പ്രണയക്കുഴികൾ

ഡോ.ടൈറ്റസ് പി. വർഗീസ്


പത്തൊൻപതു വയസ്സുള്ള ഒരു പെൺകുട്ടിയാണ് ഞാൻ. ഞങ്ങൾ നാലു മക്കളാണ്. രണ്ട് ആണും, രണ്ടു പെണ്ണും. ഞാൻ മൂന്നാമത്തേതാണ്. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനാണ്. അമ്മ വീട്ടുകാര്യങ്ങൾ നോക്കുന്നു. നാലുവർഷം മുൻപ് പതിനഞ്ചുവയസ്സുള്ളപ്പോൾ ഉണ്ടായ ഒരു സംഭവം ഇപ്പോഴും എന്റെ മനസ്സിനെ വേട്ടയാടുകയാണ്.
അന്ന് ഞാൻ പത്താംക്ലാസ്സിലായിരുന്നു. സ്‌കൂളിനു മുൻപിലെ ബേക്കറിയിൽ ജോലി ചെയ്തിരുന്ന ആളിന്റെ ഒരു കൂട്ടുകാരനുമായി ഞാൻ അടുപ്പത്തിലായി. എന്റെ മതത്തിൽത്തന്നെ പെട്ടതാണെന്ന് തോന്നിയ്ക്കുന്ന പേരായിരുന്നു അവൻ പറഞ്ഞത്. ഇടയ്ക്കിടെ ഞങ്ങൾ കാണുമായിരുന്നു. എന്റെ ഒരു കൂട്ടുകാരിയ്ക്ക് മാത്രമായിരുന്നു ഇതേക്കുറിച്ച് അറിയാവുന്നത്. ആദ്യം പറഞ്ഞ ബേക്കറി ജോലിക്കാരനുമായി അവൾ പ്രേമത്തിലായിരുന്നു. ഒരുദിവസം എന്നോട് തനിച്ച് എന്തോ സംസാരിയ്ക്കാനുണ്ടെന്നു പറഞ്ഞ് എന്റെ കാമുകൻ ടൗണിന്റെ ഒരു ഭാഗത്തേയ്ക്ക് എന്നെ വിളിപ്പിച്ചു. അന്ന് കൂട്ടുകാരിയില്ലാതെ ഞാൻ ഒറ്റയ്ക്കായിരുന്നു പോയത്. ഞാനും അവനും സംസാരിച്ചുകൊണ്ടു നില്‌ക്കേ പെട്ടെന്ന് ഒരു കാറുവന്നു നിന്നു. അവന്റെ കൂട്ടുകാരനാണെന്നും മറ്റൊരിടത്ത് സ്വസ്ഥമായി ഇരുന്ന് സംസാരിയ്ക്കാമെന്നുംപറഞ്ഞ് അവൻ എന്നെ കാറിൽ കയറ്റി. കുറേ ദൂരം പോയിക്കഴിഞ്ഞപ്പോഴാണ് ഞാൻ ചതിയ്ക്കപ്പെട്ടുവെന്ന് എനിക്ക് മനസ്സിലായത്. വളരെ അകലെയുള്ള ഒരു ഒഴിഞ്ഞ കെട്ടിടത്തിലേക്കാണ് അവർ എന്നെ കൊണ്ടുപോയത്. അവിടെ എത്തിയപ്പോഴേയ്ക്കും രാത്രിയായിരുന്നു. വഴിയിൽ ഞാൻ ഒച്ചവെച്ചപ്പോൾ അവൻ എന്റെ വായ് പൊത്തിപ്പിടിച്ചു. എന്നെ മയക്കാനായി ഏതോ മരുന്നു തളിച്ച തുണി എന്റെ മൂക്കിൽ അവൻ ചേർത്തുവെച്ചിരുന്നു. സ്ഥലമറിയാതെ ഒരു വിവരവും മാതാപിതാക്കളെ അറിയിക്കാൻ കഴിയാതെ മൂന്നുദിവസം ആ കെട്ടിടത്തിലെ ചെറിയ മുറിയിൽ എന്നേപ്പോലുള്ള മൂന്നാല് പെൺകുട്ടികൾക്കൊപ്പം എന്നെയും പൂട്ടിയിട്ടു. അവിടെനിന്നും ഒരവസരം കിട്ടിയപ്പോൾ ഞാൻ പുറത്തുചാടി കാടുപിടിച്ച ഒരു സ്ഥലത്തുകൂടി രാത്രി മുഴുവൻ നടന്ന് തെളിച്ചമുള്ള ഒരിടത്ത് രാവിലെ എത്തിച്ചേർന്നു. ബൂത്തിൽനിന്നും ഫോൺചെയ്ത് വീട്ടിൽ വിവരം പറഞ്ഞു. എല്ലാവരും കൂടി വന്ന് എന്നെ കൂട്ടിക്കൊണ്ട് പോലീസ് സ്റ്റേഷനിൽ കേസ് കൊടുപ്പിച്ചു. എന്റെ കാമുകനെ വളരെ പണിപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തു. ശരിക്കും അന്യമതത്തിൽപ്പെട്ട അവൻ പറഞ്ഞതുമുഴുവൻ (പേരുൾപ്പെടെ) നുണകളായിരുന്നു. എന്തായാലും ഒന്നരമാസത്തോളം അവൻ പോലീസ് കസ്റ്റഡിയിൽ ആയിരുന്നെങ്കിലും കേസ് തേഞ്ഞുമാഞ്ഞുപോയി
ഇതുപോലെയുള്ള വാർത്തകൾ ഇപ്പോഴും പത്രങ്ങളിൽ വരുമ്പോൾ ഞാൻ വല്ലാതെ പേടിച്ചുപോകാറുണ്ട്.
ലൈംഗികമായി എന്നെ ഒരിക്കലും ചൂഷണം ചെയ്തില്ല എന്നതുമാത്രമാണ് ആശ്വാസം. പക്ഷേ, ആ ഭയം എന്നെ ഇപ്പോഴും വേട്ടയാടുകയാണ്. അടുത്തയിടെ എന്നെ ഇഷ്ടമാണെന്ന് ഒരു പയ്യൻ പറഞ്ഞപ്പോൾ ഞാൻ വല്ലാതെ ഷോക്ക്ഡ് ആയിപ്പോയി. വിവാഹത്തെക്കുറിച്ചോ പുരുഷന്മാരെക്കുറിച്ചോ ചിന്തിയ്ക്കുമ്പോൾ പോലും എനിക്കിപ്പോൾ ടെൻഷനാണ്. പഴയ കാര്യങ്ങൾ ഓർമ്മവരും. എനിക്ക് ഇനി ഒരു സാധാരണ കുട്ടിയെപ്പോലെ വിവാഹം കഴിച്ചു ജീവിയ്ക്കാനാവുമോ? അഥവാ കഴിച്ചാൽ വിജയിക്കുമോ? സത്യത്തിൽ ഇപ്പോൾ ഒന്നിലും താത്പര്യമില്ലാത്ത അവസ്ഥയിലാണ്. ഇടയ്ക്ക് വിഷാദരോഗംപോലെ വന്നിരുന്നു. വീട്ടുകാർ ഒരു സൈക്യാട്രിസ്റ്റിന്റെയടുത്ത് കൊണ്ടുപോയിരുന്നു. കുറേ മരുന്നു കഴിച്ചു. ഇടയ്ക്ക് നിർത്തി. ഇപ്പോൾ ഉത്ക്കണ്ഠയാണ് എന്റെ പ്രശ്‌നം. എന്താണ് ചെയ്യേണ്ടതെന്ന് വിശദീകരിയ്ക്കുമല്ലോ.
ദുഃഖിതയായ ഒരു പെൺകുട്ടി.


