സ്വപ്നം കാണാത്തവരായി ആരുമുണ്ടാവില്ല.
ചിലപ്പോള്‍ ആ സ്വപ്നമെന്താണെന്ന് നമുക്ക് പറയാന്‍ കഴിയും.
ചിലര്‍ക്ക് സ്വപ്നം ഓര്‍മ്മിച്ചെടുക്കാന്‍ സാധിക്കുകയുമില്ല.
എന്താണ് സ്വപ്നം, എന്തിനാണ് നമ്മള്‍ സ്വപ്നം കാണുന്നത് എന്നീ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ആര്‍ക്കുമറിയില്ല.
ഗാഢസുഷുപ്തിയില്‍ ഏര്‍പ്പെടുമ്പോള്‍ തലച്ചോറ് അതിന്‍റെ അബോധതലങ്ങളില്‍ പ്രവര്‍ത്തിച്ച് ഒരു പ്രത്യേക പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടിയുള്ള ചിന്തകള്‍ മെച്ചപ്പെടുത്താനായി ശ്രമിക്കുന്നു എന്നതിന്‍റെ അടയാളമാണ് സ്വപ്നം എന്നാണ് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നത്.
പല രീതിയിലൂടെ പല തലങ്ങളിലൂടെ തലച്ചോറ് അതിനായി ശ്രമിക്കുന്നു.
ഉറങ്ങുകയും സ്വപ്നം കാണുകയും ചെയ്യുന്നവര്‍ക്ക് ഓര്‍മ്മശക്തി മെച്ചപ്പെടുന്നതായി ഹാര്‍വാര്‍ഡിലെ ശാസ്ത്രജ്ഞരായ ഡോ.റോബര്‍ട്ട് സ്റ്റിക്ക്ഗോള്‍ഡും ഡോ.എറിന്‍വാംസ്ലിയും കണ്ടെത്തിയിരിക്കുന്നു.
ഏതാനും വ്യക്തികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
സ്വപ്നവും ഓര്‍മ്മശക്തിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇവര്‍ പറയുന്നു.
പുതിയൊരു കാര്യം പഠിക്കുന്നവര്‍ ക്ഷീണം തോന്നിയാല്‍ ഇടയ്ക്ക് ചെറുതായി ഒന്നു മയങ്ങുന്നത് നന്നായിരിക്കുമത്രേ.
ആ മയക്കത്തില്‍ സ്വപ്നം കണ്ടാല്‍ വളരെ നല്ലത്.
സ്വപ്നം കണ്ടുണരുന്നവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ കാര്യങ്ങള്‍ പഠിക്കാനും വേഗത്തില്‍ ജോലി ചെയ്തു തീര്‍ക്കാനും കഴിയും.