നമ്മുടെ പരിസരങ്ങളില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന തൊട്ടാവാടിയില്‍ ഏകദേശം ഇരുപതോളം ഇലകളുള്ള ചെറുശാഖകളാണുള്ളത്.
പടര്‍ന്നുവളരുന്ന ഈ സസ്യം ഒന്നര മീറ്റര്‍ വരെ നീളം വെയ്ക്കാറുണ്ട്.
മിമോസ പുഡിക എന്നാണ് ഇതിന്‍റെ ശാസ്ത്രനാമം.
ശത്രുക്കളില്‍ നിന്നും രക്ഷ നേടുന്നതിനാണ് തൊട്ടാവാടികള്‍ വാടുക, കൂമ്പുക തുടങ്ങിയ വിദ്യകള്‍ പ്രയോഗിക്കുന്നത്.
തൊട്ടാവാടിയുടെ ഇല തണ്ടിനോട് ചേരുന്ന ഭാഗം വീര്‍ത്താണിരിക്കുന്നത്.
ആ ഭാഗത്ത് കനം കുറഞ്ഞ കോശഭിത്തിയുള്ള ധാരാളം കോശങ്ങളുണ്ട്.
അവിടെയുള്ള വെള്ളം പുറത്തേക്കു പോയാല്‍ ആ ഭാഗം ഉള്ളിലേക്കു വലിയും.
തൊട്ടാവാടിയെ നമ്മള്‍ തൊടുമ്പോഴോ ചവിട്ടുമ്പോഴോ കോശങ്ങളിലെ വെള്ളം തണ്ടിലേക്കു കയറും.
അപ്പോള്‍ ഇലകള്‍ ചുരുളുന്നു.
പുഴുക്കളോ മഴവെള്ളമോ തട്ടിയാലും തൊട്ടാവാടി ഇങ്ങനെ പ്രതികരിക്കും.
ജലം തണ്ടിലേക്കു കയറുമ്പോള്‍ മര്‍ദ്ദം കുറയുന്നതു കാരണം ഇല കൂമ്പിപ്പോകുന്നു.
പിന്നീട് തണ്ടില്‍ കയറിയ വെള്ളം തിരിച്ച് കോശങ്ങളില്‍ പ്രവേശിക്കുന്നു.
അപ്പോള്‍ ഇലകളിലെ മര്‍ദ്ദം കൂടുന്നു.
അങ്ങനെ ഇലകള്‍ വിടരുന്നു.
ഇലകള്‍ വീണ്ടും വിടരാന്‍ ഏകദേശം ഒരു മണിക്കൂറെടുക്കും.
പലതരം അലര്‍ജികള്‍ക്കും നല്ലൊരു ഔഷധമാണ് തൊട്ടാവാടി.
മുറിവുണങ്ങാനും വിഷജന്തുക്കളുടെ കടി മൂലമുണ്ടാകുന്ന രക്തസ്രാവം നിലയ്ക്കാനും തൊട്ടാവാടി അരച്ചിടാറുണ്ട്.