നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളി അറിയപ്പെടുന്നു.
ഉത്തരേന്ത്യയിലാണ് ഹോളി പ്രധാനമായി ആഘോഷിക്കുന്നത്.
ഇപ്പോള്‍ ദക്ഷിണേന്ത്യയിലും കൊണ്ടാടുന്നുണ്ട്.
ഈ ദിവസം പരസ്പരം നിറം പുരട്ടുന്നതിലൂടെ ശത്രുത ഇല്ലാതാകുമെന്നാണ് വിശ്വാസം.
ഫാല്‍ഗുനമാസത്തിലെ പൗര്‍ണമിയിലാണ് ഹോളിആഘോഷം.
പുരാണത്തിലെ ഹിരണ്യകശിപു എന്ന അസുരന്‍റെ സഹോദരിയായ ഹോളികയുമായി ഹോളിയുടെ ഐതിഹ്യം ബന്ധപ്പെട്ടിരിക്കുന്നു.
അസുരരാജാവായ ഹിരണ്യകശിപുവിന് സ്വന്തം പുത്രനായ പ്രഹ്ളാദന്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ഇഷ്ടമായിരുന്നില്ല.
തന്‍റെ ശരീരത്തെ അഗ്നി ബാധിക്കില്ല എന്നൊരു വരം ഹോളികക്ക് ലഭിച്ചിരുന്നു.
പ്രഹ്ളാദനെ വധിക്കാന്‍ അവനെയും കൊണ്ട് തീയിലിറങ്ങാന്‍ ഹിരണ്യകശിപു ഹോളികയോട് നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഒറ്റയ്ക്ക് തീയിലിറങ്ങിയാലേ ഹോളികക്ക് കിട്ടിയ വരമനുസരിച്ച് പൊള്ളലേല്‍ക്കാതിരിക്കുമായിരുന്നുള്ളൂവെന്നത് ആരും മനസ്സിലാക്കിയിരുന്നില്ല.
പ്രഹ്ളാദനെയും കൊണ്ട് തീയിലിറങ്ങിയ ഹോളിക വെന്തുമരിക്കുകയും പ്രഹ്ലാദന്‍ മഹാവിഷ്ണുവിന്‍റെ അനുഗ്രഹത്താല്‍ രക്ഷപ്പെടുകയും ചെയ്തു.
തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്‍റെ പ്രതീകമായി ഹോളികയുടെ കോലമുണ്ടാക്കി കത്തിക്കുന്ന പതിവും ഹോളിദിവസത്തിലുണ്ട്.
ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഹോളി ആഘോഷിക്കുന്നു.
വാട്ടര്‍ബലൂണ്‍, വാട്ടര്‍പിസ്റ്റല്‍ തുടങ്ങിയവ ഹോളിക്ക് നിറം കലക്കി ഒഴിക്കാന്‍ ഉപയോഗിക്കുന്നു.
നിറങ്ങള്‍ കലക്കി ഒഴിച്ച ശേഷം “ബുരാ ന മാനോ, ഹോളി ഹേ” (ഒന്നും വിചാരിക്കരുത്, ഹോളിയല്ലേ) എന്നു പറയുന്ന രീതിയുമുണ്ട്.
ഇപ്പോള്‍ അലര്‍ജി ഉണ്ടാകാതിരിക്കാന്‍ പ്രകൃത്യാ നിര്‍മ്മിക്കുന്ന നിറങ്ങള്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ.
മധുരപലഹാരങ്ങളും ഹോളിദിവസത്തില്‍ വിതരണം ചെയ്യുന്നു.