പേര് വെളിപ്പെടുത്താത്ത ഈ കത്തിലെ വിവാദമായേക്കാവുന്ന വിഷയങ്ങളിലേക്ക് തൽക്കാലം കടക്കുന്നില്ല. അതിനെയെല്ലാം കൂടിച്ചേർത്ത് ആധുനികകാലത്തെ പ്രസിദ്ധനായ ഒരു തത്ത്വജ്ഞാനി പറഞ്ഞ വാചകമാണ് എഴുതാൻ തോന്നുന്നത്.
‘മതങ്ങൾ ജനിയ്ക്കും മുൻപേ ഭൂമിയുടെ പേര് സ്വർഗ്ഗം എന്നായിരുന്നു.’
എന്തായാലും ഒരു അപസർപ്പക കഥയെപ്പോലും വെല്ലുന്ന സംഭവങ്ങളിലൂടെ കടുത്ത ഒരു മാനസികരോഗിയോ പീഡന പരമ്പരകളുടെ ഇരയോ ആവാതിരുന്നത് താങ്കളുടെ ഭാഗ്യമായി കരുതുക. മാതാപിതാക്കളുടെ പുണ്യവും.
പ്രായത്തിന്റെ പ്രസരിപ്പിൽ എതിർലിംഗത്തിൽപ്പെട്ടവരോട് മിണ്ടാനും ഇഷ്ടംകൂടാനുമൊക്കെ തോന്നുന്നത് സ്വാഭാവികം. പക്ഷേ, ക്ലാസ്സിന്റെയും സ്‌കൂളിന്റെയുമൊക്കെ ചുവരുകൾക്കപ്പുറത്തേയ്ക്ക് ആ കൗതുകം പറന്നുയരുമ്പോൾ ചിറകറ്റുപോകുന്നത് സ്വന്തം ജീവിതത്തിന്റെ സ്വപ്നങ്ങൾകൂടിയാണെന്നത് ഓർക്കാൻ കഴിഞ്ഞുവെന്നുവരില്ല ആ സമയത്ത്.
ഈ കത്ത് മുന്നറിയിപ്പാകേണ്ടത്, നമ്മുടെ നാട്ടിലെ മാതാപിതാക്കൾക്കാണ്. കപട സദാചാരത്തിന്റെയും വ്യാജ മതതീഷ്ണതയുടെയും പേരുപറഞ്ഞ് അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിയ്ക്കുന്ന മതനേതാക്കൾ നിഷ്‌ക്കളങ്കവും വിശുദ്ധവുമായ ജീവിതം നയിക്കുവാൻ സ്വയം ശ്രദ്ധിയ്ക്കുകയോ അനുയായികളെ ഉദ്‌ബോധിപ്പിക്കുകയോ ചെയ്യാറില്ല. ഇത്തരക്കാരുടെ ‘ഹിഡൻ അജൻഡ’കളിൽ നമ്മുടെ പെൺമക്കളുടെ ജീവിതം കുരുങ്ങിപ്പോകാതിരിക്കുവാൻ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
കത്തെഴുതിയ കുട്ടിയോട് ഇനി ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ.
ചില ദുരന്തങ്ങൾ ഒരു കൊടുങ്കാറ്റുപോലെ വന്നൊഴിഞ്ഞുപോയി എന്നു കരുതുന്നതാണ് ജീവിതം മുന്നോട്ടു നയിക്കാൻ നല്ലത്. താങ്കളുടെ ജീവിത സാഹചര്യവും ചുറ്റുപാടുകളുമൊക്കെയാണ് ഇത്തരം ഒരു ബന്ധത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചത്. ഉദ്യോഗസ്ഥനായ അച്ഛന്റെ സാന്നിദ്ധ്യവും സഹകരണവും വേണ്ടുംവണ്ണം ലഭിക്കാതെപോയ ഒരു ബാല്യം ഉപബോധതലത്തിൽ താങ്കളെ വേട്ടയാടുന്നുണ്ടാവാം. നഷ്ടപ്പെടലിന്റെയും വേർപാടിന്റെയുമൊക്കെ പിതൃഭാവങ്ങളാവാം ഒരു കാമുകന്റെ സമീപത്തേയ്ക്ക് താങ്കളെ എത്തിച്ചത്. അവന്റെ ഗൂഢലക്ഷ്യങ്ങൾക്ക് ഇരയാകേണ്ടിവന്ന സംഭവങ്ങളൊക്കെ മെല്ലെ മറക്കാൻ ശ്രമിക്കുക. ക്രിയാത്മകമായ എന്തെങ്കിലുമൊക്കെ ചെയ്യുന്നതും പഠിക്കാൻ ശ്രമിക്കുന്നതുമൊക്കെ നിങ്ങളിലെ പുതിയ വ്യക്തിയെ ഊർജ്ജസ്വലയാക്കും. ‘കാർമേഘങ്ങളില്ലാതെ മഴവില്ലുണ്ടാവില്ല’ എന്നു കേട്ടിട്ടില്ലേ? ജീവിതം അങ്ങനെയാണ്, നിഴലും വെളിച്ചവും കൂടിച്ചേരുമ്പോഴാണല്ലോ ഏതു ചിത്രത്തിനും മിഴിവു വർദ്ധിക്കുക.
ജീവിതം ഇനിയും ബാക്കി കിടക്കുകയാണ്. അനുഭവങ്ങളെ അധ്യാപകരാക്കി മുന്നേറാൻ ശ്രമിക്കൂ. ഇന്നലെകൾ കഴിഞ്ഞുപോയവയാണ്. ഇങ്ങിനി അവയൊന്നും മടങ്ങിവരില്ല. പുരുഷൻ എന്നാൽ ചതിയ്ക്കുന്നവൻ എന്നർത്ഥമാക്കേണ്ടതില്ല. സ്‌നേഹിക്കാനും മനസ്സിലാക്കാനും ശേഷിയുള്ള ഒരുപാട് നല്ലവർ ഇനിയും ഈ ലോകത്ത് അവശേഷിച്ചിട്ടുണ്ട്.
പിന്നെ, കഴിഞ്ഞകാല ജീവിതത്തിന്റെ മുറിവുകൾ താങ്കളെ തീവ്രമായി മുറിപ്പെടുത്തുന്നുവെങ്കിൽ കഴിഞ്ഞകാല അനുഭവങ്ങളുടെ നോവും നൊമ്പരവും ‘ഡികോഡ്’ ചെയ്തു മാറ്റുന്ന എച്ച്.ആർ.ടി പോലെയുള്ള ചികിത്സകൾ ചെയ്യുന്ന മനശ്ശാസ്ത്രജ്ഞന്മാരെ സമീപിക്കാവുന്നതാണ്.

Leave a Reply

spot_img

Related articles

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയാണ്...

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആര്‍...