം സൂപ്പര്‍ഹിറ്റ് സിനിമകളുടെ തീം കൗമാരപ്രണയമാരുന്നു.
കഥേം കവിതേം എന്നുവേണ്ട പല വിശ്വോത്തര നോവലുകള്‍വരെ പിടിച്ചുനിന്നത് അതിലെ കൗമാരപ്രേമത്തിന്‍റെ എലിമെന്‍റിലായിരുന്നു….!
ഇപ്പോഴും ഏതാണ്ട് അങ്ങനൊക്കെത്തന്നെ….!
പക്ഷേ റീയല്‍ ലൈഫിന്‍റെ കാര്യം വരുമ്പോ എല്ലാരുമെന്താ ഇതിനെ തീരയങ്ങ് ‘പുജ്ഞ’ത്തോടെ കാണുന്നേ….?
തീര്‍ച്ചയായും എന്തേലും കാരണമൊണ്ടാവണമല്ലോ….
ഒറ്റവാക്കീപ്പറഞ്ഞാ കൗമാരപ്രേമം, ചുമ്മാ പ്രേമിക്കാനേ കൊള്ളൂ ജീവിക്കാന്‍ ഉപകരിക്കില്ല.
എന്നുവെച്ച് ഇതിനെയൊക്കെ ഒറ്റയടിക്കങ്ങ് തള്ളിപ്പറഞ്ഞാ ജീവിതം ‘ഡ്രൈ’യായിപ്പോകും എന്നു പറയുന്നവരും നമ്മുടെ നാട്ടീത്തന്നെയുണ്ട്.
‘കഥയോ കവിതയോ ഭാഗ്യമൊണ്ടേല്‍ ഒരു സിനിമയ്ക്കു തിരക്കഥയോ എഴുതാന്‍വേണ്ടി ലൈഫ്കൊണ്ട് കൊളമാക്കണോ മച്ചൂ’ എന്നു വാദിക്കുന്ന അക്ഷരവിരോധികളും ഇവര്‍ക്കിടയിലുണ്ട് എന്നത് മറന്നുകൂടാ.
‘കിഴിഞ്ഞ്’ ചിന്തിക്കുമ്പോള്‍ പ്രണയത്തിലേക്ക് കൂപ്പുകുത്തി വീഴുന്ന മിക്ക കുട്ടികളും ഒരുതരം അന്യതാബോധം അനുഭവിക്കുന്ന കണ്‍ഫ്യൂഷനിലായവരാണ്.
പൂട്ടിക്കെട്ടി പുറത്തിറക്കാതെ, ആണ്‍പിള്ളേരോട് മിണ്ടാനോ തമാശപറയാനോ അനുവാദമില്ലാതെ വളര്‍ത്തപ്പെടുന്നവരാണ് ഒളിച്ചോട്ടക്കഥകളിലെ മിക്ക കൗമാരനായികമാരും!
അപ്പോപ്പിന്നെ ആദ്യമായി മിണ്ടുന്ന ‘ചെറുക്കനെ’ അവര് പ്രേമിച്ചെന്നിരിക്കും, എന്തെങ്കിലുമൊക്കെ സംഭവിച്ചെന്നുമിരിക്കും.
ആണ്‍പിള്ളേരെടെ കാര്യത്തിലും സംഗതി ഏതാണ്ട് ഇങ്ങനൊക്കെത്തന്നെ.
വീട്ടില്‍ വിലയില്ലാതെ വളര്‍ത്തപ്പെടുന്ന കുട്ടികള്‍ ആരുടെയെങ്കിലുമൊക്കെ മനസ്സുകളില്‍ ചേക്കേറി സ്ഥാനംപിടിക്കാന്‍ ശ്രമിക്കുന്ന ‘പ്രതിഭാസ’വും ഇതിനോട് ചെര്‍ത്ത് വായിക്കാവുന്നതാണ്.
അച്ഛന്‍റെ സംരക്ഷണവും കരുതലും സാമീപ്യവും കിട്ടാതെ വളരുന്ന പെണ്‍കുട്ടിയും, അമ്മയുടെ സ്നേഹവായ്പുകളും തലോടലുകളും ഏറ്റുവാങ്ങാന്‍ ഭാഗ്യമില്ലാതെപോയ ആണ്‍കുട്ടിയുമാണ് കൗമാരത്തില്‍ തീവ്രമായ പ്രണയത്തിലേക്കു വീഴുന്നതത്രേ.
മാതാപിതാക്കളുടെ ഭാഗത്തുനിന്നുമുള്ള സ്നേഹനഷ്ടം, കാമുകീടെയും കാമുകന്‍റേം സ്നേഹംകൊണ്ട് പരിഹസിക്കാനുള്ള ഉപബോധ മനസ്സിന്‍റെ ശ്രമമായും ഇതിനെ വ്യാഖ്യാനിക്കാറുണ്ട്.
ചികിത്സ (?)
ചികിത്സിക്കാന്‍ കൗമാരപ്രേമം ഒരു രോഗമൊന്നുമല്ല.
പക്ഷേ, അനിയന്ത്രിതമാണ് കൗമാരക്കാരുടെ പ്രണയവാസനയെങ്കില്‍ ചികിത്സിക്കേണ്ടതുണ്ട് എന്നത് ഒരു സാമാന്യ ചിന്തയാണ്.
മുകളില്‍ പറഞ്ഞിരിക്കുന്ന തരത്തിലുള്ള മാതൃപിതൃതലങ്ങളിലുള്ള സ്നേഹനഷ്ടങ്ങളും മറ്റ് നഷ്ടബോധാനുഭവങ്ങളും ഇളം മനസ്സുകളെയും ജീവിതങ്ങളെയും സ്വാധീനിച്ചിട്ടുണ്ടാവും.
സങ്കടകരമായ അനുഭവങ്ങളുടെ ലിസ്റ്റില്‍ പെടുത്താവുന്ന ഇത്തരം വിഷാദസംഭവങ്ങളുടെ സ്വാധീനം (ഓര്‍മ്മയല്ല) മരുന്നോ ഷോക്കോ ഹിപ്നോട്ടിസമോ ഉപദേശങ്ങളോ കൂടാതെ വിവിധ തെറപ്പികളിലൂടെ ‘ഡികോഡ്’ ചെയ്തു മാറ്റുമ്പോള്‍ അമിതമായ ഇത്തരം പ്രേമസ്വഭാവരീതികള്‍ പൂര്‍ണ്ണമായും മാറ്റപ്പെടുന്നതാണ്.